തൃശൂര്‍: ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. അപകട സാധ്യതാ മേഖലകളില്‍ ജനങ്ങളെ മാറ്റിപാര്പ്പിക്കുന്നതുള്പ്പെടെയുള്ള നടപടികള്‍ തുടരുകയാണ്. ജില്ലയിലെ മണ്ണ്, പാറ ഉള്‍പ്പെടെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു കൊണ്ട് കളക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി. മണ്ണിടിച്ചില്‍, വെള്ളക്കെട്ട് എന്നിവ ഉണ്ടാകാനിടയുള്ള ജില്ലയിലെ 125 ഹോട്ട്സ്പോട്ടുകളില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. മുന്‍കാല അനുഭവം വെച്ച് താലൂക്കുകളില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കരുതലെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. 23 വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
താഴ്ന്ന പ്രദേശങ്ങള്‍, മലയോര ചെരുവ് തുടങ്ങി അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ തീരദേശ മേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ പോലീസിന്റെയും സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്കി. വഞ്ചികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം.കടല്‍ സന്ദര്‍ശിക്കുന്നതിനും കടലില്‍ ഇറങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ പീച്ചി, ചിമ്മിണി ഡാമുകള്‍ തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലുള്ളവരെയും ഒറ്റപ്പെട്ട താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജലനിരപ്പ് ഉയര്‍ന്നാല്‍ വിത്തുകള്‍, കൃഷി എന്നിവയെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്കി.
മുകുന്ദപുരം താലൂക്കിലെ തെക്കുംകര വില്ലേജ്, അംബേദ്കര്‍ കോളനി, കോഴിക്കല്ല് എന്നീ പ്രദേശങ്ങളിലുള്ളവരെയും, ചാലക്കുടിയില്‍ റോഡ് താഴ്ന്ന പ്രദേശമായ മാളയിലും, കൊടുങ്ങല്ലൂരില്‍ വെള്ളക്കെട്ട് ഉïാകാനിടയുള്ള കോഴിതുമ്പ, എടത്തിരുത്തി, കനോലി കനാല്‍ പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പൊയ്യ, ചാവക്കാട് തീരദേശ മേഖലകള്‍, തലപ്പിള്ളി താലൂക്കില്‍ ചേലക്കര, വരവൂര്‍ കോളനി, ദേശമംഗലം എന്നീ സ്ഥലങ്ങളിലും അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ മാറ്റിതാമസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തയ്യാറാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. രാത്രിയില്‍ മഴ കനത്താല്‍ അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാനും തീരുമാനിച്ചു.
തൃശൂര്‍ താലൂക്കിലെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പുത്തൂര്‍, കൈനൂര്‍, പാണഞ്ചേരി, മാടക്കത്തറ, മുളയം പ്രദേശ നിവാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. മുകുന്ദപുരം താലൂക്കില്‍ മാടായിക്കോണം, പുല്ലൂര്‍ വില്ലേജുകളിലായി മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ താലൂക്ക് പരുധിയില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ലെന്നും വെള്ളക്കെട്ടുകള്‍ ഇല്ലെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു.
റെഡ് അലര്‍ട്ടിന്റെ ഭാഗമായി മലയോര വില്ലേജുകളായ അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, വെള്ളിക്കുളങ്ങര, കുറ്റിച്ചിറ എന്നിവിടങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി.
കടല്‍ വെള്ളമെടുക്കുന്ന സാഹചര്യമായതിനാല്‍ കടലേറ്റ ഭീഷണി നിലവിലില്ല. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന അവസ്ഥയില്‍ മഴ ശക്തമായാല്‍ വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്. നഗരസഭ-പഞ്ചായത്ത് തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: