വിജയേട്ടന് ഒരു കുടുംബസ്ഥനാണ്. സ്നേഹമയിയായ ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയുള്ള ഒരു ഗൃഹനാഥന്. പാര്‍ട്ടിക്കാര്‍ക്കുമുമ്പില്‍ വല്ലാണ്ട് തള്ളിത്തള്ളി ഒരു നേതാവിന്റെ ഇമേജൊക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നല്ലാതെ കാര്യത്തോടടുക്കുമ്പോള്‍ കക്ഷി ആളാകെ മാറും. മക്കളെക്കുറിച്ച് പറയുമ്പോഴേക്ക് അതുവരെയുള്ള നിഷ്കുഭാവം വെടിഞ്ഞ് അദ്ദേഹം പൊട്ടിത്തെറിക്കും. പിന്നെ ചിരിക്കുന്നതുകണ്ടാലും മാലോകര്‍ക്ക് പേടിയാവും. ഇതൊരു അച്ഛന്റെ രോദനമാണെന്ന് നാട്ടുകാരേ നിങ്ങള്‍ കരുതണം. അതാണ് വിജയേട്ടന്റെ കുടുംബസ്നേഹം. പാര്‍ട്ടിക്കാര്‍ക്ക് അതൊന്നും മനസ്സിലാകില്ല. അന്നേരം എകെ ഗോപാലനെയും ചടയന്‍ ഗോവിന്ദനെയുമൊക്കെ വലിച്ചിഴച്ചോണ്ട് വന്നിട്ട് ‘കണ്ടുപഠിക്ക്’ എന്ന് വിളമ്പുന്ന കുറേ മാമൂലുകാരുണ്ട്. അവരെയൊക്കെ വിജയന് പുച്ഛമാണ്. ഇതാള് വേറെയാണ്. ബ്രണ്ണന്‍ കോളേജും വടിവാളും സ്റ്റോക് എക്സ്ചേഞ്ചും സ്പ്രിങ്കഌറും ആറുമണിത്തള്ളുമൊന്നും അവര്‍ക്കറിയില്ല. വിപ്ലവത്തിന്റെ പുത്തന്‍ മുഖം അറിയണേല്‍ വിജയേട്ടന്റെ കമ്പനിയില്‍ കൂടണം.
സ്വകാര്യസ്വത്ത് പാടില്ലെന്നല്ല എല്ലാ സ്വത്തും തനിക്ക് സ്വകാര്യമാകണമെന്ന പ്രത്യയശാസ്ത്രയുക്തിയാണ് വിജയന്റെ കാലത്തെ കമ്മ്യൂണിസമെന്ന് അറിയാത്തവരാണ് രാത്രിയാവുമ്പം എന്തെങ്കിലും വിളിച്ചുകൂവുന്നത്. കോടിയേരിയുടെ മകന് കുടുങ്ങിയിട്ടും ചിറ്റപ്പന് ജയരാജന്റെ മോന് എടങ്ങേറിലായിട്ടും ഒരക്ഷരം മിണ്ടാതെ കൊറോണയുടെ മരണക്കണക്കും നോക്കിയിരുന്ന വിജയനാണ് മകളെ ചോദ്യം ചെയ്യണമെന്ന് കേട്ടപാടെ നിലവിട്ടത്. ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി മകളെയും മിസ്റ്റര്‍ മരുമകനെയും പറ്റി ഉയര്‍ന്നതോടെ വിജയനാകെ ക്ഷോഭിച്ചു. ‘എന്റെ മോളെ പറ്റി നിങ്ങളെന്തെല്ലാമാണ് പറഞ്ഞത്’ എന്ന് മുമ്പൊരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ആക്രോശിച്ച അച്ഛന് പിണറായിയുടെ മുഖം എന്നത്തേതിനേക്കാള്‍ വികൃതമായി കേരളം കണ്ടു. വിജയന്റെ മകളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ബിജെപി സംസ്ഥാനപ്രസിഡന്റിന് പുറത്ത് മറുപടി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. മാനസികനില തെറ്റിയവന് എന്ന് പുലഭ്യം പറഞ്ഞു. ആ ആവേശവും ആക്രോശവുമൊന്നും പ്രിയസഖാവിന് സഹപ്രവര്‍ത്തകരുടെ മക്കള്‍ കുടുക്കിലായപ്പോഴൊന്നും കണ്ടില്ലെന്ന് ശ്രദ്ധിക്കണം.
മാടമ്പള്ളിയിലെ യഥാര്‍ത്ഥ മാനസികരോഗിയെ മാലോകരൊക്കെ തിരിച്ചറിഞ്ഞിട്ടും ആ ആള് മാത്രം അറിയാത്തതാണ് കൗതുകം. നാല് കൊല്ലത്തിലേറെയായി ഇല്ലാക്കഥകള്‍ തള്ളിക്കയറ്റുകയായിരുന്നു വിജയന്. കീനേരി അച്ചുവിന്റെ ചങ്കൂറ്റം പോലുമില്ലാഞ്ഞിട്ടും താന്‍ ഒരു സംഭവമാണെന്ന് ഞെളിയുന്നതില്‍ വിജയന് ഉളുപ്പില്ലായിരുന്നുതാനും. ഒറ്റയ്ക്ക് തള്ളുന്നത് പോരാഞ്ഞിട്ട് ചുറ്റുപാടും ഉപദേശകരെയും സൈബര്‍ സഖാക്കന്മാരെയും പിആര്‍ ഏജന്‍സികളെയുമൊക്കെ ഉപയോഗിച്ച് തള്ളിയാണ് വിജയന് ഇത്രകാലം പിടിച്ചുനിന്നത്. മുഖ്യമന്ത്രി ആയതുകൊണ്ടാണ് ആളൊരു പാഴായിരുന്നുവെന്ന് ഇപ്പോഴെങ്കിലും കേരളം തിരിച്ചറിഞ്ഞത്. അല്ലായിരുന്നെങ്കില്‍ വിരട്ടലും വിലപേശലും കൊണ്ട് അര്‍മാദിച്ചു നടക്കുമായിരുന്നു ഇപ്പോഴും.
ആകെ മുറുകിപ്പിടിച്ച മുഖവുമായാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലമത്രയും വിജയന് കേരളത്തില്‍ പറന്നുനടന്നത്. കുലംകുത്തികളെ ഇല്ലാതാക്കിയും കാര്‍ന്നോന്മാരെയൊക്കെ വെട്ടിനിരത്തിയും അതിന് പറ്റാത്തവരെ കാസ്ട്രോയാക്കിയുമൊക്കെ വിജയന് ‘പച്ച’ പിടിച്ച് കയറിയത് കേരളത്തിന്റെ മുന്നിലാണ്. കൊലപാതകങ്ങളും അഴിമതിയുമൊന്നും വിജയന് പുത്തരിയല്ല. ആരോപണങ്ങളെ കാപ്സ്യൂളെറിഞ്ഞ് തകര്‍ക്കാന്‍ ശേഷിയുള്ള ആസ്ഥാനശുംഭന്മാര്‍ ചുറ്റുമുണ്ട് താനും. ആ ബലത്തിലാണ് ഇത്രകാലം തിണ്ടുകുത്തി തിമിര്‍ത്തത്. വിഎസിനെ സൈഡാക്കി, മുഖ്യമന്ത്രിയാകാന്‍ കുളിപ്പിച്ചൊരുക്കി, വല്ലജാതിയും ചിരിപ്പിച്ചെടുത്ത് ഫഌക്സിലും പോസ്റ്ററിലും പടമാക്കിയാണ് വിജയനെ പാര്‍ട്ടി ഈ പരുവമാക്കിയെടുത്തത്. എന്നിട്ടും വിജയന് നന്നായില്ല. പാര്‍ട്ടിസഖാക്കളോടെന്ന പോലെയാണ് ജയിപ്പിച്ച് അധികാരത്തിലേറ്റിയ ജനങ്ങളോടും വിജയന് വിരട്ടലിന്റെ ഭാഷ പുറത്തെടുത്തത്. മര്യാദയില്ലാതെ പെരുമാറുന്നതില്‍ പണ്ടേ വിരുതനായിട്ടും മുഖത്ത് ചെളി പുരളാതിരിക്കാന്‍ ആസ്ഥാന മേക്കപ്പ് വിദഗ്ധര്‍ ചുറ്റും നിന്നു. ന്യായീകരണത്തൊഴിലാളികളായി പല കൊമ്പന്മാരെയും രംഗത്തിറക്കി. എന്ത് ഫലം. തൂത്താല്‍ പോവുന്നതല്ല വിജയന്റെ ഭാഷയും ശൈലിയുമെന്ന് ഇപ്പം അവര്‍ക്കും. അറിയാം.
കഴിവുകെട്ടവനാണ് പിണറായിയെന്ന് കുടിപ്പാര്‍ട്ടിക്കിടെ വിളിച്ചുകൂവിയത് തലേ ആഴ്ചവരെ തോളില്‍ കൈയിട്ട് നടന്ന ശിവശങ്കരനാണ്. ചുക്കും ചുണ്ണാമ്പും അറിയാത്തവനെന്ന് തന്നെയാണ് അപ്പറഞ്ഞതിന് പിണറായിയുടെ ഭാഷയില്‍ അര്‍ത്ഥം. നീട്ടിക്കൊടുക്കുന്ന കടലാസില്‍ താന്‍ പറയുന്നതിനപ്പുറത്ത് ഒപ്പിടാന്‍ ഗട്സില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ശിവശങ്കര്‍ പറഞ്ഞെങ്കില്‍ അതില്‍ അവിശ്വസിക്കാന്‍ കാരണം കാണുന്നില്ല.
സ്പ്രിങ്കഌ അടക്കം കരാര്‍ വെക്കുന്നതിന് മുഷ്ടി ചുരുട്ടാനും വേണ്ടാത്തിടത്ത് ഇങ്ക്വിലാബ് വിളിക്കാനുമല്ലാതെ ഒന്നും അറിയാത്തവന്മാരുടെ ഒപ്പീസ് തനിക്ക് വേണ്ടെന്ന് പറയാതെ പറഞ്ഞ പ്രിന്‍സിപ്പള്‍ സെക്രട്ടറിയാണ് പുമാന്. അപ്പോള്‍പിന്നെ വിജയന്റെ കസേരയ്ക്ക് ചുറ്റും ഏത് ബലാലിനും കറങ്ങാനാകും. സിമിഭീകരരുടെ മൂത്താപ്പയായി വാണിരുന്ന ജലീല്‍ കൊച്ചാപ്പ പാര്‍ട്ടിക്കുള്ളില്‍ തഴച്ചതിന് വേറെ കാരണമൊന്നും കാണേണ്ടതില്ല. വിജയന്‍സഖാവിന്റെ ഭരണം കുടുങ്ങിയ വഴിയിലൊക്കെ ജലീല്‍ കയറി കുരുങ്ങുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. വഴിക്ക് വഴി എല്ലാരും സംശയത്തിന്റെ നിഴലിലേക്കാണ്. മകളെയും മരുമകനെയും ചോദ്യം ചെയ്യണമെന്ന ആവശ്യത്തിന് കൂടുതല്‍ ശക്തിയേറുകയാണ്. വിജയന് നിലവിളിച്ചിട്ടോ, സുരേന്ദ്രനെ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ലെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: