അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ ലെഗ് സ്പിന്നര്‍ പിയുഷ് ചൗള വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ നായകന് രോഹിത് ശര്‍മയെ വീഴ്ത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ രോഹിതിനെ പവിലിയനിലേക്ക് മടക്കി.
ഐപിഎല്ലില്‍ ഇതോടെ ചൗളയ്ക്ക് 151 വിക്കറ്റായി. ചെന്നൈയുടെ തന്നെ സ്പിന്നര്‍ ഹര്ഭജന് സിങ്ങിനെ മറികടന്നാണ് ചൗള മൂന്നാം സ്ഥാനത്തെത്തിയത്. ഹര്‍ഭജന്റെ വിക്കറ്റ് നേട്ടം 150 ആണ്. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍- 170 വിക്കറ്റ്. അമിത് മിശ്ര 157 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
ഇതാദ്യമായി ചെന്നൈ സൂപ്പര്‍ കിങ്സിന് കളിക്കുന്ന പീയുഷ് ചൗള ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. നാല് ഓവറില്‍ ഇരുപത്തിയൊന്ന് റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: