കൊച്ചി : ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായി സംശയം. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടേയ്ക്ക് എത്തിയിട്ട് വര്‍ഷങ്ങള്‍ ആയെന്നതും സ്ഫോടനത്തിനുള്ള ആസൂത്രണങ്ങളും മറ്റും നടത്തണമെങ്കില്‍ പ്രാദേശിക സഹായങ്ങള്‍ ലഭിച്ചിരിക്കാം എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം.
അതേസമയം പെരുമ്പാവൂരില്‍ നിന്നും കളമശേരിയില്‍ നിന്നും പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ ഇന്ന് ദല്‍ഹിയില്‍ എത്തിക്കും. കഴിഞ്ഞ ദിവസം മൂവരേയും മജിസ്ട്രേറ്റിന് മുമ്പില്‍ എത്തിച്ചിരുന്നു. ദല്‍ഹിയിലാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ രഹസ്യമായി നടത്തിയ പരിശോധനയിലാണ് അല്‍ഖ്വായ്ദ ബന്ധമുള്ള മൂന്ന് ഭീകരരെ കേരളത്തില്‍ നിന്നും ആറ് പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തത്.
മുര്‍ഷിദ് ഹസന്, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും അറസ്റ്റിലായത്. ബംഗാള്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയിലെ അംഗങ്ങളാണിവര്‍. ദിവസങ്ങളായി ഇവര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ദല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സ്ഫോടനമടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ ബോംബ് നിര്‍മാണത്തിലും വിദഗ്ധരായിരുന്നു.
ലാപ്ടോപ്പുകള്, മൊബൈലുകള്‍, സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവ എന്‍ഐഎ സംഘം ഇവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭീകരവാദത്തിനായുള്ള ധനസമാഹരണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. പാക് അല്‍ഖ്വയ്ദ സമൂഹ മാധ്യമം വഴി ഭീകരാക്രമണത്തിനുള്ള പരിശീലനങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു.
ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കള്‍ ദല്‍ഹിയിലോ, ജമ്മു കശ്മീരിലോ എത്തിച്ചു നല്‍കാനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത്. അതിനാല്‍ തന്നെ ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ ഉണ്ടാകാമെന്നും അത്തരക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലേക്കാണ് എന്‍ഐഎ പോകുന്നതെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലമാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: