ഷോപ്പിയാന്‍: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നത് ഭൂഗര്‍ഭ ബങ്കറുകളില്‍. നേരത്തെ ഉന്നത മേഖലകളിലും പ്രാദേശികമായി വീടുകളിലുമെല്ലാം ഒളിച്ചിരുന്ന ഭീകരരാണ് സൈനിക നടപടികള്‍ ശക്തമായതോടെ പുതിയ രീതി പരീക്ഷിക്കുന്നത്.
പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഇത്തരത്തിലുള്ള ബങ്കറുകള്‍ കണ്ടെത്തിയതെന്ന് 44 രാഷ്ട്രീയ റൈഫിള്‍സ് തലവന്‍ കേണല്‍ എ.കെ. സിങ് പറഞ്ഞു. ഇടതൂര്‍ന്ന ആപ്പിള്‍ തോട്ടങ്ങളിലും വനങ്ങളിലുമാണ് ബങ്കറുകള്‍ കണ്ടെത്തിയത്. പരമാവധി ഭീകരരെ പിടികൂടുക, വധിക്കുക എന്ന നിലയില്‍ സൈന്യം നീക്കം ശക്തമാക്കിയതോടെയാണ് പുതിയ രീതിയിലുള്ള ഒളിത്താവളങ്ങള്‍. സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക ബോധവത്കരണവും കരിയര്‍ കൗണ്‍സിലിങ്ങും നല്‍കിയും, നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമവും സജീവമായതോടെ ഭീകരര്‍ക്ക് വീടുകളില്‍ ഒളിത്താവളങ്ങള്‍ കിട്ടാതായി. ഇതോടെ നിരവധി ഭീകരര്‍ കീഴടങ്ങിയിരുന്നു.
ഭൂഗര്‍ഭ ബങ്കറുകളില്‍ ഒളിച്ചിരുന്നാല്‍ പെട്ടെന്ന് സുരക്ഷാസേനയുടെ കണ്ണുകളില്‍പ്പെടാതെ നിരവധി ദിവസം കഴിയാമെന്നാണ് ഭീകരര്‍ കരുതുന്നത്. ഇത്തരത്തില്‍ ബങ്കറുകളില്‍ ഒളിച്ചിരുന്ന അഞ്ച് ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സൈന്യം കണ്ടെത്തി വധിച്ചിരുന്നു. തകര്‍ന്ന പഴയകാല തനത് കശ്മീരി വീടുകള്‍ക്കിടയിലാണ് ഷോപ്പിയാന്‍ മേഖലയില്‍ ബങ്കറുകള്‍ കണ്ടെത്തിയത്. ആപ്പിള്‍ മരങ്ങള്‍ ഉയര്ന്നുനില്ക്കുന്ന ബന്ദോ മേഖലയില്‍ 12-10 അടിയിലുള്ള ബങ്കര്‍ മുറികള്‍ നിര്‍മിച്ചത് സൈന്യം കണ്ടെത്തിയിരുന്നു. പോളിത്തീന്‍ ഷീറ്റുകൊണ്ട് മൂടിയിട്ട നിലയിലാണ് ഒരു ബങ്കര്‍ കണ്ടെത്തിയത്. അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് മണ്ണ് മാറ്റിയതായും സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഒരു ആപ്പിള്‍ത്തോട്ടത്തില്‍ ബങ്കര്‍ കണ്ടെത്തിയെങ്കിലും ഇവിടെ നടപടി ദുഷ്കരമായിരുന്നു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ 50 സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രയിലേക്കും, മറ്റുള്ളവരെ മാറ്റിയ ശേഷവുമായിരുന്നു ബങ്കറില്‍ ഒളിച്ചിരുന്ന അഞ്ചു ഭീകരരെ വധിച്ചതെന്ന് കേണല്‍ സിങ് പറഞ്ഞു.
ഷോപ്പിയാനിലെ ഒരു നദിക്ക് സമീപം ഒരു ഇരുമ്പുപ്പെട്ടി ബങ്കറാക്കി വായു ലഭിക്കുന്നതിന് ചെറിയ ഒരു പൈപ്പും ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി ബങ്കറുകള്‍ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: