തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ പവര്‍ ഹൗസിലെ പെന്‍സ്റ്റോക്കുകളുടെ ചോര്‍ച്ച തുടര്‍ക്കഥയാകുന്നു. ഭീതിയില്‍ പരിസര വാസികള്‍ കഴിയുമ്പോള്‍ വലിയ തോതിലുള്ള ഉത്പാദനം നഷ്ടവും ഉണ്ടാകുന്നു.
പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ദ്ധിച്ചതോടെ പവര്‍ ഹൗസിന്റെ ഉത്പ്പാദനശേഷിയും കുത്തനെ കുറഞ്ഞു. പ്രതിദിനം പരമാവധി 9 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഇവിടെ നിലവില്‍ പരമാവധി 6 ലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിക്കാനേ കഴിയുന്നുള്ളൂ.
അതേ സമയം വ്യാഴാഴ്ച കണ്ടെത്തിയ ജോയിന്റുകളിലെ ചോര്‍ച്ച പരിഹരിച്ചുവെന്നും നിര്‍ത്തിവെച്ചിരുന്ന ജനറേറ്ററുകളില്‍ ഉത്പ്പാദനം പുനരാരംഭിച്ചുവെന്നും കെഎസ്ഇബി ജനറേഷന് ചീഫ് എഞ്ചിനീയര്‍ സിജി ജോസ് ജന്മഭൂമിയോട് പറഞ്ഞു.
3.11 ലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം. പെന്‍സ്റ്റോക്ക് വഴി ആവശ്യത്തിന് വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. നാല് പെന്‍സ്റ്റോക്കുകള്‍ വഴിയാണ് മൂന്നാര്‍ ടൗണിലെ ആര്.എ. ഹെഡ് വര്‍ക്സ് ഡാമില്‍ നിന്ന് പള്ളിവാസല്‍ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്.
5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ട് ചെറിയ പെന്‍സ്റ്റോക്കുകളിലൂടെയാണ്. ഇവിടെ 10 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. മൂന്നാമത്തെ പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. ഇവിടെ 12.5 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്.
നാലാമത്തെ പെന്‍സ്റ്റോക്കാണ് ഏറ്റവും വലുത്. ഇതിനാണ് കഴിഞ്ഞ ദിവസം ചോര്‍ച്ച കണ്ടെത്തിയത്. 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്. 15 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് പരമാവധി 12 മെഗാവാട്ടാണ്.
4 പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ രണ്ടെണ്ണമാണ് ഏറെ ദുര്‍ബലമായി ചോര്‍ച്ച വര്‍ദ്ധിച്ചിരിക്കുന്നത്. 10 മി.മീ. കനം ദ്രവിച്ച് ഒന്നില്‍ 3.7 മി.മീ, മറ്റൊന്നില്‍ മൂന്ന് മി.മീറ്ററായും കുറഞ്ഞു. നിരവധിയിടങ്ങളില്‍ ദ്രവിച്ച് ഏതു സമയവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ്. പള്ളിവാസല്‍ പെന്സ്റ്റോക്കുകള്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തം പന്നിയാറിനേക്കാള് പതിന്മടങ്ങായിരിക്കുമെന്നാണ് വിലയിരുത്തല്‍. 1940 മാര്‍ച്ച് 19ന് തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യരാണ് പള്ളിവാസല്‍ വൈദ്യുതി പദ്ധതി നാടിന് സമര്‍പ്പിച്ചത്. കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയിലുള്ള ടെക്നിക്കല്‍ ഇന്സ്പെക്ഷന് സര്‍വീസസും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: