കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതരുടെ പങ്ക് അന്വേഷിക്കാനുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ. രാജ്യത്തെ സാമ്പത്തിക സ്ഥിതി അസ്ഥിരപ്പെടുത്തുന്ന സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാനുമായിരുന്നെന്നും കസ്റ്റഡി പ്രതികളുടെ റിമാന്‍ഡ് നീട്ടാനുള്ള അപേക്ഷയില്‍ എന്‍ഐഎ വിശദീകരിച്ചു. റിമാന്‍ഡ് ഒക്ടോബര്‍ എട്ടുവരെ നീട്ടി. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഇക്കാര്യം പുറത്തുകൊണ്ടുവരണം. ആഴത്തിലും വിശാലവുമായ അന്വേഷണം വേണം. വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യണം. അവരെ കണ്ടെത്താന്‍ ജാമ്യമില്ലാ വാറണ്ടിറക്കി. ഇന്റര്‍പോളിന്റെ സഹായം തേടി. ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചു, എന്‍ഐഎ കോടതിയെ രേഖാമൂലം അറിയിച്ചു. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ് എന്നിവരുള്‍പ്പെടെ 12 പേരുടെ റിമാന്‍ഡ് നീട്ടാന്‍ ആവശ്യപ്പെടുന്ന അപേക്ഷയിലാണ് ഈ വിവരങ്ങള്‍.
സ്വര്‍ണക്കടത്തിന് നിര്‍ണായക പങ്കുവഹിച്ച വിദേശത്തുള്ള നാല് പ്രധാനപ്രതികളെ ചോദ്യം ചെയ്യാനുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഫൈസല്‍ ഫരീദ്, റബിന്‍സ്, സിദ്ദിഖുല്‍ അക്ബര്‍, അഹമ്മദ്കുട്ടി എന്നിവര്‍ യുഎഇയിലാണെന്ന് സ്ഥിരീകരിച്ചു.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് വിശകലനം സിഡാക്കില്‍ നടക്കുകയാണ്. സാക്ഷി മൊഴികളും പരിശോധിക്കുന്നു, എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: