കണ്ണൂര്‍: കാലം തെറ്റിയെത്തിയ മഴ കാര്‍ഷിക മേഖലയ്ക്ക് കടുത്ത തിരിച്ചടിയായി. നെല്‍കര്‍ഷകരെയാണ് മഴ ഏറെ ബാധിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്ല് നശിച്ചു. ഇതുകൂടാതെ കുരുമുളക്, കമുക്, റബ്ബര്‍, വാഴ, പച്ചക്കറി കൃഷിക്കും മഴ ദോഷം ചെയ്യും. മഴയില്‍ ജില്ലയിലെ അഞ്ഞൂറ് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷി നശിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. കന്നിമാസത്തില് വിളവെടുപ്പിന് പാകമായ നെല്ല് മഴയെതുടര്‍ന്ന് വയലുകളില്‍ നീണ് നശിച്ചിരിക്കുകയാണ്. കുറുമാത്തൂര്‍, ചെങ്ങളായി, മയ്യില്‍, കാങ്കോല്‍, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂര്‍, പഴയങ്ങാടി, ഏഴോം, വേങ്ങാട്, പട്ടുവം, തില്ലങ്കേരി, ഇരിക്കൂര്‍, ഇരിട്ടി, ആറളം, തളിപ്പറമ്പ്, പയ്യന്നൂര്‍, അഞ്ചരക്കണ്ടി മേഖലയിലാണ് നാശനഷ്ടങ്ങളേറെ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പലസ്ഥലങ്ങളിലും ഇക്കുറി പാടശേഖരങ്ങളില്‍ വിത്തിറക്കിയത്. മികച്ചവിളവുമുണ്ടായി. എന്നാല്‍ കാലംതെറ്റിയ മഴ ഇവയുടെ അന്തകനായി മാറി.
കരനെല്‍കൃഷിക്കും നാശമുണ്ടായിട്ടുണ്ട്. 1500 ഏക്കറോളം സ്ഥലത്താണ് ജില്ലയില്‍ കരനെല്‍കൃഷിയുള്ളത്. ആറളത്ത് 300 ഏക്കര്‍ സ്ഥലത്തെയും കുറ്റിയാട്ടൂരില്‍ 300 ഏക്കര്‍ സ്ഥലത്തെയും നെല്‍കൃഷി നശിച്ചിട്ടുണ്ട്. കനത്ത കാറ്റില്‍ മലയോര മേഖലയില്‍ പതിനായിരത്തോളം വാഴകളാണ് നശിച്ചിട്ടുള്ളത്. കമുക് കര്‍ഷകര്‍ പച്ചയടക്ക ശേഖരിച്ച് വില്‍പ്പന നടത്തുന്ന സമയമാണിപ്പോള്‍. മഴ കനത്തതോടെ അടക്ക കൊഴിയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അടക്കയ്ക്കാണെങ്കില്‍ പൊന്നുംവില ലഭിക്കുന്ന ഘട്ടത്തിലെ കൃഷിനാശം കര്‍ഷകര്‍ക്ക് കടുത്ത തിരിച്ചടിയാണ്. നാളികേരകര്‍ഷകര്‍ക്കും റബ്ബര്‍ കര്‍ഷകര്‍ക്കും കാലാവസ്ഥ ദോഷം ചെയ്യും. നേന്ത്രക്കായക്ക് റെക്കോര്‍ഡ് വിലയുള്ള ഘട്ടത്തില്‍ വാഴ നശിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മഴമൂലം ടാപ്പിംഗ് മുടങ്ങി റബ്ബര്‍ കൃഷിയും പ്രതിസന്ധിയിലാണ്. പച്ചക്കറി കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ചോര നീരാക്കി അധ്വാനിച്ച് വിത്തിനും പണിക്കൂലിക്കും വളത്തിനുമായി ആയിരക്കണക്കിന് രൂപ ചിലവഴിച്ച കര്‍ഷകരുടെ ഉളളില്‍ ഇനിയെന്ത് എന്ന ചോദ്യം ഉയരുകയാണ്. പലരും കാര്‍ഷിക വായ്പകളെടുത്ത് ഒറ്റയ്ക്കും കൂട്ടായും കൃഷി നടത്തിയവരാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കാറുണ്ടായിരുന്നവെങ്കിലും നഷ്ടപരിഹാരം കര്‍ഷകരുടെ കയ്യില്‍ എത്തുന്നത് അപൂര്‍വ്വമാണ്. അതു കൊണ്ടു തന്നെ ഇത്തവണയും അപേക്ഷ നല്‍കിയിട്ട് വലിയ കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ തവണയുണ്ടായ കടുത്ത പ്രളയത്തില്‍ ആയിരക്കണക്കിന് വാഴ കൃഷിയടക്കമുളളവ നശിച്ച കര്‍ഷകര്‍ക്ക് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും നഷ്ട പരിഹാരം ലഭിച്ചിട്ടില്ലെന്ന് മലയോരത്തെ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കൃഷി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിനാശമുണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്തി നഷ്ടം കണക്കാക്കുകയും കര്‍ഷകരോട് പ്രകൃതിക്ഷോഭത്തിനുള്ള ആനുകൂല്യത്തിനും വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നഷ്ട പരിഹാരത്തിനും അപേക്ഷ സമര്‍പ്പിക്കാന്‍ പതിവു പോലെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ തികഞ്ഞ നിരാശയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: