ന്യൂദല്‍ഹി:പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായി, പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) ഗുണഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ നല്‍കുന്നതിന് 2020 ഏപ്രില്‍ ഒന്നിന് തുടക്കമിട്ടിരുന്നു. പദ്ധതി കാലയളവ് പിന്നീട് 2020 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കു കീഴില്‍ ഇതുവരെ 13.57 കോടി സിലിണ്ടറുകള്‍ റീഫില്ചെയ്ത്വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കി.
സിലിണ്ടര്‍ റീഫില്‍ ചെയ്തു വാങ്ങുന്നതിനുള്ള മുന്‍കൂര്‍ തുക ലഭിച്ചിട്ടും കഴിഞ്ഞ ജൂണ്‍ 30 വരെ വാങ്ങാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കള്‍ക്കായാണ് പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടിയത്.
രാജ്യത്ത് എല്‍പിജിയുടെ ഉല്പാദനം നിലവില്‍ ആവശ്യമുള്ളതിനേക്കാള്‍ കുറവാണ്. 2020 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെ രാജ്യത്ത് മൊത്തം ആവശ്യമായ എല്‍.പി.ജിയുടെ 44% ആഭ്യന്തരമായി ഉല്പാദിപ്പിച്ചു. ബാക്കി 56% ഇറക്കുമതി ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ എല്‍പിജിയുടെ വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്, ഗാര്‍ഹിക എല്‍പിജിയുടെ വില്പന വില ഗവണ്മെന്റ് നിയന്ത്രിക്കുന്നു. . തങ്ങള്‍ വാങ്ങുന്ന സിലിണ്ടറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതാണെന്ന് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: