ഏഴ് പതിറ്റാണ്ടായി തുടരുന്ന അനീതികള്‍ക്ക് അറുതിവരുത്തി രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷം കാണിച്ച അതിക്രമങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മുഖത്ത് കരിവാരിത്തേച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും അംഗങ്ങള്‍ തങ്ങള്‍ ജനപ്രതിനിധികളാണെന്നത് മറന്ന് അക്രമികളായി മാറുകയായിരുന്നു. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷനു നേര്‍ക്ക് പാഞ്ഞുചെന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും, റൂള്‍ ബുക്ക് കീറിയെറിയുകയും മൈക്കുകള്‍ കേടാക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ തടഞ്ഞതുകൊണ്ടുമാത്രമാണ് ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് തത്സമയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബില്ലുകള്‍ പാസ്സാകുമെന്ന് ഉറപ്പായതോടെ എങ്ങനെയും അത് അട്ടിമറിക്കാനുള്ള തീരുമാനവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗം ഡെറിക് ഒബ്രിയാനും, ആം ആദ്മി അംഗം സഞ്ജയ് സിങ്ങും തെരുവു ഗുണ്ടകളെപ്പോലെ പെരുമാറിയത് ഇത് വ്യക്തമാക്കുന്നു.
ജനങ്ങള്‍ ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നയമാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്. രാജ്യസഭയില്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തത് ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള അവസരമായാണ് പ്രതിപക്ഷം ഉപയോഗിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയില്‍ കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങള്‍ നിരവധിയാണ്. തറവാട്ടു സ്വത്തുപോലെ കൊണ്ടുനടക്കുന്ന സ്വന്തം പാര്‍ട്ടിയില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ നേതാവ് പാര്‍ലമെന്റിലും ഇതൊക്കെ ആവര്‍ത്തിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഈ പെരുമാറ്റ ദൂഷ്യത്തിനു കൂടിയുള്ള തിരിച്ചടിയാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കിട്ടിയത്. എന്നിട്ടും ഇവര്‍ പാഠം പഠിച്ചിട്ടില്ല. ഇതിന് തെളിവാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാര്‍ഷികരംഗത്ത് തങ്ങള്‍ നല്കിയ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയ ബില്‍ പാസ്സാക്കുന്നതിനെ ഇക്കൂട്ടര്‍ എതിര്‍ത്തത്.
സര്‍ക്കാരിനെ എതിര്‍ക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ ജനനന്മ ലക്ഷ്യംവച്ച് കൊണ്ടുവരുന്ന നിയമ നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്ന ധിക്കാരം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ രാജ്യത്തിന്റെ നയങ്ങളാവില്ല. അധികാരം പതിറ്റാണ്ടുകള്‍ കുത്തകയാക്കിവച്ചതുകൊണ്ടാവാം, ഇങ്ങനെയൊരു തെറ്റിദ്ധാരണ ആ പാര്‍ട്ടിക്കുണ്ട്. ഇത് അംഗീകരിച്ചുകൊടുക്കേണ്ടതായ യാതൊരു ബാധ്യതയും ബിജെപിക്കില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങളെ നിരാകരിക്കാനുള്ള ജനവിധിയാണ് രണ്ട് തവണയും മോദിക്ക് ലഭിച്ചത്. ആ അധികാരം വിനിയോഗിക്കുമ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ല. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യമായാലും, കശ്മീരിലെ അനുഛേദം 370 എടുത്തുകളഞ്ഞതായാലും, മുത്തലാഖ്-പൗരത്വ നിയമ ഭേദഗതികളായാലും കോണ്‍ഗ്രസ് പിന്തുടര്ന്നുപോന്ന നയങ്ങള്‍ പാര്‍ലമെന്റിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയുകയായിരുന്നു മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ്സ് ആവുന്നത്ര ബഹളമുണ്ടാക്കിയെങ്കിലും വിലപ്പോയില്ല. ചരിത്രപരമായ നിയമനിര്‍മാണത്തിലൂടെ കശ്മീരിനെ പുനഃസംഘടിപ്പിച്ചപ്പോഴും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സ് അക്രമം കാണിച്ചു.
കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയും സ്വേച്ഛാധിപത്യവുമാണ്. പാര്‍ട്ടിയിലില്ലാത്തത് പാര്‍ലമെന്റില്‍ കാണിക്കാനാവില്ലല്ലോ. കേരള നിയമസഭയെ യുദ്ധക്കളമാക്കിയ പാരമ്പര്യമാണ് ഇടതുപാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സിപിഎമ്മിനുള്ളത്. എന്നിട്ട് അവര്‍ ജനാധിപത്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തും. ഇക്കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും ഈ കാപട്യം ആവര്‍ത്തിക്കപ്പെട്ടു. പാര്‍ലമെന്റ് മര്യാദകളെ ചവിട്ടിമെതിക്കുന്നതില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സയാമീസ് ഇരട്ടകളെപ്പോലെയാണ്. കാര്‍ഷിക ബില്‍ പാസ്സാക്കുന്നതിനെതിരെ രാജ്യസഭയില്‍ അതിക്രമങ്ങള്‍ കാണിക്കാന്‍ സിപിഎം അംഗങ്ങളുമുണ്ടായിരുന്നു. പാര്‍ലമെന്റ് പന്നിക്കൂടാണെന്ന് ഒരു കമ്യൂണിസ്റ്റ് ആചാര്യന് പണ്ടേ പറഞ്ഞുവച്ചിട്ടുള്ളതാണ് ഇവര്‍ പിന്‍പറ്റുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ അതിക്രമങ്ങള്‍ക്കെതിരെ എട്ട് പേരെ സഭാധ്യക്ഷന് എം. വെങ്കയ്യ നായിഡു സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരില്‍ അതിനെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടാ. ശക്തമായ നടപടികളെടുക്കണം. അക്രമങ്ങള്‍ കെട്ടഴിച്ചുവിട്ട് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അട്ടലങ്കോലപ്പെടുത്തുകയും, ലോകത്തിനു മുന്പില് രാജ്യത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുകയും ചെയ്യുന്നവരെ അയോഗ്യരാക്കാന്‍ പോലും മടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: