നമുക്കു പകര്‍ച്ചവ്യാധിയിലേക്കു തിരിച്ചുവരാം. അന്തര്‍ദേശീയയാത്രാസൗകര്യങ്ങളുടെ വര്‍ധനവും ആഗോളീകരണവും ലോകമാകെ ഒരു വിപണിയായി മാറിയതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ എല്ലാ സാഹചര്യങ്ങളോടും ഇടപഴകാന്‍ കാരണമായിരിക്കുന്നു. ഈ ഇടപഴകല്‍ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും കുടുംബപരവുമാണ്. അതിനാല്‍ മറ്റു ദേശങ്ങളിലെ പല തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളോടു നാമെല്ലാം മനസ്സുതുറന്നിരിക്കുന്നു.
ചൈനയില്‍നിന്നു വൈറസ് ലോകത്തെല്ലാം എത്തിയതും സൈബര്‍ ആക്രമണങ്ങളും അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. അതുകൊണ്ട്, നാം മറ്റുള്ളവരുടെയും മറ്റു ദേശങ്ങളുടെയും കൂടെ എത്രമാത്രം കൂടിക്കലരണമെന്നു തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു.
മഹത്തുക്കള്‍ അതായത് ആത്മജ്ഞാനം സിദ്ധിച്ച്, തങ്ങള്‍ ഈ ശരീരമല്ല, ശുദ്ധബോധവും ജ്ഞാനവും അനന്തവും ആനന്ദവും നിത്യവും സര്‍വ്വവ്യാപിയും ആയ ആത്മാവാണ്, ഈശ്വരാംശമാണ്, എന്നിങ്ങനെ സാക്ഷാത്കരിച്ച മനുഷ്യര്‍ അവരുടെ രോഗാവസ്ഥകളെ നേരിട്ട സംഭവങ്ങള്‍ നമുക്കു സവിശേഷമായ പാഠങ്ങളരുളുന്നുണ്ട്. ആധുനികകാലത്തെ അഭൂതപൂര്‍വ്വമായ ഈ ദുരിതകാലത്ത് ശ്രീരാമകൃഷ്ണന്റെയും ശാരദാദേവിയുടെയും വിവേകാനന്ദസ്വാമികളുടെയും ജീവിതത്തില്‍ അവര്‍ തങ്ങളുടെ രോഗാവസ്ഥകളെ എങ്ങനെ നേരിട്ടുവെന്ന അറിവ് നമുക്കെല്ലാം പ്രയോജനം ചെയ്യുന്നതാണ്.
ശ്രീരാമകൃഷ്ണന്‍അവസാനകാലത്ത് ക്യാന്‍സര്‍ രോഗംകൊണ്ടു വിഷമിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് അധികം സംസാരിക്കരുതെന്ന് ഭക്തര്‍ വിലക്കിയപ്പോള്‍ ശീരാമകൃഷ്ണന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു: ‘ഞാനതൊന്നും കാര്യമാക്കുന്നില്ല. ഒരു മനുഷ്യനെ സഹായിക്കാന്‍ ഞാന്‍ ഇതുപോലത്തെ ഇരുപതിനായിരം ശരീരം ത്യജിക്കും.’ ശ്രീരാമകൃഷ്ണന് രോഗിയായിരുന്നപ്പോള്‍ അദ്ദേഹം ഒരിക്കലും സത്യത്തില്‍ വേദന അനുഭവിച്ചിരുന്നില്ല. രോഗം വരാതെ ശരീരം സംരക്ഷിക്കുന്നതില്‍ ഈ ജ്ഞാനികള്‍ക്കു താല്പര്യമില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ രോഗം തന്നിലേക്കെടുത്ത് ദുരിതത്തിലാവുകയും ചെയ്യുന്നു. ശ്രീരാമകൃഷ്ണന്റെ സേവകനായിരുന്ന മാഥുര്‍ നാഥ് ബിശ്വാസിന്റെ രണ്ടാം ഭാര്യയായ ജഗദംബാദാസിയുടെ രോഗകാലത്ത് ശ്രീരാമകൃഷ്ണന് ചെയ്തത് ഇതു ശരിവെക്കുന്നു. ജഗദംബാദാസിക്ക് കഠിനമായ വയറിളക്കം പിടിപെട്ടു. രോഗം ഗുരുതരമാവുകയും കല്‍ക്കത്തയിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍പോലും പ്രതീക്ഷ കൈവിടുകയും ചെയ്തു. മാഥുറിനു നഷ്ടപ്പെടാനിരുന്നത് തന്റെ പ്രിയപത്നിയെ മാത്രമായിരുന്നില്ല, തന്റെ ഭാര്യാമാതാവിന്റെ സ്വത്തിലുള്ള അവകാശംകൂടിയായിരുന്നു. അതിയായ പരിഭ്രമത്തോടെ മാഥുര്‍ ദക്ഷിണേശ്വരത്തു ചെന്നു. ആദ്യം കാളീമാതാവിനെ പ്രണമിച്ചിട്ട് ശ്രീരാമകൃഷ്ണനെത്തേടി പഞ്ചവടിയിലെത്തി. പരവശനായ മാഥുറിനെ കണ്ട് ശ്രീരാമകൃഷ്ണന് അയാളെ അരികിലിരുത്തി തന്റെ ആധിയുടെ കാരണം ചോദിച്ചു. മാഥുര്‍ ശ്രീരാമകൃഷ്ണന്റെ കാലില്‍ വീണ്, നിറഞ്ഞ കണ്ണുകളോടെ എല്ലാം വിവരിച്ചു: ‘ദുരന്തം വരാന്‍ പോകുന്നു. പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം അങ്ങയെ സേവിക്കാന്‍ കഴിയാതാകുമല്ലോ എന്ന വസ്തുതയാണ്.’
കരുണ തോന്നിയ ശ്രീരാമകൃഷ്ണന് ഭാവാവസ്ഥയില്‍ പ്രവേശിച്ച് പറഞ്ഞു: ‘പേടിക്കേണ്ട. നിങ്ങളുടെ ഭാര്യക്ക് ഭേദമാകും.’ ജാന്‍ബസാറിലെ വീട്ടിലെത്തിയ മാഥുര്‍, രോഗിയുടെ അവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായതായി കണ്ടു. ഇതേപ്പറ്റി പിന്നീടൊരിക്കല്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു: ‘ജഗദംബാദാസി ആ ദിവസം മുതല്‍ സുഖം പ്രാപിച്ചുവന്നു. പക്ഷേ അവളുടെ രോഗപീഡ ഈ ശരീരത്തിനു (തന്റെ ശരീരം ചൂണ്ടി) വഹിക്കേണ്ടിവന്നു. ജഗദംബാദാസിയെ സുഖപ്പെടുത്തിയതിനാല്‍ എനിക്കു വയറിളക്കവും മറ്റു രോഗങ്ങളുംകൊണ്ട് ആറു മാസം കഷ്ടപ്പെടേണ്ടിവന്നു.’
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: