പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ച; കൊറോണ രോഗിയുടെ മൃതദേഹത്തിനു പകരം മറ്റൊരു മൃതദേഹം മാറി നല്കി. ഇതറിയാതെ, ബന്ധുക്കള്‍ക്ക് നേരാംവണ്ണം ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ, മൃതദേഹം കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കുകയും ചെയ്തു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ധോണിഗുണ്ടില്‍ നടുപ്പതി ഊരിലെ വള്ളി(32) എന്ന വനവാസി യുവതി അപസ്മാരത്തെ തുടര്‍ന്ന് വെള്ളത്തില്‍ വീണു മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വ്യാഴാഴ്ച ഉച്ചയ്ക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് പാലക്കാട് കര്‍ണ്ണകി നഗര്‍ മാരാമുറ്റം ജാനകിയമ്മ (75) യെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ മരണമടഞ്ഞു. മരണാനന്തരം നടന്ന പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചു. ഉച്ചയോടെ ആശുപത്രിയില്‍ നിന്നും വിട്ടുകിട്ടിയ, കൊറോണ മുന്‍കരുതല്‍ പ്രകാരം ആകെ മൂടിയ നിലയില്‍ നല്കിയ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കുകയും ചെയ്തു. പക്ഷെ ജാനകിയമ്മക്കു പകരം ഇവര്‍ക്ക് നല്‍കിയത് വള്ളിയുടെ മൃതദേഹമായിരുന്നു. വള്ളിയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ പോലും പറ്റിയില്ല.
ഇന്നലെ രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്്മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് ജാനകിയമ്മയുടെ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇരുകുടുംബങ്ങളും ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെ വീഴ്ചക്കെതിരെ പരാതി നല്‍കുമെന്ന് വള്ളിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. നടപടികള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടോടെ ജാനകിയമ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മുരുകനാണ് വള്ളിയുടെ അച്ഛന്. അമ്മ: ആണ്ടിച്ചി. ഭര്‍ത്താവ്: ബൈജു. മകള്‍: അനുമോള്‍. പാലക്കാട് ശങ്കരമൂത്താനാണ് ജാനകിയമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ഗീതാമണി, ശശികല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: