കൊല്ലം: പരിസ്ഥിതിലോല മേഖലയായ കുരീപ്പുഴയില്‍ മലിനജല സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന വെല്ലുവിളിയുമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലം കോര്പ്പറേഷന്. നടപടിക്കെതിരെ ശക്തമായ പ്രതിരോധവുമായി നാട്ടുകാര്‍.
നഗരത്തിന്റെ ചവറ്റുകുട്ടയായ കുരീപ്പുഴ ചണ്ടിഡിപ്പോയെ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ കോര്പ്പറേഷന് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
1985ല്‍ നഗരത്തില്‍ കിലോമീറ്ററോളം പൈപ്പുകള്‍ സ്ഥാപിക്കാനായി ലക്ഷങ്ങള്‍ മുടക്കി പാതിവഴിയില്‍ ഉപേക്ഷിച്ച പദ്ധതിയാണ് പൊടിതട്ടിയെടുത്ത് 2012ല്‍ ഏഷ്യന്‍ ബാങ്കില്‍ നിന്നും കോടികള്‍ കടമെടുത്ത് സുസ്ഥിര നഗരവികസനം എന്ന പേരില്‍ കൊള്ളയടിച്ചു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊല്ലം നഗരത്തിന് അനുവദിച്ച അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നീക്കവുമായി കോര്പ്പറേഷന് രംഗത്തെത്തിയത്. പരിസ്ഥിതിലോല പ്രദേശമായ അഷ്ടമുടി കായലിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സാമ്പത്തികലാഭം മാത്രം നോക്കി കോര്പ്പറേഷന് അധികൃതര്‍ 30 കോടി രൂപയ്ക്ക് പദ്ധതി ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്. ഇതിനുള്ള സര്‍വ്വെ നടപടി പൂര്‍ത്തിയാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് കോര്പ്പറേഷന്.
ഇന്നലെ രാവിലെ ഇതിന്റെ ഭാഗമായി വസ്തു അളന്ന് തിട്ടപ്പെടുത്താന്‍ വന്‍ പോലീസ് സന്നാഹത്തോടെ കോര്പ്പറേഷന് ഉദ്യോഗസ്ഥരും കരാറുകാരും കുരീപ്പുഴയില്‍ എത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. നിലവില്‍ ഉള്ള മാലിന്യം അളന്ന് തിട്ടപ്പെടുത്തി സംസ്കരിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഉള്ളതാണ്.
മാലിന്യസംസ്കരണത്തിന് കാലതാമസം വരുത്തിയതിന് ഒരു കോടി രൂപ ഹരിത ട്രൈബ്യൂണല്‍ നഗരസഭയ്ക്ക് പിഴയിട്ടിരുന്നു. മാലിന്യം സംസ്കരിക്കുന്നതിനുള്ള അവസാനഅവധി സെപ്തംബറില്‍ തീരും. ഇതിനിടയിലാണ് പ്രദേശവാസികളുടെ രൂക്ഷമായ എതിര്‍പ്പ് നിലനില്‍ക്കവെ പ്ലാന്റ് നിര്‍മാണത്തിനായി കോര്പ്പറേഷന് രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: