തൃശൂര്‍: കച്ചവട ലാഭത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമേഖലയുടെ തകര്‍ച്ചക്കും കാരണമായിട്ടുണ്ടെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ഒബിസി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വടക്കാഞ്ചേരിയില്‍ സംഘടിപ്പിച്ച ആയുഷ്മാന്‍ ഭാരത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിതലമുറക്ക് കരുതലൊരുക്കാന്‍ വലിയ ഇടപെടലുകള്‍ ഉണ്ടാവണമെന്നും കുമ്മനം പറഞ്ഞു.
വടക്കാഞ്ചേരി കേരള വര്‍മ്മ വായനശാല ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ നിര്‍ണ്ണയ ക്യാമ്പിന്റെ ഭാഗമായി ബൈപാസ് സര്‍ജറി, ഹൃദയം മാറ്റി വെക്കല്‍, കീ ഹോള്‍ സര്‍ജറി, കാല്‍മുട്ട് മാറ്റി വെക്കല്‍, ഡയാലിസിസ്, കിഡ്നി മാറ്റി വെക്കല്‍ എന്നിവ സൗജന്യമായാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച കേന്ദ്ര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ ഡോ. കുല്‍ദീപ് ചുള്ളിപ്പറമ്പില്‍ അവതരിപ്പിച്ചു.
ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഋഷി പല്‍പ്പു മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ കമ്മിറ്റിയംഗം അഡ്വ: ഗിരിജന്‍, കൗണ്‍സിലര്‍ ചന്ദ്രമോഹന് കുമ്പളങ്ങാട്, അഡ്വ : ഹരി കിരണ്‍, ശാന്തനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: