കൊല്ലം: യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കുക, മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ കളക്ട്രേറ്റ് വളയല്‍ സമരത്തിന് നേരെ പോലീസ് അതിക്രമം. പോലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു.
ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശംഭു ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ശംഭുവിന്റെ കാല് ഭാഗികമായി തകര്‍ന്നു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണ രാജ്, യുവമോര്‍ച്ച പ്രവര്‍ത്തകരായ സൂരജ്, സജിന്‍, റിജില്‍, സ്മിജൂ കൃഷ്ണന്, ഉണ്ണി പത്തനാപുരം, അഖില്‍ എന്നീ പ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ഇന്നലെ രാവിലെ 11ന് താലൂക്ക് ഓഫീസിന് സമീപത്ത് നിന്നുമാരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന്റെ മുന്നില്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ടേറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. തുടര്‍ന്ന് പ്രധാനഗേറ്റിന് മുന്നില്‍ സമാധാനമായി ഇരുന്ന് മുദ്രവാക്യം മുഴക്കി. അതിനിടെയാണ് പൊടുന്നനെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗം നിര്ത്തണമെന്നാവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഒരു മുന്നറിയിപ്പമില്ലാതെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ഒരു മിനിട്ടില്‍ തന്നെ അടുപ്പിച്ച് മൂന്ന് തവണ ഗ്രനേഡ് പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലരും ശ്വാസം മുട്ടി റോഡില്‍ തളര്‍ന്നു വീണു. ഇവരെ പിന്നീട് പോലീസ് ജീപ്പില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സമരത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം: പ്രഫുല്‍കൃഷ്ണ
ഗ്രനേഡെറിഞ്ഞും അടിച്ചൊതുക്കിയും അഴിമതിക്കാരെ രക്ഷിക്കാമെന്ന് കരുതണ്ടെന്ന് യുവമോര്‍ച്ചയുടെ താക്കീത്. അഴിമതിയില്‍ മുങ്ങി നില്ക്കുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ പ്രത്യേക താല്പര്യപ്രകാരമാണ് കൊല്ലത്തെ യുവമോര്‍ച്ച നേതാക്കളെ പോലീസ് വേട്ടയാടുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകള്‍ ചുമത്തുകയും രാത്രികാലങ്ങളില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളുടെ വീടുകള്‍ കയറി അതിക്രമം കാട്ടുകയും ചെയ്ത നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വി.എസ്. ജിതിന് ദേവ്, ഉപാധ്യക്ഷന്‍ എ.ജി. ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് ചോഴത്തില്‍, ഉപാധ്യക്ഷന്മാരായ ബാബുല്‍ദേവ്, ധനീഷ് പെരുമ്പുഴ, നവീന്‍ ചാത്തന്നൂര്‍, സെക്രട്ടറിമാരായ അനീഷ് ജലാല്‍, ദീപു പത്തനാപുരം, ചിപ്പി, രാഹുല്‍ കൃഷ്ണ, ട്രഷറര്‍ ശാസ്താംകോട്ട മഹേഷ്, നേതാക്കളായ ദിനേശ്, നിഖില്‍, അഭിഷേക് ശര്‍മ, ദിനു കലാധരന്‍, പ്രശാന്ത്, ഗോപകുമാര്‍, രാഹുല്‍ വാളത്തുംഗല്‍, സനല്‍ മുകുള്വിള, പ്രിജിത് പ്രകാശ്, രാജീവ്, സിനു ഇളമാട്, വല്ലം വിഷ്ണു, മഹേഷ് പുനലൂര്‍, പ്രണവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: