കാര്‍ഷിക ബില്ലുകള്‍ നിയമമായപ്പോള്‍, അതിനെതിരെ സമരം നയിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും എന്ത് ധാര്‍മിക അവകാശമാണുള്ളത് ? ഇന്ത്യയില്‍ സിപിഎമ്മിന്റെ അവസാന തുരുത്തായ കേരളത്തിന്, ഈ നിയമം ഏറെ ഗുണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ ജില്ലാ പരിധിക്ക് പുറത്തേക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് അവകാശമില്ലാത്ത കര്ഷകരെപ്പോലെയല്ല കേരളത്തിലെ കര്‍ഷകര്‍. നമുക്കു തിരുവനന്തപുരം ജില്ലയിലെ നേന്ത്രക്കായ കാസര്‍കോട്ടു കൊണ്ടുപോയി വില്‍ക്കാം. കാസര്‍കോട് വിളയുന്ന പുകയില തിരുവനന്തപുരത്ത് വില്‍ക്കാനും തടസ്സമില്ല. ഈ സ്വാതന്ത്ര്യം ദേശീയ തലത്തില്‍ നടപ്പാക്കുകയാണ് പുതിയ നിയമം വഴി. ഇന്ത്യയില്‍ എവിടെയും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം.
ഉത്തരേന്ത്യയിലൊക്കെ ജില്ലാ പരിധിക്കപ്പുറത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കര്‍ഷകര്‍ക്ക് അധികാരമോ അവകാശമോ ഇല്ല. ജില്ലാതലത്തിലുള്ള മണ്ഡികള്‍(ചന്തകള്‍) ഭരിക്കുന്നതു കുത്തകകളാണ്. 2019 ജനുവരിയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെയും അകാലിദളിന്റെയും എംപിമാര്‍ എഴുതിച്ചേര്‍ത്ത ഒരു വാചകമുണ്ട്. എപിഎംസി (അഗ്രിക്കള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) രാഷ്ട്രീയക്കാരുടെയും തട്ടിപ്പുകാരുടെയും വിഹാരരംഗമാണ്. അവിടെ കച്ചവട മാഫിയകളാണ് ഭരണം നടത്തുന്നത്. അത്തരം ചന്തകളില്‍ കര്‍ഷക താല്‍പ്പര്യം പൂര്‍ണമായും ബലികഴിക്കപ്പെടുകയാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഏഴാം അധ്യായം പതിനൊന്നാമത്തെ പോയിന്റ് ആയി പറഞ്ഞിരിക്കുന്നത്, അധികാരത്തില്‍ വന്നാല്‍ എപിഎംസികള്‍ പിരിച്ചുവിടുമെന്നാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും കച്ചവടം ചെയ്യാനുള്ള തടസ്സങ്ങളും നീക്കുമെന്നും പറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനു കോണ്‍ഗ്രസുകാര്‍ മോദിക്കു നന്ദി പറയുകയാണ് വേണ്ടത്.
എപിഎംസികളോ അവയുടെ കുത്തക ഭരണമോ ഇല്ലാത്ത കേരളത്തില്‍ എപിഎംസികള്‍ സംരക്ഷിക്കാനെന്ന പേരില്‍ നടത്തുന്ന സമരം ആര്‍ക്കു വേണ്ടിയാണ്? ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പല വിളകള്‍ക്കും കേരളത്തിന് പുറത്ത് വലിയ വില ലഭിക്കുമെങ്കിലും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ കര്ഷകന് സ്വാതന്ത്ര്യമില്ല. ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. കുത്തകകളെയും ഇടനിലക്കാരെയും ഒഴിവാക്കി കര്‍ഷകര്‍ മാര്‍ക്കറ്റ് സ്വന്തമാക്കുന്ന വിപ്ലവമാണിത്. അത് ഇക്കൂട്ടര്‍ക്കു മനസ്സിലാക്കാത്തതാണോ കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ ?
നിലവിലുള്ള മണ്ഡി സമ്പ്രദായം നിര്‍ത്തലാക്കില്ല എന്നും, തറവില സമ്പ്രദായം തുടരുമെന്നും പ്രധാനമന്ത്രി മോദിയും, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും സഭയ്ക്കകത്തും പുറത്തും വ്യക്തമാക്കിയതുമാണ്. ആ സത്യം മനസ്സിലാക്കി ഈ നിയമ നിര്‍മ്മാണത്തിന് പിന്തുണ നല്‍കുന്നതാണ് യഥാര്‍ഥ കര്‍ഷക സ്നേഹം.
അഡ്വ. എസ്. ജയസൂര്യന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: