സഹ്യപര്‍വതനിരകളില്‍ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന, സഹ്യന്റെ പുത്രിയെന്നു വിളിക്കപ്പെടുന്ന പ്ലാവ് കേരളത്തില്‍ വീണ്ടും പ്രചാരം നേടുകയാണിപ്പോള്‍. പേരറിയാത്തതും പേരിടാത്തതും നാനാതരത്തിലുള്ളതുമായ അമ്മച്ചിപ്ലാവുകളെ വച്ച് പുതുതലമുറ പ്ലാവിനങ്ങളെ അളക്കാന്‍ വരട്ടെ. ശാസ്ത്രീയവും ഊര്‍ജിതവുമായ കൃഷിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള വികസനത്തിനുമാണ് ഇവയിലൂടെ സാധ്യത തെളിയുന്നത്.
ഇനിയുമെന്തിന് പ്ലാവ്
ആയിരക്കണക്കിനു ടണ്‍ ചക്ക ഉപയോഗിക്കപ്പെടാതെ നശിക്കുമ്പോള്‍ വീണ്ടും ഇവിടെ പ്ലാവ് കൃഷിയോ എന്നു ചോദിക്കുന്നവരുമുണ്ട്. ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ചക്ക അങ്ങനെതന്നെ തിന്നുതീര്ക്കുന്നതിനും, മുള്ളും മടലുമെല്ലാം സഹിതം വിപണനം നടത്തുന്നതിനുമാണെങ്കില് ഇനി കേരളത്തില്‍ ഒരു ചുവട് പ്ലാവു പോലും അധികമായി വേണ്ടതില്ല. നമുക്ക് വേണ്ടത് ഇനത്തിന്റെ മെച്ചം കൊണ്ട് തീന്മേശകള് പിടിക്കുന്ന ചക്കച്ചുളകളും വിപണി പിടിക്കുന്ന മൂല്യവര്‍ധിത ചക്കയുല്പ്പന്നങ്ങളുമാണ്.
ബ്രാന്‍ഡ് മൂല്യത്തിന്റെ ബലത്തില്‍ ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും ഉല്‍പന്നങ്ങളുമായെത്തി കച്ചവടം കൈപ്പിടിയിലാക്കാന്‍ സാധിക്കുന്ന സംരംഭകര്‍ക്കു വേണ്ടിയാണ് പ്ലാവ് അതിന്റെ രണ്ടാംവരവില്‍ കാത്തുനില്‍ക്കുന്നത്. ഇത്തരക്കാര്‍ക്കു വേണ്ടിയാകണം ഇനിയുള്ള പ്ലാവ് കൃഷി. ഈ കാഴ്ചപ്പാടോടെയാകണം ഇനിയിവിടെ പ്ലാവ് കൃഷിയുടെ വികസനം.
ഇനങ്ങള്‍ വാഴുന്ന കാലം
ചക്ക ഹല്‍വയെന്നു പറയുന്നതിനു പകരം തേന്‍വരിക്ക ഹല്‍വയെന്നു പറയുമ്പോള്‍ ഉല്‍പ്പന്നത്തിനു നൊടിയിടയില്‍ സ്വീകാര്യത വര്‍ധിക്കുന്നില്ലേ. ഇതു തന്നെയാണ് ഉല്പ്പന്നകേന്ദ്രീകൃത കൃഷിയുടെ അടിസ്ഥാന സ്വഭാവവും. ഉല്‍പ്പന്നത്തിന് ഇനം തുണയാകുന്നു, ഇനത്തിന് ഉല്‍പ്പന്നം ബലമേകുന്നു. ഇത്തരം മാറിയ സമീപനത്തിലൂടെയായിരിക്കും കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്നതിനു തക്ക ശേഷി ആര്‍ജിക്കാന്‍ പ്ലാവിനു സാധിക്കുന്നത്.
ഉദാഹരണത്തിനു മാമ്പഴത്തിന്റെ കാര്യം തന്നെയെടുക്കാം. മൂവാണ്ടന്‍ പോലെയുള്ള പ്രാദേശിക ഇനങ്ങള്ക്കുള്ളതിനെക്കാള് എത്രയോ മികച്ച വിലയാണ് അല്‍ഫോണ്‍സോ പോലെയുള്ള ഇനങ്ങള്‍ക്കുള്ളത്. ഇതുപോലെ ഇനമറിയാതെ വളരുന്ന പ്ലാവുകളുണ്ടാകരുത്, പേരില്ലാതെ കായ്ക്കുന്നവയുമുണ്ടാകരുത്, ആര്‍ക്കും വേണ്ടാതെ ചീഞ്ഞഴുകിപ്പോകുന്ന അനാഥച്ചക്കകളും പാടില്ല. ഈ സമീപനം പ്ലാവിന്റെ രണ്ടാംവരവിന്റെ വേദവാക്യമായി മാറുമ്പോള്‍ തൈയുല്‍പാദനവും നടീലും മുതല്‍ വിളവെടുപ്പും വിളവെടുപ്പാനന്തരപരിചരണവും വരെയുള്ള കൃഷിരീതികള്‍ പൂര്‍ണമായും ശാസ്ത്രീയമാകണം. വിപണിയുടെ ആവശ്യത്തിനും ഉല്‍പ്പന്നത്തിന്റെ സ്വഭാവത്തിനുമനുസരിച്ച് ചക്കയെ സംസ്കരണ വ്യവസായത്തിന്റെ അസംസ്കൃത വസ്തുവെന്ന നിലയില്‍ കാണുന്ന സമീപനം വളര്‍ന്നു വരികയും വേണം.
വെറും ചക്കയും നമുക്കു വേണ്ട ചക്കയും
ഏതിനം പ്ലാവു നട്ടാലും ചക്കയുണ്ടാകും. എന്നാല്‍ ആ ചക്കയില്‍ നിന്ന് വിപണിയില്‍ മത്സരക്ഷമതയുള്ള ഉല്പ്പന്നമുണ്ടാകണമെന്നില്ല. മറ്റേതെങ്കിലുമൊരു വിളകൊണ്ടു പരീക്ഷണം നടത്തുന്നതു പോലെ പ്ലാവുകൊണ്ട് പരീക്ഷണവും സാധിക്കില്ല. അനേകവര്‍ഷങ്ങള്‍ നിലനില്ക്കേണ്ട വൃക്ഷ വിളയാണിത്. ഒരോ ഏക്കറില്‍ നിന്നും നാല്പതു മുതല്‍ അറുപതുവരെ ടണ്‍ വിളവാണ് ശാസ്ത്രീയ കൃഷിയിലൂടെ ലഭിക്കുന്നത്. ഇതാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവു കൃഷിയുടെ രത്നച്ചുരുക്കം. ലക്ഷ്യമറിയാതെയും ഉദ്ദേശ്യമറിയാതെയും ആരും വഴിതെറ്റി പ്ലാവുകൃഷിയിലെത്തുന്നവരാകരുത്. ഓരോ ഉല്‍പ്പന്നത്തിനും ചേരുന്ന ഇനങ്ങളുണ്ട്. അവ മാത്രമായിരിക്കണം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. ഇതാണ് കൃഷിയുടെ കാര്യത്തില്‍ വരേണ്ട പുതിയ സമീപനം. നാം കൃഷിചെയ്ത് ഉല്പാദിപ്പിക്കുന്ന ചക്കകള്‍ ഏത് ഉല്‍പ്പന്നമായാണ് വിപണിയിലും ഉപഭോക്താവിന്റെ പക്കലുമെത്തേണ്ടത് എന്ന കാര്യത്തില്‍ വളരെ കണിശമായ ബോധ്യം തുടക്കത്തില്‍ തന്നെയുണ്ടാകണം. എല്ലാ പ്ലാവും നല്ലതായിരിക്കും. എന്നാല്‍ എല്ലാ പ്ലാവും നമ്മുടെ ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ നല്ലതായിരിക്കണമെന്നില്ല എന്നു ചുരുക്കം.
മേശപ്പുറം വാഴാന്‍
ഉല്‍പ്പന്ന കേന്ദ്രീകൃത പ്ലാവ് കൃഷിയെന്നു പറയുമ്പോള്‍ പഴങ്ങളെ അങ്ങനെതന്നെ ആഹാരമാക്കുന്ന സമ്പ്രദായത്തെ പൂര്‍ണമായി ഒഴിവാക്കുകയല്ല. വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവ് കൃഷിയുടെ വലിയൊരു മേഖല തന്നെ പഴങ്ങളുടെ വിപണിക്കു വേണ്ടിയുള്ളതാണ്. ഇതിനു യോജിക്കുന്ന ഇനങ്ങളെ ടേബിള്‍ ഫ്രൂട്ട് വെറൈറ്റികള്‍ എന്നു വിളിക്കാം. ഇത്തരം ഇനങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ മുന്തിയ പരിഗണന കൊടുക്കേണ്ടത് ചുളയുടെ വലുപ്പം, രുചി, നിറം, ദൃഢത തുടങ്ങിയ ബാഹ്യമായ ലക്ഷണങ്ങള്‍ക്കായിരിക്കണം. ഉയര്‍ന്ന സൂക്ഷിപ്പുകാലം, ജലാംശത്തിന്റെ കുറഞ്ഞ അളവ്, ദീര്‍ഘകാലത്തെ ലഭ്യത, ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ കൂടിയ അനുപാതം തുടങ്ങിയ കാര്യങ്ങളും ഇതിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു.
കമ്പോളം കാത്തിരിക്കുന്നു
പഴത്തിന്റെ വിപണിക്കൊപ്പമോ ഒരു പടി മുന്നിലോ പ്രധാനമാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണിയും. ഇവയെ പ്രധാനമായി രണ്ടായി തരംതിരിക്കാവുന്നതാണ്-ഗാര്‍ഹിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വ്യാവസായിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും. ഇടിച്ചക്ക വിഭവങ്ങള്‍, അടയും അപ്പവും പോലെയുള്ള ലഘുഭക്ഷണങ്ങള്‍, വറുത്തുപ്പേരി തുടങ്ങിയവയൊക്കെ ഗാര്‍ഹിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടെയും വീടുകളില്‍ സ്വീകാര്യമായ ഇവ ചുറ്റുവട്ടത്തെ വീടുകളിലും ആവശ്യമായി വരുമെന്നു വ്യക്തം. അതിനാല്‍ തന്നെ പ്രാദേശികമായി ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമൊക്കെ ഇവയ്ക്ക് വിപണി കണ്ടെത്താനും സാധിക്കും. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കാര്യമെടുത്താല്‍ ജില്ലയുടെയോ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെ തന്നെയുമോ അതിരുകള്‍ വിപണിയുടെ അതിരുകളായി മാറുന്നില്ല. വാക്വം ഫ്രൈഡ് ചിപ്സ്, സ്ക്വാഷ്, ജാം, സിറപ്പ്, ജെല്ലി, ഐസ്ക്രീം തുടങ്ങിയ വ്യാവസായിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
ഗാര്‍ഹികം X വ്യാവസായികം
ചുരുക്കത്തില്‍ അടുക്കളയിലെ ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ ഗാര്‍ഹികവും യന്ത്രസഹായത്തോടെ തയ്യാറാക്കാവുന്നവ വാണിജ്യ ഉല്പ്പന്നങളുമെന്നു വിശാലമായി തരംതിരിക്കാം. രണ്ടിലേതിനായാലും പ്ലാവിനത്തെയും ഉല്പാദകനെയും ഉല്‍പ്പന്നം കൊണ്ടു തിരിച്ചറിയാന്‍ സാധിക്കുന്ന അവസ്ഥയാണ് ഓരോ സംരംഭകനുമുണ്ടാക്കേണ്ടത്. ഇനത്തിന്റെയും സംരംഭകന്റെയും സൂചനകള്‍ കൂടി ഉള്‍ക്കൊള്ളുന്ന കൃത്യമായ ബ്രാന്‍ഡിങ്ങോടു കൂടി ഉല്പന്നങ്ങള് വിപണിയിലെത്തണം. ഉപഭോക്താവിന് കൃത്യമായ ഉല്‍പ്പന്നം വാങ്ങാന്‍ സാധിക്കുന്നതു പോലെ ഉല്പാദകന് ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ മികച്ച വരുമാനം കരസ്ഥമാക്കാനും ഇതിലൂടെ സാധിക്കുന്നു. ഉദാഹരണത്തിന് വെറുതെ ചക്ക ചിപ്സ് എന്നു മാത്രം പറയാതെ വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, ജെ33, ഡാങ്സൂര്യ, സിന്ദൂര്‍, പാത്താമുട്ടം വരിക്ക, സീഡ് ഫ്രീ ജാക്ക് തുടങ്ങി ഇനത്തിന്റെ പേരും സംരംഭകന്റെ പേരും കൂടി ചേര്‍ത്ത് വിപണി കണ്ടെത്തുന്നതിനാണ് ബ്രാന്‍ഡിങ്ങിലൂടെ ശ്രമിക്കേണ്ടത്.
ഏതിനം നടണം
ഉല്‍പ്പന്ന കേന്ദ്രീകൃത പ്ലാവുകൃഷിയിലും വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവുകൃഷിയിലും ഇന്നിപ്പോള്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന നിരവധി ഇനങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും ഹോംഗ്രോണിനു സാധിച്ചിട്ടുണ്ട്. നടീലിനു ശേഷം ഒരു വര്‍ഷം കൊണ്ടുതന്നെ വിളവു ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ ഇടയകലത്തില്‍ പോലും കൃഷി സാധിക്കുന്നതുമായ ജാക്ക് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലിയുടെ പേരാണ് ഇക്കൂടെ പ്രഥമ പരിഗണനയര്‍ഹിക്കുന്നത്.
ചക്കയുടെ പരമ്പരാഗത ധാരണകളെ മുഴുവന്‍ തിരുത്തിക്കുറിക്കുന്ന സീഡ് ഫ്രീ ജാക്ക് മറ്റൊരിനം. നിശ്ചയമായും വരാനിരിക്കുന്ന കാലത്തിന്റെ ഇനമാണിത്. ഇന്നോളം കണ്ടിട്ടുള്ള എല്ലാ ചക്കയുടെയും അടിസ്ഥാന സ്വഭാവമായ കുരുവും അരക്കും ഇതിലില്ല. എന്തിനധികം, കാര്യമായ തോതില്‍ ചകിണി പോലുമില്ല. എന്നാല്‍ സ്വാദിലും സുഗന്ധത്തിലും ഒന്നാന്തരം ചക്ക തന്നെ. പൈനാപ്പിള്‍ കഷണങ്ങളാക്കി വയ്ക്കുന്നതു പോലെ ചക്കയും കഷണങ്ങളാക്കി വയ്ക്കുകയും വിളമ്പുകയും കഴിക്കുകയും ചെയ്യാമെന്നു വന്നാലോ. ഇതാണ് ടേബിള്‍ ടോപ്പ് വെറൈറ്റികളില്‍ കിരീടം വയ്ക്കാത്ത രാജാവാകാന്‍ കുതിക്കുന്ന സീഡ് ഫ്രീ ജാക്കിന്റെ പ്രത്യേകത.
അരക്കില്ലാത്ത ജാക്ക് ഗംലെസ്, ചെമ്പരത്തിപ്പൂവിനൊക്കുന്ന ചുവപ്പു നിറം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സിന്ദൂര്‍, കൂഴയിനങ്ങളിലെ കേമിയായ ജാക്ക് ചുങ്കപ്പുര സോഫ്റ്റ് തുടങ്ങിയവയും ഉല്പ്പന്നകേന്ദ്രീകൃത വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവ് കൃഷിയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
കൃഷിമുറയില്‍
ശ്രദ്ധിക്കാനേറെ
ഇനത്തെ മുന്‍നിര്‍ത്തിയുള്ള കൃഷിവ്യാപനമാണ് ഇനിയുണ്ടാകേണ്ടതെന്നു പറഞ്ഞു കഴിഞ്ഞു. അതുപോലെ പ്രധാനമാണ് ഇനത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് ശാസ്ത്രീയമായ കൃഷിമുറകളും. ഉദാഹരണത്തിന് ഇന്നിപ്പോള്‍ ഏറ്റവുമധികം വാണിജ്യപ്രാധാന്യമുള്ള ഇനം വിയറ്റ്നാം സൂപ്പര്‍ ഏര്ലിയാണെന്നു നിസംശയം പറയാം. കാരണം ഒരേക്കറില്‍ 430 ചുവടുകള്‍ നടാന്‍ സാധിക്കുമെന്നതും ഇത്രയും പ്ലാവില്‍ നിന്ന് നാല്പതു മുതല്‍ അറുപതു ടണ്‍ വരെ വിളവു ലഭിക്കുമെന്നതുമാണ് ഇതിന്റെ കാര്യം.
ഒരേക്കറില്‍ നടാന്‍ സാധിക്കുന്ന റബറിനെക്കാള്‍ രണ്ടരയിരട്ടിയെണ്ണം പ്ലാവുകള്‍ നടാമെന്നു പറയുമ്പോള്‍ കൃഷിമുറകള്‍ എത്രമാത്രം ശാസ്ത്രീയമാകണമെന്നു വിശേഷാല്‍ പറയേണ്ടതില്ലല്ലോ. രണ്ടു ചുവടുകള്‍ തമ്മിലും രണ്ടു നിരകള്‍ തമ്മിലും പത്തടി വീതം അകലം കൊടുത്താണ് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നടുന്നത്. ഉയരവും ഇലത്തഴപ്പും തീരെ കുറവാണെന്നതാണ് നടീല്‍ അകലം ഇത്രമാത്രം കുറയ്ക്കാന്‍ നമ്മെ സഹായിക്കുന്നത്. പരമാവധി പതിനഞ്ചടിയില്‍ ഈയിനം പ്ലാവിന്റെ ഉയരം ക്രമീകരിക്കണം. ഇതുവഴി വിളവെടുപ്പ് അനായാസമാകുമെന്ന മെച്ചവുമുണ്ട്. ഇലത്തഴപ്പാകട്ടെ പത്തടി വ്യാസത്തില്‍ മാത്രവുമായിരിക്കും. വളരെ നേരത്തെ ചക്ക വിരിയുന്ന സ്വഭാവം മൂലം തടിക്കു വേണ്ടത്ര ബലമില്ലാത്തതിനാല്‍ ചക്കകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചാലാണ് ഈയിനത്തില്‍ നിന്നു മികച്ച ഫലം ലഭിക്കുന്നത്. അല്ലാത്ത പക്ഷം ചക്കകള്‍ വിരൂപമായി പോകുമെന്നു മാത്രമല്ല, പ്ലാവിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യും. ചക്കകളുടെ എണ്ണം കുറയ്ക്കണമെന്നു പറയുമ്പോള്‍ അത്രയും ഇടിച്ചക്കകള്‍ ലഭിക്കുക കൂടിയാണ് ചെയ്യുന്നതെന്നു മറക്കരുത്. ഒരു സീസണില്‍ നാലു ചക്കയെന്ന തോതില്‍ ഒരു വര്‍ഷം ഒരു പ്ലാവില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ എട്ടു ചക്ക മാത്രം ശേഖരിക്കുമ്പോള്‍ ശേഷിക്കുന്നതു മുഴുവന്‍ ഇടിച്ചക്കയെന്ന നിലയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.
ചുരുക്കത്തില്‍ പ്ലാവ് അതിന്റെ തറവാട്ടില്‍ ജൈത്രയാത്രയ്ക്കായി വീണ്ടുമെത്തിയിരിക്കുകയാണ്. ഈ വരവിനെ ഒരു സംഭവമാക്കി മാറ്റാന്‍ സാധിക്കണമെങ്കില്‍ കൃഷി ശാസ്ത്രീയമാകണം, ഉല്‍പ്പന്ന കേന്ദ്രീകൃതമാകണം, വാണിജ്യാടിസ്ഥാനത്തിലുള്ളതുമാകണം. അതിലാകട്ടെ ഇനി കേരളത്തിന്റെ ശ്രദ്ധ.
ശ്രീജിത്ത്
(ഹോംഗ്രോണ്‍ ബയോടെക്, വിഴിക്കത്തോട്, ഫോണ്‍: 8113966600, 04828 297001)
പ്രതികരിക്കാൻ ഇവിടെ എഴുതുക: