ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഎംനേതാവ് സീതാറാം യച്ചൂരി, സ്വരാജ് ഇന്തൃ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ച്, ഈ അടുത്ത ദിവസങ്ങളില്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ ആ വിഷയം വീണ്ടും ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. യച്ചൂരി, യാദവ് തുടങ്ങിയവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്നും, മൊഴികളില്‍ വന്ന പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, അവരുടെ മേല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും ദല്‍ഹി പോലീസ് വിശദീകരിച്ചെങ്കിലും തങ്ങളുടെ പ്രചരണവുമായി മുന്നോട്ട് പോകാനായിരുന്ന പല മാധ്യമങ്ങള്‍ക്കും താല്‍പ്പര്യം.
ഇടത്-ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങളും, ചില രാഷ്ട്രീയക്കാരും, ചില മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കാണിച്ചത് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ അറസ്റ്റാണ്. യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉമര്‍ ഖാലിദിനെ അറസ്റ്റു ചെയ്യാന്‍ ദല്‍ഹി പോലീസിന്റെ കയ്യില്‍ എന്ത് തെളിവാണുള്ളത് എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. സത്യത്തില്‍, ഇടത്-ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ ഇന്ത്യയിലെ മുഖങ്ങളിലൊന്നായ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതൊന്നുമല്ല ഈ കൂട്ടുകെട്ടിനെ അലോസരപ്പെടുത്തുന്നത്. കമ്മ്യൂണിസ്റ്റിന്റയും, നിരീശ്വരവാദിയുടെയും മുഖം മൂടിയാണ് ഉമര്‍ തന്ത്രപൂര്‍വ്വം ഉപയോഗിക്കാറുള്ളത്. ആ മുഖംമൂടിക്ക് ശക്തി പകരാനായി നിരോധിത സംഘടനയായ സിമിയുടെ മുന്‍ നേതാവും, ജമാത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ നേതാവുമായിട്ടുള്ള സ്വന്തം പിതാവില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് തനിക്കുള്ളത് എന്ന നിലപാടായിരുന്നു ഉമര്‍ പിന്തുടര്ന്നത്.
എന്നാല്‍ 2016 ഫെഫ്രുവരി 9ന് ജെഎന്‍യുവില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഉമറിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയിരുന്നു. പാര്‍ലിമെന്റ് അക്രമണ കേസിലെ മുഖ്യ പ്രതി അഫസല്‍ ഗുരു, കാശ്മീരി വിഘടന വാദ നേതാവ് മഖ്ബൂല്‍ ഭട്ട് എന്നിവരുടെ പേരില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നത് തികച്ചും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യചെയ്യുന്നതും, ഇന്ത്യയുടെ ഐക്യത്തെ തകര്‍ത്ത്, രാജ്യത്തെ പല കഷ്ണങ്ങളായി വെട്ടി മുറിക്കുമെന്ന ഭീഷിണി അടങ്ങിയതും ആയിരുന്നു ഉമറും കൂട്ടരും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ സാരാംശം.
ഉമറിനെക്കുറിച്ച് അറിവുള്ളവര്‍ അന്നു തന്നെ പറഞ്ഞിരുന്നു അയാള്‍ക്കുള്ളത് വര്‍ഗ്ഗീയ അജണ്ടയാണ് എന്ന്. അതിനെ അക്ഷരം പ്രതി ശരിവയ്ക്കുന്നതായിരുന്നു ഉമറിന്റ പിന്നീടുള്ള പല പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും. എന്നാല്‍ അത് മുഴുവനായും മറ നീക്കി പുറത്ത് വന്നത് പൗരത്വ നിയമ ഭേദഗതിക്കെതിരായി ഒരു വിഭാഗം ഇസ്ലാമിക സംഘടനകളും, അവരുടെ ഇടത് കൂട്ടാളികളും സംഘടിപ്പിച്ച സമര കോലാഹലങ്ങള്‍ക്കിടയിലാണ്. ദല്‍ഹിയിലും, രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങൡലും നടന്ന സമര കോലാഹലങ്ങളുടെ ഭാഗമായി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുക മാത്രമല്ല, സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തതിനു തെളിവുകളുണ്ട്. കമ്മ്യൂണിസ്റ്റ് എന്ന് കൊട്ടിഘോഷിക്കപ്പെട്ടവന്റ ഉള്ളിലെ വര്‍ഗ്ഗീയവാദ മറ നീക്കി പുറത്ത് വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഫെബ്രുവരി മാസത്തില്‍ വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപം.
ട്രംപ് വരുമ്പോള്‍ തെരുവിലിറങ്ങി വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഉമര്‍ ആഹ്വാനം ചെയ്തിരുന്നു. ഹിന്ദുക്കള്‍ മുസ്ലീങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നു, സ്വാതന്ത്ര്യ സമര സേനാനികള്‍ വര്‍ഗ്ഗീയ വാദികളും, ഭീരുക്കളുമായിരുന്നു തുടങ്ങിയ പ്രകോപനപരവും, അടിസ്ഥാന രഹിതവുമായ പ്രസ്താവനകളും ഉമര്‍ നടത്തി. ഈ വസ്തുതകള്‍ പരിഗണിച്ചും, തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരവധി തവണ ചോദ്യം ചെയ്തതിനു ശേഷവുമാണ് ഉമറിനെ അറസ്റ്റ് ചെയ്ത്. പോലീസിന്റെ ഈ നടപടിയെയാണ് ഇടത്- ഇസ്ലാമിസ്റ്റ് സഖ്യവും, മറ്റ് ചില തല്പരകക്ഷികളും ചോദ്യം ചെയ്യുന്നത്.
വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിലെ മുഖ്യ പ്രതികളിലൊരാളായ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസ്സൈന്‍ പോലീസിന് നല്കിയ മൊഴിയിലെ പ്രധാന കഥാപാത്രം ഉമര്‍ ഖാലിദാണ്. കലാപം നടത്താന്‍ അവശ്യപ്പെട്ടത് ഉമര്‍ ഖാലിദാണ്. അതിനാവശ്യമായ പണവും പിഎഫ്ഐ ദല്‍ഹി യൂണിറ്റിന്റെ പിന്തുണയും ഉമര്‍ വാഗ്ദാനം ചെയ്തു. മോദി സര്‍ക്കാരിനെ വിറപ്പിക്കുക, രാജ്യത്തും, രാജ്യാന്തര തലത്തിലും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക, ഹിന്ദുക്കളെ ഭയപ്പെടുത്തുക എന്നിവയായിരുന്നു കലാപത്തിന്റെ ലക്ഷ്യം.
അന്‍പത്തി മൂന്ന് പേരാണ് ദല്‍ഹി കലാപത്തില്‍ കൊല ചെയ്യപ്പെട്ടത്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ച്കൊണ്ട് നടന്ന സമരം മൂലം പൊറുതിമുട്ടിയപ്പോള്‍, ഉപരോധം നീക്കണമെന്നും അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നീക്കേണ്ടി വരുമെന്നും പ്രസംഗിച്ച ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ എന്ത് നടപടിയെടുത്തു എന്നതാണ് ചിലരുടെ ചോദ്യം. ദല്‍ഹി കലാപം ഫെബ്രുവരി 23ന് മിശ്ര നടത്തിയ പ്രസംഗം മൂലം ഉണ്ടായതാണ് എന്ന ബാലിശവും, തന്ത്രപരവുമായ വാദമാണ് ഇതിന് പിന്നില്‍. ദല്‍ഹി കലാപത്തിന് പിന്നില്‍ വളരെ നാളത്തെ ആസൂത്രണമുണ്ടെന്നും, അതിന് വേണ്ടി ആയുധങ്ങളും, മറ്റ് വസ്തുക്കളും സംഭരിച്ചുവന്നും, ഇതിനെല്ലാമായി കോടിക്കണക്കിന് രൂപ ഒഴുക്കിയെന്നും, ഇതിനെല്ലാം പിന്നില്‍ പ്രവൃത്തിച്ചത് ചില ചിദ്ര ശക്തികളാണ് എന്നുമുള്ള യാഥാര്‍ത്ഥ്യം മറച്ച് വക്കാനാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ പേരില്‍ രാജ്യ തലസ്ഥാനത്ത് റോഡുകള്‍ തുടര്‍ച്ചയായി ഉപരോധിച്ചതും ഷഹീന് ബാഗുകള്‍ സൃഷ്ടിച്ചതും ഹിന്ദുക്കളില്‍ നിന്ന് സ്വാതന്ത്ര്യം, ഹിന്ദുത്വത്തെ കുഴിച്ച് മൂടും, ജിന്നയുടെ സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചതും, ദല്‍ഹിയിലെ സീലംപൂരിലും ജാമിയയിലുമടക്കം രാജ്യത്തിന്റെ പല ഭാഗത്തും കലാപങ്ങള്‍ സൃഷ്ടിച്ചതും ഉണ്ടാക്കിയ അനുരണനമായിരുന്നു വടക്ക് -കിഴക്കന്‍ ദല്‍ഹിലെ കലാപമെന്നത് അവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
യാഥാര്‍ത്ഥ്യ ബോധമുള്ള ജനങ്ങള്‍ ചോദിക്കുന്നത് ഒന്നു മാത്രം. ഇസ്ലാമിക ഭൂരിപക്ഷമുള്ള അയല്‍ രാജ്യങ്ങളില്‍ മതപരമായ വിവേചനവും പീഡനങ്ങളും നേരിട്ടവര്‍ക്ക് അഭയം നല്‍കാനായി നടത്തിയ പൗരത്വ നിയമ ഭേദഗതിയെ, ഇസ്ലാമിക വിരുദ്ധമെന്ന് വിളിച്ച് കലാപം നടത്തിയവര്‍ ഉത്തരം പറയുമോ പൗരത്വ ഭേദഗതിയുടെ പേരില്‍ ആര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടതെന്ന്?
തീര്‍ച്ചയായും ഈ ചേദ്യത്തിന് മുന്പില് ഇടത്- ഇസ്ലാമിസ്റ്റ് പൊയ്മുഖങ്ങളും, അവരുടെ അജണ്ടകളും, അവര്‍ സൃഷ്ടിച്ച നുണകള്‍ കോര്‍ത്തിണക്കിയ ജാലവിദ്യകളും തകര്‍ന്ന് വീഴും. അരുന്ധതി റോയ്, ഹര്‍ഷ് മന്ദാര്, കനയ്യ കുമാര്‍, ഷര്‍ജില്‍ ഇമാം, സഫൂറ സരഗാള്, ഖാലിദ് സൈഫ്, അപൂര്‍വ്വാനന്ദ്, മുതല്‍ ഉമര്‍ ഖാലിദു വരെയുള്ളവരും, പിന്ജ്റാ തോട്, യുഎഎച്ച് തടങ്ങിയ കൂട്ടങ്ങളും അടങ്ങുന്ന, ഇടത്- ഇസ്ലാമിസ്റ്റ് സഹയാത്രികരും, സംഘടനകളും നടത്തിയ വിദ്വേഷ പ്രചാരണങ്ങളും, സാമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുന്ന പ്രസ്താവനകളും ജനങ്ങള്‍ മറന്നു എന്നവര്‍ കരുതുന്നു.
പി.സന്ദീപ് കുമാര്‍
(സൗത്ത് ഇന്ത്യന്‍ സ്റ്റഡി സെന്റര്‍,ന്യൂദല്‍ഹി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: