ന്യൂദല്‍ഹി : പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അടിന്തിരമായിയ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതോടൊപ്പം സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി ശരിവെച്ചു. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കില്‍ സര്‍ക്കാരിന് അതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ആര്.എസ്. നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
ചെന്നൈ ഐഐടിയുടെ പഠനം, ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ പാലത്തിലെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും പൊളിച്ചു പണിയുന്നതാണ് അഭികാമ്യമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്.
അടിയന്തരമായി പാലാരിവട്ടത്തെ മേല്‍പ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ കൊച്ചിയില്‍ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം സെപ്റ്റംബറില്‍ തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കും. പാലം നിലനില്‍ക്കുമോ എന്നറിയാന്‍ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. മേല്‍പ്പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാല്‍ 20 വര്‍ഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: