വിവേകാനന്ദ സ്വാമികളുടെ ജന്മശതാബ്ദിസ്മരണകളുള്ക്കൊണ്ട് നിര്‍മിതമായ വിവേകാനന്ദ ശിലാ സ്മാരകം സമ്പൂര്‍ണ ഭാരതീയരുടെയും സ്വപ്നസാക്ഷാല്‍കാരമായിരുന്നു. എന്നാല്‍ വിവേകാനന്ദ കേന്ദ്രം എന്ന സേവനസ്ഥാപനം-ത്യാഗസേവാനിരതരായ യുവതീയുവാക്കന്മാരുടെ ഒരു സംഘടന-അത് സ്വര്‍ഗീയ ഏകനാഥ്ജിയുടെ സ്വപ്നമായിരുന്നു. അദ്ദേഹത്തില്‍ അര്‍പ്പിതമായ ഒരു ദൈവനിയോഗമായിരുന്നു. ശിലാസ്മാരക നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം ഈ സ്വപ്നവും ഏകനാഥ്ജിയുടെ മനസ്സില്‍ രൂപംകൊള്ളാന്‍ തുടങ്ങിയിരുന്നു. ഈ സ്വപ്നസാക്ഷാല്‍കാരത്തിന് തുടക്കം കുറിച്ചത് 1973 ല്‍ അദ്ദേഹം തിരഞ്ഞെടുത്ത ഇരുപതോളം യുവസേവകര്ക്ക് ശിക്ഷണം നല്‍കിക്കൊണ്ടാണ്. ഭാരതത്തിലുടനീളം റേഡിയോ വഴിയും, പ്രഭാഷണങ്ങള്‍, പത്ര സമ്മേളനം വഴിയും യുവഭാരതത്തിനു മുന്പില് സ്വാമിയുടെ ആദര്‍ശത്തിനെ ഏകനാഥ്ജി അവതരിപ്പിച്ചു. യുവാക്കളെ സ്വാമിജിയുടെ ആഗ്രഹനിവൃത്തിക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ ആഹ്വാനം ചെയ്തു.
ഈ സ്വപ്നസാക്ഷാല്‍കാരത്തിന്റെ നാന്ദി കുറിച്ചത് ദേശഭക്തരും ധര്മധീരരും കര്മവീരരും ത്യാഗസമ്പന്നരുമായ ഒരു സംഘം യുവതീയുവാക്കന്മാരെ വിവേകാനന്ദ സന്ദേശത്തിലടങ്ങിയിരിക്കുന്ന ഭാരത പുനരുദ്ധാരണത്തിന്റെ ശരിയായ രൂപരേഖ പഠിപ്പിച്ച്, അവരുടെ ജീവിതത്തിലെ ശക്തിയും ലക്ഷ്യവുമാക്കി, മാനവനിര്മാണം രാഷ്ട്രനിര്‍മാണം എന്ന മഹത്തായ കാര്യപദ്ധതി തയ്യാറാക്കിക്കൊണ്ടാണ്. 1973 ആഗസ്റ്റ് മാസത്തിലാണ് വിവേകാനന്ദ കേന്ദ്രത്തില്‍ ജീവന്വ്രതികളായി(അതാണ് ആ സ്വയംസേവകര്‍ക്കായി നല്കിയ അര്‍ത്ഥവത്തായ പേര്) വന്ന് സ്വയം ഒരു വര്‍ഷത്തെ പരിശീലനത്തിന് വിധേയരായപ്പോഴാണ് ആ സങ്കല്‍പ്പം സാര്‍ത്ഥകമായത്. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും അത്തരം പരിശീലനത്തിനും ത്യാഗസേവാപ്രവര്ത്തനങ്ങള്ക്കും സന്നദ്ധരായ ആദ്യത്തെ ബാച്ചിനെ ഏകനാഥ്ജി തന്നെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പരിശീലനം നല്കാന് ആരംഭിച്ചു. ഭാരതത്തിലെ വരിഷ്ഠ സംന്യാസി ശ്രേഷ്ഠന്മാരെയും സമുദായ നേതാക്കന്മാരെയും ക്ഷണിച്ചുകൊണ്ടുവന്ന് പ്രേരണാദായകങ്ങളായ ക്ലാസ്സുകള്‍ എടുപ്പിച്ചു. യോഗ പരിശീലനം നിര്‍ബന്ധമാക്കി. സ്വന്തം ആരോഗ്യം മാത്രമല്ല സമുദായത്തിന്റെ സര്‍വതോമുഖമായ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുക. അതിനായി വിവേകാനന്ദ സന്ദേശങ്ങളില്‍നിന്ന് കരുത്തു സംഭരിച്ച് വിദ്യാഭ്യാസം ആരോഗ്യസംരക്ഷണം. ഇത്യാദി സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും പിന്നാക്ക മേഖലകളില്‍ ആരംഭിക്കുക. ഇതായിരുന്നു ലക്ഷ്യം. ആദ്യത്തെ ബാച്ചില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന യുവാവായിരുന്നു ഇന്ന് വിവേകാനന്ദ കേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്ന ബാലകൃഷ്ണന്‍ജി.
ബാല്യകാലം: കേരളത്തില്‍ പഴയന്നൂരിന്നടുത്തുള്ള ചേലക്കരയോടു ചേര്‍ന്ന് വെങ്ങാനല്ലൂര്‍ എന്ന ഗ്രാമത്തില്‍ ധന്യരായ അനന്തകൃഷ്ണന്-ലക്ഷ്മി അമ്മാള്‍ ദമ്പതികളുടെ എട്ടാമത്തെ സന്താനം. ഒരു സാധാരണ ബ്രാഹ്മണകുടുംബത്തില്‍ 1937 മെയ് മാസത്തില്‍ ഭൂജാതനായ ബാലകൃഷ്ണന്റെ സ്കൂള്‍ വിദ്യാഭ്യാസം ചേലക്കര ഗവണ്മെന്റ് ഹൈസ്കൂളിലും കോളജ് വിദ്യാഭ്യാസം തൃശൂര്‍ കേരള വര്‍മ കോളജിലുമായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലുള്ള എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേഷന് കോളജില്‍നിന്ന് ബികോം പാസ്സായി, 1957ല്‍ എയര്‍ഫോര്‍സില്‍ സേവനം ആരംഭിച്ചു. ഭാരതത്തിന്റെ പ്രധാനപ്പെട്ട എല്ലാ അതിര്‍ത്തി മേഖലകളിലെ എയര്‍ഫോഴ്സ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിക്കാനും, രാജ്യത്തിന്റെ പ്രതിരോധശക്തിയെപ്പറ്റിയും, വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതരീതിയെപ്പറ്റിയും നേരിട്ടറിയാനുള്ള അവസരം ലഭിച്ചു. ബംഗാള്‍, ഷില്ലോങ്, തേസ്പൂര്, അഗര്‍ത്തല, അദാംപൂര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങള്‍ അതിലുള്‍പ്പെടുന്നു. പതിനാറു വര്‍ഷത്തെ സേവനത്തിനുശേഷം 1973 ല്‍ വിരമിച്ച് നേരെ വിവേകാനന്ദ കേന്ദ്രത്തിലെത്തി.
വിവേകാനന്ദ കേന്ദ്രത്തില്‍: 1973 ആഗസ്റ്റില്‍ ബാലകൃഷ്ണന്‍ജി ഏകനാഥ്ജിയാല്‍ ജീവന്വ്രതയായി തിരഞ്ഞെടുക്കപ്പെട്ട് തന്റെ സമര്‍പ്പിത ജീവിതം തുടങ്ങി. പിന്നീട് സേവനസാധ്യതകളുടെ വികാസവും ദൃഢീകരണവും തന്നെയായിരുന്നു ആ ജീവിതത്തില്‍. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലാണ് പ്രത്യേകിച്ചും അരുണാചല്‍പ്രദേശിലാണ് ആത്മാവിന്റെ വിളി എന്ന പോലെ ബാലകൃഷ്ണന്‍ജിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പുഷ്പിച്ചത്. 1974 മുതല്‍ 1980 വരെ കഠിനാദ്ധ്വാനം ചെയ്ത് വിഷമമേറിയ വനവാസി ക്ഷേത്രത്തില്‍ ഏഴ് വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ തേടിക്കൊണ്ടുവന്ന് താമസിച്ച് പഠിക്കാവുന്ന വിദ്യാലയങ്ങളില്‍ അവര്‍ക്കാദ്യമായി വിദ്യാഭ്യാസത്തിന്റെ പ്രകാശം പകര്‍ത്തിക്കൊടുത്തു. പിന്നീട് ആ മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറിയായി. വിദ്യാലയ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ചും കൂടുതല്‍ വിദ്യാലയങ്ങള്‍ തുറന്നും അരുണാചല്‍പ്രദേശിന്റെ മുഖഛായതന്നെ മാറ്റിയെടുക്കാന്‍ വിവേകാനന്ദ കേന്ദ്രത്തിലൂടെ ബാലകൃഷ്ണന്‍ജിക്ക് സാധിച്ചു.
1981 ല്‍ ഏറ്റവും സീനിയര്‍ ജീവന്വ്രതിയായിരുന്ന ബാലകൃഷ്ണന്‍ജി കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറിയായി. 2001 വരെ ആ പദത്തിലിരുന്ന് വിവേകാനന്ദ കേന്ദ്രത്തിന്റെ വികസനത്തിന് കാരണക്കാരനായി. 2001 ല്‍ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായും ഈ വര്‍ഷം ജൂലായില്‍ മാനനീയ പരമേശ്വര്‍ജിയുടെ നിര്യാണത്തിനുശേഷം വന്ന അധ്യക്ഷപദത്തിന്റെ ഒഴിവിലേക്ക് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സേവന പ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട ശൃംഖല തന്നെയായിരുന്നു വിശ്രമമില്ലാത്ത കഴിഞ്ഞ നാളുകളത്രയും. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാല്‍ തീരാത്തവയാണ്. ഏകനാഥ്ജിയുടെ ഉല്‍ക്കടമായ ഒരാഗ്രഹമായിരുന്നു ആസ്സാമില്‍ ഒരു വിവേകാനന്ദ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വേണമെന്നത്. അതേപോലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ സ്കൂളുകള്‍ തുടങ്ങണമെന്നും. അതെല്ലാം ഇന്ന് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ആസാമില്‍ കടകട്ടിയില് ഒരു ഗ്രാമീണ വികസന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂദല്‍ഹിയില്‍ വിവേകാനന്ദ കേന്ദ്ര ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്, ഒഡീഷയിലെ വിവേകാനന്ദ അക്കാദമി ഓഫ് യോഗ, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഭുവനേശ്വര്‍, അരുണാചല്‍പ്രദേശിലെ ബിഎഡ് കോളജ്, വിവേകാനന്ദ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ എക്സലന്റ്സ് എന്നിവ എടുത്തുപറയേണ്ടവയാണ്. കേന്ദ്രത്തിന്റെ കീഴില്‍ 85 സ്കൂളുകളാണ് ഭാരതത്തിലുള്ളത്.
1992 ല്‍ വിവേകാനന്ദ കേന്ദ്രം നടത്തിയ അദ്ഭുതാവഹമായ വിവേകാനന്ദഭാരത പരിക്രമയുടെ സൂത്രധാരന്‍ ബാലകൃഷ്ണന്‍ജിയായിരുന്നു. 1992 ജനുവരി 12 മുതല്‍ കല്‍ക്കട്ട മുതല്‍ കന്യാകുമാരി വരെ 347 ദിവസംകൊണ്ട് 22000 കി.മീ. യാത്ര ചെയ്ത ആ സംഘത്തില്‍ 50 ജീവന്വ്രതികളും 9 വാഹനങ്ങളും പങ്കെടുത്തു. നൂറുവര്‍ഷം മുന്‍പ് വിവേകാനന്ദ സ്വാമികള്‍ നടത്തിയ ഭാരതപരിക്രമയുടെ പുനരാവര്‍ത്തനമായിരുന്നു അത്. ഡിസംബര്‍ 25 ന് കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ പരിസമാപിച്ചു. അതില്‍ എല്ലാ ദിവസവും പങ്കെടുത്ത് വിവേകാനന്ദ സന്ദേശം നാടെങ്ങും പരത്തുവാനുള്ള സൗഭാഗ്യം ഗുരുകൃപയാല്‍ ഈ ലേഖികക്കുണ്ടായി.
ഞാന്‍ ബാലകൃഷ്ണന്‍ജിയെ ആദ്യമായി കാണുന്നത് ദല്‍ഹിയില്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ്. ദല്‍ഹി കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷ എന്ന നിലയില്‍ അന്യോന്യം പരിചയപ്പെട്ടു എന്നതില്‍ കവിഞ്ഞ് ആ സമാഗമത്തിന് പ്രത്യേക അജണ്ട ഉണ്ടായിരുന്നില്ല. കന്യാകുമാരിയില്‍ ബാലകൃഷ്ണന്‍ജി ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ട അതേ യോഗത്തില്‍ത്തന്നെയാണ് ഏകനാഥ്ജി എന്നെ സഹസെക്രട്ടറിയായി സ്വാഗതം ചെയ്തത്. അതോടെ ഞങ്ങള്‍ ഒരേ കുടുംബാംഗങ്ങളായി. ഹൃദയപൂര്‍വം ഈ ജ്യേഷ്ഠസഹോദരിയെ തന്റെ പ്രവര്‍ത്തനമണ്ഡലത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹത്തിനൊരു പ്രയാസവുമുണ്ടായില്ല. 1981 അവസാനത്തോടെ ഞാന്‍ കേന്ദ്രത്തിലെ വര്‍ക്കിങ് പ്രസിഡന്റായും തുടര്‍ന്ന് മാനനീയ ഏകനാഥ്ജിയുടെ നിര്യാണത്തിനുശേഷം അദ്ധ്യക്ഷപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ ആരോഹണത്തിന് നിര്‍ബന്ധം ചെലുത്തി മുന്നിലുണ്ടായിരുന്നത് ബാലകൃഷ്ണന്‍ജി തന്നെയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ അത്യന്തം സ്നേഹാദരങ്ങളോടെ മൂത്തസഹോദരിയെപ്പോലെതന്നെയാണ് അദ്ദേഹം എന്നെ കരുതിവന്നിട്ടുള്ളത്.
ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ച ആ തീര്‍ത്ഥയാത്ര ബാലകൃഷ്ണജി തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വന്തം ആരോഗ്യത്തിനെപ്പറ്റിയോ സുഖസൗകര്യങ്ങളെപ്പറ്റിയോ ഗൗനിക്കാതെ അവിശ്രമം രാപകല്‍ ഏകനാഥ്ജിയുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിന് രൂപംകൊടുത്തുകൊണ്ടിരിക്കുന്ന ആ ജീവിതം ലളിതസുന്ദരമാണ്. സര്‍വഥാ അനുകരണീയമാണ്. കേന്ദ്ര പൊതുപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനായി ഒരു കാറോ മറ്റെന്തെങ്കിലും ആര്‍ഭാടങ്ങളോ വിവേകാനന്ദ കേന്ദ്രത്തില്‍ കാണാനാവുകയില്ല. നിസ്വാര്‍ത്ഥതയുടെയും സമര്‍പ്പണത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ധ്വനികള്‍ മാത്രമാണ് ആ ജീവിതത്തെ ധന്യധന്യമാക്കിക്കൊണ്ടിരിക്കുന്നത്. ദീര്‍ഘകാലം വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചുകൊണ്ട്, ‘ജീവനേയാവദാദാനം സ്യാത്പ്രദാനം തതോധികം’ എന്ന ആദര്‍ശത്തിന് സ്വജീവിതത്തിലൂടെ ഭാഷ്യം ചമച്ചുകൊണ്ടിരിക്കുന്ന ആ സമര്‍പ്പിത ജീവിതത്തിന് ആയുരാരോഗ്യപ്രവര്ത്തനശേഷി നല്കി സര്‍വശക്തനായ ഈശ്വരന് അനുഗ്രഹിക്കട്ടെ.
ഡോ.എം. ലക്ഷ്മീകുമാരി
(1982 മുതല്‍ 1995 വരെ വിവേകാനന്ദ കേന്ദ്രത്തിന്റെ അഖിലേന്ത്യാ അധ്യക്ഷയായിരുന്നു ലേഖിക. ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്റെ അധ്യക്ഷയാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: