അമ്പലപ്പുഴ: ജീവിത പ്രതിസന്ധിക്കിടയില്‍ കലാജീവിതത്തിന് തിരശീലയിട്ട് കക്കയിറച്ചി വില്‍പ്പനയുമായി ഒരു കലാകാരി. മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് പുത്തനങ്ങാടി വാഴപ്പളളി വെളിയില്‍ കോളനിയില്‍ അപ്പുക്കുട്ടന്റെ ഭാര്യ സലി(59)യാണ് വിശപ്പടക്കാനും മരുന്നിനുമായി വേദനയോടെ തന്റെ കലാജീവിതത്തിന് വിരാമമിട്ടത്. മറിയ കമ്യൂണിക്കേഷന്‍സ്, ആലപ്പുഴ അനഘ തിയെറ്റര്‍, വൈക്കം ഭാരതി, കോട്ടയം അപ്സര തുടങ്ങി വിവിധ ബാലെ ട്രൂപ്പുകളില്‍ നിരവധി വര്‍ഷങ്ങളോളം അരങ്ങില്‍ വിസ്മയ പ്രകടനം കാട്ടിയ ഈ കലാകാരി വൈക്കം കുടവെച്ചൂര്‍ ദേവീ വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ താത്കാലിക നൃത്താധ്യാപിക കൂടിയായിരുന്നു.
നാദസ്വര വാദ്യകാരനായ ഭര്‍ത്താവ് അപ്പുക്കുട്ടന് 2018ല്‍ ഹൃദയാഘാതമുണ്ടായതോടെ സ്കൂളില്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതോടെ സ്കൂള്‍ അധികൃതര്‍ മറ്റൊരാളെ നിയമിച്ചതോടെ ഈ വരുമാനവും നിലച്ചു. കൊവിഡ് മൂലം ഉത്സവങ്ങള്‍ നിലച്ചതോടെ ബാലെ വേദികളില്‍ നിന്നുള്ള വരുമാനവുമില്ലാതായി. ഇതോടെയാണ് സലി റോഡരികില്‍ കക്കായിറച്ചി വില്‍പ്പന ആരംഭിച്ചത്. തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവിന് മരുന്നിന് മാത്രം മാസം മൂവായിരത്തിലധികം രൂപ കണ്ടെത്തണം.
മുഹമ്മയില്‍ നിന്ന് അമ്പലപ്പുഴ കച്ചേരി മുക്കിലെത്തി ഡിവൈഡറില്‍ വച്ചാണ് വില്‍പ്പന. മക്കളില്ലാത്ത സലി, കുടുംബം പുലര്‍ത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കലാജീവിതമാണ് അവസാനിപ്പിച്ചത്. കലാകാരന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന ഒരു സഹായവും ഈ കലാകാരിക്ക് ലഭിച്ചിട്ടില്ല. കൊവിഡ് എല്ലാ മേഖലയേയും തളര്‍ത്തിയപ്പോള്‍ തകര്‍ന്നത് സലിയുടെയും ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: