മക്കളേ,
മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍. ഉദാഹരണത്തിന് വിദ്യുച്ഛക്തിയെ നേരിട്ടു നിയന്ത്രിക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ സ്വിച്ച് ഉപയോഗിച്ച് വിദ്യുച്ഛക്തിയെ നിയന്ത്രിക്കുവാന്‍ നമുക്കു കഴിയും. അതുപോലെ വാക്കിനെ നിയന്ത്രിക്കുന്നതിലൂടെ സൂക്ഷ്മമായ മനസ്സിനെ നിയന്ത്രിക്കുവാന്‍ നമുക്കു സാധിക്കും. എപ്പോള്‍ എന്തു സംസാരിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എപ്പോള്‍ മൗനം പാലിക്കണമെന്നുള്ളതും.
ശ്രദ്ധയും ആത്മനിയന്ത്രണവും വളര്‍ത്താന്‍ മൗനം പോലെയുള്ള സാധനകള്‍ വളരെയധികം സഹായകമാണ്. ആദ്ധ്യാത്മികജീവികള്‍ ഏതൊരു വാക്ക് പറയുമ്പോഴും ശ്രദ്ധിച്ചും ആത്മനിയന്ത്രണത്തോടെയും മാത്രമേ പറയാവൂ. അമിതമായി സംസാരിക്കുമ്പോള്‍ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നഷ്ടമാകുന്നുണ്ട്. മാത്രമല്ല മനോനിയന്ത്രണത്തിനുള്ള കഴിവും വിവേകശക്തിയും ക്ഷയിക്കുകയും ചെയ്യും. അധികം സംസാരിച്ചു ശീലിച്ചവര്‍ എവിടെ ചെന്നാലും അടങ്ങിയിരിക്കില്ല. സദാ സംസാരിച്ചുകൊണ്ടിരിക്കും. സംസാരിക്കുവാന്‍ വിഷയമൊന്നുമില്ലെങ്കില്‍ വിഷയം ഉണ്ടാക്കി പറയും. അമിതസംസാരം മാറാശീലമാകും. അത് തനിക്കും മറ്റുള്ളവര്‍ക്കും ദോഷകരമാകും. അതുകൊണ്ട് വിവേകബുദ്ധിയെ ഉണര്ത്താ
നും മനസ്സിനെ ശാന്തമാക്കാ
നും ആഗ്രഹിക്കുന്നവര്‍ നാവിനെ നിയന്ത്രിക്കണം. മൗനം ശീലിക്കണം.
ഒരിക്കല്‍ ഒരു രാജാവ് ഒരു സെന്‍ ഗുരുവിനോടു ചോദിച്ചു, ‘ഒരു വാചകത്തില്‍ മതത്തെ നിര്‍വചിക്കാമോ?’ ഗുരു പറഞ്ഞു, ‘അതിന് ഒരു വാചകമൊന്നും വേണമെന്നില്ല. മതം എന്താണെന്ന് ഒരു വാക്കില്‍ പറയാം. മതം എന്നാല്‍ മൗനമാണ്.’
രാജാവു ചോദിച്ചു, ‘മൗനം നേടിയെടുക്കാന്‍ എന്താണു വഴി?’
ഗുരു പറഞ്ഞു,’ധ്യാനം’.
രാജാവു വീണ്ടും ചോദിച്ചു, ‘എന്താണു ധ്യാനം?’
ഗുരു പറഞ്ഞു, ‘മൗനം’.
മൗനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഗുരു ചെയ്തത്. മൗനവും ധ്യാനവും പരസ്പരപോഷകങ്ങളാണ്. മനസ്സ് അന്തര്‍മുഖമാകുമ്പോള്‍ തനിയെ മൗനം വരും. സാധകര്‍ തുടര്‍ച്ചയായി നാല്പത്തിയൊന്നു ദിവസം മൗനമെടുക്കുന്ന സമ്പ്രദായമുണ്ട്. പക്ഷെ തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസം വ്രതം എടുക്കുന്നത് ക്ലേശകരമായിരിക്കും. ആദ്യം ഒരു ദിവസത്തേക്കു മതി. പിന്നെ കൂട്ടിക്കൂട്ടി നാല്പത്തൊന്നു ദിവസമാക്കാം. തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസമായാല്‍ വെറുപ്പുവരും. കുറെശ്ശെ രസം കിട്ടിക്കിട്ടി വരണം. മനസ്സ് സ്വയം അനുകൂലമാകണം. പക്ഷെ, ആദ്യം രണ്ടുമൂന്നുദിവസം പിടിച്ചിരുത്തേണ്ടിവരും. പിന്നെ രസം കിട്ടുന്നതിനനുസരിച്ച് സ്വാഭാവികമായും മനസ്സ് അനുകൂലമാകും. ഒരുദിവസം മൗനമെടുത്തിട്ടു പിറ്റെദിവസം സംസാരിക്കാന്‍ നേരത്തു കഴിഞ്ഞദിവസത്തെ മൗനത്തിന്റെ സുഖം അറിഞ്ഞ മനസ്സ് പറയും, ‘മൗനം, മൗനം’ എന്ന്. ആ അഭ്യാസം നമ്മെ നയിക്കും. സംസാരിക്കാതിരുന്നാല്‍ അത്രയും സമയംകൂടി മന്ത്രം ജപിക്കുവാനും കഴിയും.
മൗനം എടുത്താലും ദൈനംദിനകാര്യങ്ങളുമായി ബന്ധപ്പെട്ട ചിന്തകള്‍ മനസ്സില്‍ വരും. അതത്ര കാര്യമാക്കേണ്ടതില്ല. അണക്കെട്ടിലെ വെള്ളം കണ്ടിട്ടില്ലേ. പുറമെ ഓളങ്ങളുണ്ടെങ്കിലും അടിയില്‍ ശാന്തമാണ്. അതുപോലെ മൗനമെടുക്കുമ്പോള്‍ അത്തരം ബാഹ്യമായ ചിന്തകള്‍ വന്നാലും അതത്ര പ്രശ്നമല്ല. ലക്ഷ്യം മറക്കാതിരുന്നാല്‍ മതി. ആരംഭത്തില്‍ മനസ്സിനെ അടക്കാനും പിടിയിലൊതുക്കാനും മൗനവ്രതം അത്യാവശ്യമാണ്.
അനാവശ്യ സംസാരത്തിലൂടെ ധാരാളം ഊര്‍ജ്ജം നഷ്ടപ്പെടും. ആയുസ്സും ആരോഗ്യവും നഷ്ടമാകും. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം വേണ്ടിവരും. വേഗം വേഗം ശ്വാസോച്ഛ്വാസം എടുക്കുന്നവന് ആയുസ്സ് കുറവാണ്. പ്രാവിന് ആയുസ്സ് കുറവാണല്ലോ.
മൗനവ്രതമെടുക്കുമ്പോള്‍ സമയം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. അനാവശ്യചിന്തകളും പ്രവൃത്തികളും ഒഴിവാക്കണം. ബാഹ്യമായ മൗനത്തേക്കാള്‍ പ്രധാനമാണ് ആന്തരികമൗനം. പുറമെ മൗനമായിരിക്കുമ്പോഴും മനസ്സ് ചിലച്ചുകൊണ്ടിരുന്നാല്‍ മൗനംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നു മാത്രമല്ല, അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യും. മനശ്ശാന്തിയും നഷ്ടമാകും.
മൗനവ്രതം നോക്കുന്ന സമയത്ത് ആരെങ്കിലും തങ്ങളെ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്താല്‍, ചിലര്‍ അതെല്ലാം നിസ്സഹായരായി കേട്ടിരിക്കും. എന്നാല്‍ മൗനവ്രതം അവസാനിപ്പിച്ചശേഷം അവരോടു പകരം വീട്ടാനായി സാധാരണ സംസാരിക്കുന്നതിലും ഇരട്ടി സംസാരിക്കുകയും ചെയ്യും. ആന കുളിച്ചു വൃത്തിയായശേഷം സ്വന്തം ശരീരത്തില്‍ മണ്ണുവാരിയിടുന്നതുപോലെയാണത്. വ്രതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി അനുഷ്ഠിക്കണം.
മൗനം എടുക്കാത്തപ്പോഴും സംഭാഷണം വളരെ കുറയ്ക്കണം. എന്തെങ്കിലുമൊരു വാക്കു പറയുമ്പോള്‍ ശ്രദ്ധിച്ചേ പറയാവൂ. നമ്മളോട് ആരെങ്കിലും കോപിച്ചാല്‍പോലും മനസ്സിന് ഇളക്കംവരാതെ നോക്കണം. ശ്രദ്ധയോടും വിവേകത്തോടും മൗനം ശീലിച്ചുകൊണ്ടിരുന്നാല്‍ മനസ്സിന്റെ ചലനങ്ങള്‍ ക്രമേണ കുറഞ്ഞുവരും. മനോനിയന്ത്രണത്തിനുള്ള കഴിവു വര്‍ദ്ധിക്കും. മനസ്സ് കൂടുതല്‍ ശാന്തവും എകാഗ്രവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: