ന്യുദല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കെമിക്കല്‍ സ്ട്രൈക്കിനൊരുങ്ങുന്നു. ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് അടക്കമുള്ള ഡിജിറ്റല്‍ സ്ട്രൈക്കില്‍ ചൈനയെ തളര്‍ത്തിയതിനു പിന്നാലെയാണ് രാസവസ്തു നിര്‍മാണ രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ച് ചൈനയെ വെല്ലുവിളിക്കാന്‍ പദ്ധതി തയാറാക്കുന്നത്.
ഔഷധനിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന ഏറെ പ്രാധാന്യമുള്ള 75 രാസവസ്തുക്കളുടെ കാര്യത്തില്‍ തീരുമാനമായി. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ അസംസ്കൃത രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കും. ഇക്കാര്യത്തില്‍ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് നടപടി. ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച് ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് നല്കുവാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാസവസ്തു വകുപ്പിന്റെ യോഗങ്ങളില്‍ ലിസ്റ്റില്‍ ചേര്‍ക്കേണ്ട 75 നിര്‍ണായക രാസവസ്തുക്കള്‍ സംബന്ധിച്ച് തീരുമാനമായി. ഇത്തരത്തില്‍ ഇവിടെ ഉത്പ്പാദിപ്പിക്കുന്നവയ്ക്ക് പത്ത് ശതമാനം ഇന്‍സെന്റീവ് നല്‍കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 25,000 കോടി രൂപയുടെ മുടക്കുമുതലാണ് പ്രതീക്ഷിക്കുന്നത്.
ഔഷധ നിര്‍മാണ കമ്പനികള്‍ക്കാവശ്യമായ 1.5 ലക്ഷം കോടിയുടെ അസംസ്കൃത വസ്തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യക്കാവശ്യമായ ഏതാണ്ട് 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 327 വസ്തുക്കള്‍ അതായത് നാലില്‍ മൂന്ന് ഭാഗവും ചൈനയില്‍ നിന്നാണ്. ചില പ്രധാനപ്പെട്ട രാസവസ്തുക്കള്‍ ഇപ്പോഴും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്. പടിപടിയായി ഇറക്കുമതി നിയന്ത്രിച്ച് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തതയിലെത്തുവാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: