കട്ടപ്പന: നിനച്ചിരിക്കാതെ ഭാഗ്യ ദേവത കനിഞ്ഞതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലും നെടുങ്കണ്ടത്തെ ഒരു കുടുംബം. ‘ മഴക്കാലത്തും കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട മലമുകളില്‍ നിന്ന് ഇറങ്ങി ഒരു പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു കൊച്ചു വീട് വെയ്ക്കണം, ആണ് മക്കളെ രണ്ടിനേയും കൂടുതല്‍ പഠിപ്പിക്കണം, മകളുടെ വിവാഹം നടത്തണം’ ഓണം ബംബര്‍ ലോട്ടറി അടിച്ച അനന്തുവിന്റെ അച്ഛന്റെ സ്വപ്നമാണിത്.
നെടുങ്കണ്ടം വലിയതോവാളയിലെ പൂവത്തോലില്‍ അനന്ദുവിനാണ് ഞായാറാഴ്ച നറുക്കെടുത്ത ലോട്ടറി അടിച്ചത്. എറണാകുളം എളംകുളം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. അച്ഛന് വിജയന് പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്. ഇത്തവണത്തെ ഓണം ബംബറും ഇരുവരും എടുത്തു. വിജയന് കട്ടപ്പനയില്‍ നിന്ന് അനന്തു എറണാകുളത്ത് നിന്നും. ഈ ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
കുന്നിന് മുകളില്‍ അര നൂറ്റാണ്ടുകള്‍ക്ക് മുമ്പു പണിത വീട്ടിലാണ് കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടില്‍ എത്താന്‍. മഴക്കാലത്ത് പോലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലായിരുന്നു ഇവര്‍. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടിന്റെ സ്ഥാനത്ത് ഒരു വീട് ലൈഫ് ഭവന പദ്ധതിയിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ ജീവിതം തള്ളി നീക്കിയിരുന്നത്. വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു വീട് അതാണ് സ്വപ്നം; അനന്തുവിന്റെ അമ്മ സുമ പറയുന്നു.
പെയിന്റിങ് തൊഴിലാളിയായ വിജയനും സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ഭാര്യ സുമയും ചേര്‍ന്ന് മക്കളെ തങ്ങളാലാകും വിധം പഠിപ്പിച്ചു. മൂത്തമകള്‍ ആതിര പോസ്റ്റ് ഗ്രാജുവേഷന് പൂര്‍ത്തിയാക്കി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ താത്കാലിക ജോലി നഷ്ടമായി.
അനന്തുവും അനുജന് അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തീക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിയ്ക്കാന്‍ പോയില്ല. അരവിന്ദ് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലും ജോലി നോക്കുകയാണ്. ഇവരുടെ മുടങ്ങിയ പഠനം വീണ്ടും ആരംഭിയ്ക്കണമെന്ന് മാതാപിതാക്കളുടെ ആഗ്രഹം. എറണാകുളത്ത് ആയിരുന്ന അനന്തു ഇന്നലെ വൈകിട്ടാണ് വീട്ടില്‍ മടങ്ങിയെത്തിയത്….വീട്ടുകാരുമായി സന്തോഷം പങ്കുവെയ്ക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: