ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴക്ക് സാഹചര്യമൊരുക്കി നൗള്‍ ചുഴലിക്കൊടുങ്കാറ്റും പുതിയ ന്യൂനമര്‍ദ സാധ്യതയും. ദക്ഷിണ ചൈനാക്കടലില്‍ രൂപമെടുത്ത ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞ് ഇന്നലെ ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിച്ചതായി സ്ഥിരീകരണം. ഇതിന് പിന്നാലെ നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നുണ്ട്, ഇത് രണ്ടുമാണ് നിലവിലെ മഴക്ക് കാരണം.
സംസ്ഥാനത്ത് 18 മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന് വിവിധ കാലാവസ്ഥ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ജന്മഭൂമി കഴിഞ്ഞവാരം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ നാല് മണിക്ക് ലഭിച്ച വിവരം പ്രകാരം ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലേര്‍ട്ടുമാണ്.
നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും അലപ്പുഴ, പത്തനംതിട്ട, കൊല്ലം, തീരുവന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിക്ക് അല്‍പ്പം കുറവുണ്ടാകും. പിന്നീട് ബുധനാഴ്ച മുതല്‍ മഴ കുറയും. പിന്നാലെ രാജ്യത്ത് നിന്നുള്ള കാലവര്‍ഷത്തിന്റെ വിടവാങ്ങലും ആരംഭിക്കുമെന്നാണ് നിഗമനം. ഇതോടെ ഏറ്റവും കൂടുതല്‍ മഴകിട്ടിയ സെപ്തംബര്‍ ആയി 2020 മാറും.
സീസണിലെ മൊത്തം മഴ 230 സെ.മീ. മറികടന്നാല്‍ കാലവര്‍ഷത്തില്‍ ‘ഹാട്രിക്’ കൂടിയാണ് ഇത്തവണ ഉണ്ടാകുക. 2018ലും 2019ലും മികച്ച മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു. ഇതിന് മുമ്പ് ഇത്തരത്തില്‍ മഴ കിട്ടിയത് 1922-1924 വരെയുള്ള കാലഘട്ടത്തിലാണ്.
സംസ്ഥാനത്ത് മഴ കനത്തതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളും കൂടുകയാണ്. രാത്രിയാത്ര പരമാവധി ഒഴുവാക്കണം. 21 വരെ കടലില്‍ പോകുന്നതിന് മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. കടലില്‍ 55 കിലോ മീ. വരെ വേഗത്തില്‍ കാറ്റടിക്കാം. തീരത്ത് ശക്തിയേറിയ തിരമാലയ്ക്കും സാധ്യതയുണ്ട്.
നൗള്‍ ചുഴലിക്കാറ്റ് ഇന്ത്യയിലേക്കെത്തും?
നൗള്‍ ചുഴലിക്കാറ് ഇന്ത്യയിലേക്കെത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ദക്ഷിണ ചൈനാക്കടലില്‍ വിയറ്റ്നാമിന് സമീപം 16ന് രൂപമെടുത്ത നൗള്‍ ചുഴലിക്കാറ്റാണ് കേരളത്തിലെ നിലവിലെ മഴക്ക് പരോക്ഷമായി കാരണമായത്. വിയറ്റാമിലെ ദനാഗിന് സമീപം 17ന് കരതൊട്ട കാറ്റ് നാശം വിതച്ചിരുന്നു. പിന്നീട് ശക്തി കുറഞ്ഞ് തായ്ലന്റിലേക്ക് നീങ്ങിയ ചുഴലി തുടര്‍ന്ന് മ്യാന്മര് വഴിയാണ് ഇന്നലെ ബംഗാള്‍ ഉള്ക്കടലിലെത്തിയത്. ഇതിന്റെ സ്വാധീനത്തിലാണ് 16ന് ഒരു ന്യൂനമര്‍ദം രൂപമെടുത്തത്. നാളെ പുതിയ ന്യൂനമര്‍ദം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്നതിലും ഈ ചുഴലിക്കാറ്റ് കാരണമായി.
അതേ സമയം നിലവില്‍ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദമായ ചുഴലിക്കാറ്റ് വീണ്ടും ശക്തിയാര്‍ജ്ജിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴക്കും കാറ്റിന് കാരണമാകുമെന്നാണ് നിഗമനം. ബംഗാള്‍ ഉള്‍ക്കടലിലെ നിലവിലെ സാഹചര്യം ചുഴലിക്കാറ്റിന് കൂടുതല്‍ അനുകൂലമാണ്. വരും ദിവസങ്ങളില്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. പടിഞ്ഞാറ് നിന്നുള്ള കാറ്റിനെ ന്യൂനമര്‍ദ സാധ്യതയും ചുഴലിക്കാറ്റും വലിച്ച് അടിപ്പിക്കുകയാണ്. മഴ മേഘങ്ങളുടെ പാറ്റേണില്‍ ന്യൂനമര്‍ദ സാധ്യതയും ചുഴലിക്കാറ്റും വ്യക്തമാണ്. ഇതാണ് സംസ്ഥാനത്ത് ശക്തമായ മഴക്ക് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: