ന്യൂദല്‍ഹി : സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ ഉപവാസമിരിക്കുന്ന എംപിമാര്‍ക്ക് ചായ സല്‍ക്കാരം നല്കി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്. എം.പിമാരാല്‍ ഉപദ്രവിക്കാന്‍ ശ്രമിക്കപ്പെട്ട ഹരിവംശാണ് ഏറെ കൗതുകകരമായ പ്രവൃത്തിയിലൂടെ സ്വന്തം മാന്യത പ്രകടിപ്പിച്ചത്. തനിക്കെതിരെ ആക്രോശിച്ച് അടുക്കുകയും ബില്ല് കീറി തന്റെ മുഖത്തെറിയുകയും മൈക്ക് പിടിച്ച് ഒടിക്കുകയും ചെയ്ത എംപിമാര്‍ക്ക് തന്നെയാണ് ഹരിവംശ് സിങ് ചായയുമായി ഉപവാസം നടത്തുന്ന സ്ഥലത്തേയ്ക്ക് എത്തിയത്.
കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ രാജ്യസഭയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാരാണ് പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കുന്നത്. രാജ്യസഭയില്‍ നിന്ന് തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ആരംഭിച്ചതാണ് കെ.കെ.രാഗേഷും എളമരം കരീമും അടക്കമുള്ള എംപിമാരാണ് ഉപവാസത്തില്‍. ബില്‍ പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ തന്നോട് അക്രമാസക്തമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് ഒരു ദിവസം താനും ഉപവാസം അനുഷ്ഠിക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ അറിയിച്ചു.
അതേസമയം ഹിരിവംശ് സിങ്ങിന്റെ ഈ പ്രവര്‍ത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. തന്നെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത് ഉപവാസമിരിക്കുന്നവര്‍ക്ക് ചായ വിളമ്പുന്നത് ഹരിവംശ്ജിയുടെ എളിയ മനസ്സും വലിയ ഹൃദയവുമാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ മഹത്വം അതിലൂടെ വെളിവാകുന്നുവെന്ന് മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
രാജ്യസഭാ സമ്മേളനത്തിനിടെ അക്രമങ്ങള്‍ അഴിച്ചുവിട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു ആക്രമണം നടത്തിയ എംപിമാരെ പുറത്താക്കിയത്. ഇതോടെ പുറത്താക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ കുത്തിയിരിപ്പ് നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: