പാലക്കാട് : കഞ്ചിക്കോട്ടെ പെപ്സി ഉത്പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു. ഉത്പ്പാദകരായ വരുണ്‍ ബീവറേജസ് ഇതുസംബന്ധിച്ച് സംസ്ഥാന തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും നോട്ടീസ് നല്കി കഴിഞ്ഞു. നോട്ടീസ് നല്കി തൊണ്ണൂറാം ദിവസം അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2000 ലാണ് പെപ്സി കമ്പനി കഞ്ചിക്കോട് പ്രവര്‍ത്തനം തുടങ്ങുന്നത്. 2019 ല്‍ പെപ്സിയുടെ രാജ്യത്തെ മുഴുവന്‍ യൂണിറ്റുകളും വരുണ്‍ ബിവറേജസ് എന്ന കമ്പനിക്ക് കൈമാറി. 2019 ജൂണിലാണ് കഞ്ചിക്കോട് യൂണിറ്റ് വരുണ്‍ ബീവറേജസ് ഏറ്റെടുക്കുന്നത്. ഉത്പ്പാദന കേന്ദ്രം ആരംഭിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് നിര്ത്തുന്ന്.
ഹോളി ആഘോഷവും കോവിഡും ഉള്‍പ്പെടെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതായി മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. 2000 ജൂണില്‍ തൊഴിലാളി കുടുംബങ്ങള്‍ വിട്ടുനല്‍കിയ 45 ഏക്കര്‍ ഭൂമി ഉപയോഗിച്ചാണ് കമ്പനി തുടങ്ങിയത്. 250 കരാര്‍ തൊഴിലാളികളും 110 മാനേജ്മെന്റ് തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമേ ലോറി ഡ്രൈവര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി 700 തൊഴിലാളികള്‍ കമ്പനിയെ ആശ്രയിച്ചു കഴിയുന്നുണ്ട്.
കമ്പനി അടച്ചുപൂട്ടുന്നതോടെ നാനൂറോളം ആളുകള്‍ക്കാണ് ജോലി ഇല്ലാതാകുന്നത്. ജീവനക്കാരുടെ കുടിശ്ശിക, നഷ്ടപരിഹാരം എന്നിവ നല്‍കുമെന്നും കമ്പനി മാനേജ്മെന്റ് നല്കിയ നോട്ടീസില്‍ പറയുന്നുണ്ട്. സ്ഥിരം ജീവനക്കാരായ 112 പേര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ചാണ് കമ്പനി നോട്ടീസില്‍ പറയുന്നത്.
വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാര്‍ സമരം ചെയ്തത്തോടെ മാര്‍ച്ച് 22 ന് കമ്പനി ലോക്ക്ഔട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് മാനേജ്മെന്റ്് അടച്ചുപൂട്ടല്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: