അബ്ദുള്‍ നാസര്‍ മദനി ബെംഗളൂരു ബോംബു സ്ഫോടന കേസില്‍ പ്രതിയാകാതിരുന്നെങ്കില് പിണറായിയുടെ മന്ത്രിസഭയില്‍ അംഗമാകുമായിരുന്നു എന്നുറപ്പാണ്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയെ ലക്ഷ്യംവച്ച് കോയമ്പത്തൂരില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുകയും, 68 പേര് കൊല്ലപ്പെടുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ മദനിയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സംയുക്ത പ്രമേയം പാസ്സാക്കിയിട്ടുള്ളതിനാല് മദനിയെ മന്ത്രിയാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമായിരുന്നില്ല. ബെംഗളൂരു ബോംബു സ്ഫാടന കേസ് മദനിക്ക് നിഷേധിച്ച സുവര്‍ണാവസരമാണ് കെ.ടി. ജലീലിന് സിപിഎം വെള്ളിത്തളികയില്‍വച്ച് നല്‍കിയത്. മദനി മന്ത്രിയായിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നോ അതുതന്നെയാണ് മന്ത്രിയായ ജലീല്‍ ചെയ്യുന്നതെന്ന് വിലയിരുത്തിയാല്‍ തെറ്റാവില്ല.
ഇസ്ലാമിക തീവ്രവാദ സംഘടനയായ ‘സിമി’യുടെ നേതാവായിരുന്ന കെ.ടി. ജലീലിന്റെയും, ഐഎസ്എസ് എന്ന തീവ്രവാദ സംഘടന സ്ഥാപിച്ച അബ്ദുള്‍ നാസര്‍ മദനിയുടെയും രാഷ്ട്രീയം പരസ്പര വിരുദ്ധമല്ല. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വിധ്വംസക മുദ്രാവാക്യം ‘സിമി’ മുന്നോട്ടുവച്ച കാലത്താണ് ജലീല്‍ അതിന്റെ നേതാവായിരുന്നത്. വാഗമണ്‍ ആയുധ പരിശീലനമടക്കം ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ ‘സിമി’യെ നിരോധിച്ചതു സ്വാഭാവികം. ‘സിമി’യില്നിന്ന് ലഷ്കറെ തൊയ്ബയിലേക്കല്ല, മുസ്ലിം ലീഗിലേക്കാണ് താന്‍ പോയതെന്ന് ന്യായീകരിക്കുമ്പോള്‍ പോലും ‘സിമി’യുടെ വിഘടനവാദ രാഷ്ട്രീയത്തെ ജലീല്‍ ഒരിക്കല്‍പ്പോലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം.
കോയമ്പത്തൂര്‍ കേസില്‍ ജയില്‍ മോചിതനായി ശംഖുംമുഖത്ത് ലഭിച്ച സ്വീകരണത്തില്‍ മദനി പ്രഖ്യാപിച്ചത് തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ഇനി അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നാണ്. അതുവരെ ചെയ്തുപോന്നത് ഇനിയങ്ങോട്ട് തിരിച്ചറിയപ്പെടാതെയും പിടിക്കപ്പെടാതെയും തുടര്ന്നുപോകുമെന്നായിരുന്നു ഇതിനര്‍ത്ഥം. പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. പക്ഷേ പിടിക്കപ്പെട്ടു. കേസെടുത്തത് കര്‍ണാടക പോലീസായിരുന്നതിനാല് മദനി ജയിലിലടയ്ക്കപ്പെട്ടു.
അതീവ ഗുരുതരമായ കേസുകളില്‍നിന്ന് മദനിയെ രക്ഷപ്പെടുത്താനും, കര്‍ണാടക പോലീസിന് വിട്ടുകൊടുക്കാതിരിക്കാനും വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാരില്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ എന്തൊക്കെ ചെയ്തുവോ അതുപോലുള്ള സംരക്ഷണമാണ് നയതന്ത്ര ബാഗേജ് എന്ന വ്യാജേന സ്വര്‍ണം കടത്തിയെന്ന ആരോപണത്തിന് വിധേയനായ ജലീലിന് പിണറായി സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. ജയിലിനു പുറത്തെ മദനി എന്നുപോലും ജലീലിനെ വിശേഷിപ്പിക്കാം. സ്വര്‍ണക്കടത്തു കേസില്‍ മറ്റാരും തന്നെ പിടിക്കപ്പെട്ടാലും ജലീല്‍ പ്രതിയാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിര്‍ബന്ധമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് സിപിഎമ്മിനെ സംബന്ധിച്ച പലതിന്റെയും അന്ത്യമായിരിക്കുമെന്ന് ഇരുവരും ഭയക്കുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇതുവരെ പ്രതിയായിട്ടില്ലെങ്കിലും ഇതിലെ വന്‍ സ്രാവ് മന്ത്രി ജലീലാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അന്വേഷണം വിപുലമാവുന്നതോടെ താന്‍ പിടിക്കപ്പെടുമെന്ന ഭയം ജലീലിനുണ്ട്. ഈ സാധ്യത മുന്‍നിര്‍ത്തിയാണ് തുടക്കം മുതല്‍ ജലീല്‍ കരുക്കള്‍ നീക്കുന്നത്. താന്‍ ആക്രമിക്കപ്പെടുന്നത് ഒരു പ്രത്യേക മതക്കാരനായതുകൊണ്ടാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് ഏറ്റുവാങ്ങിയത് ഖുറാനും സക്കാത്ത് സഹായവുമാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന മന്ത്രി വളരെ കൃത്യമായി പയറ്റുന്നത് മതരാഷ്ട്രീയമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.
ഖുറാനും സക്കാത്തുമൊക്കെ നിറഞ്ഞു നില്ക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തെ തന്റെ മുഖ്യ എതിരാളിയായ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കാമെന്നും, ബിജെപിയുടെ ആരോപണങ്ങളെ വര്‍ഗീയതയായി മുദ്രകുത്താമെന്നുമാണ് ജലീല്‍ കണക്കുകൂട്ടിയത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ അറസ്റ്റിലായപ്പോള്‍ പര്‍ദ്ദയെ അവഹേളിക്കുന്നുവെന്ന് മുറവിളികൂട്ടിയതുപോലെയാണ് ജലീല്‍ ഖുറാനെ മറയാക്കുന്നത്. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നുണ്ട്. പാണക്കാട്ട് തങ്ങള്‍ ഖുറാനില്‍ കൈവച്ച് ആവശ്യപ്പെടുകയാണെങ്കില് താന്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കാമെന്ന് ജലീല്‍ വികാരഭരിതനാവുന്നതിന്റെ അന്തര്‍ധാര വ്യക്തമാണല്ലോ. ജലീല്‍ ഖുറാന് ഏറ്റുവാങ്ങിയതാണ് ചിലര്‍ക്ക് പ്രശ്നമെന്ന് മതവിശ്വാസിയല്ലാത്ത പിണറായിയെക്കൊണ്ടുപോലും പറയിപ്പിക്കാനാവുന്നത് ജലീലിന്റെ വിജയം തന്നെയാണ്.
മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചു തന്നെയാണ് ധര്മയുദ്ധമെന്ന ജലീലിന്റെ പ്രസ്താവനയും മതരാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇവിടെ ധര്‍മയുദ്ധമെന്ന് പറയുന്നതിലെ സൂചന മതയുദ്ധമെന്നു തന്നെയാണ്. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് മനസ്സിലാവുമെന്നും ജലീലിനറിയാം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലില്‍ മറച്ചുപിടിക്കേണ്ട പല കാര്യങ്ങളുമുണ്ട് എന്നു തന്നെയാണ് ജലീല്‍ പറയാതെ പറയുന്നത്. ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായതും, അത് മാധ്യമങ്ങളില്‍നിന്ന് മറച്ചുപിടിച്ചതും മതപരമായി ശരിയായ ഒരു കാര്യമാണെന്ന് സ്ഥാപിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ പിന്തുണ നേടാനാണ് ജലീലിന്റെ ശ്രമം. തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ മദനി ന്യായീകരിച്ചിരുന്നതും അവയൊക്കെ മതത്തിനുവേണ്ടിയുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദേശഫണ്ട് ചില ഇടനിലക്കാര്‍ വഴി കൈപ്പറ്റിയെന്ന ആരോപണം മദനിക്കെതിരെയും ഉയര്‍ന്നിരുന്നുവല്ലോ.
എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ മനസ്സില്ലെന്നു പറഞ്ഞ മന്ത്രി ജലീല്‍, മാധ്യമപ്രവര്‍ത്തകയായ കെ.കെ. ഷാഹിനയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിലും ഒരു മദനി കണക്ഷനുണ്ട്. ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ മദനിക്കുവേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ രംഗത്തിറങ്ങിയതും അന്ന് ‘തെഹല്‍ക’യുടെ ലേഖികയായ ഷാഹിനയായിരുന്നു. സാക്ഷികള്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഷാഹിന എഴുതിയ റിപ്പോര്‍ട്ട് അല്‍ഖ്വയ്ദയെ അനുകൂലിക്കുന്ന അല്‍ജസീറ ആവര്‍ത്തിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് അറിയാവുന്ന ജലീല്‍ താന്‍ ഷാഹിനയെ തെരഞ്ഞെടുത്തതും വിവാദമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടാവാം. മദനിയുടെ അനുയായികളുടെ പിന്തുണയും ഇതുവഴി ലഭിക്കും.
ജലീലിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും, വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്സ്മെന്റു തന്നെ വ്യക്തമാക്കിയതോടെ മന്ത്രി പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളത് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പ്രശ്നം മാത്രമാണെന്ന് സ്വന്തം നിലയ്ക്കും, മറ്റുള്ളവരെക്കൊണ്ടും ആവര്‍ത്തിച്ച് പറയിപ്പിച്ച് സത്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ജലീല്‍ നോക്കുന്നത്. സ്വപ്നയും കൂട്ടാളികളും പ്രതിയായ സ്വര്‍ണക്കടത്തു കേസിനേക്കാള്‍ ഗുരുതരമാണ് ജലീലിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. മന്ത്രിയെന്ന നിലയ്ക്കുള്ള അധികാരം ദുരുപയോഗം ചെയ്ത് നയതന്ത്ര ചാനലിന്റെ മറപിടിച്ച് ഖുറാനെന്ന വ്യാജേന വന്‍തോതില്‍ സ്വര്‍ണം കടത്തിയെന്ന സംശയമാണ് ജലീലിനെതിരെയുള്ളത്. ഇതിനെക്കുറിച്ച് മന്ത്രി നല്കുന്ന വിശദീകരണങ്ങള്‍ വിശ്വാസ്യ യോഗ്യമല്ല. അന്വേഷണ ഏജന്‍സികളും അങ്ങനെ കരുതുന്നു.
എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത് ജലീലിന്റെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചാണ്. സ്വര്‍ണക്കടത്തിലെ ദേശവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ ജലീലിന്റെ വാതിലില്‍ മുട്ടുന്നതോടെ മന്ത്രി ഭയപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും. ഇവിടെയും മദനിയുടെ ഗതിയാവും ജലീലിനെ കാത്തിരിക്കുന്നതെന്നു കരുതാം. ബിജെപി ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും, ഭൂരിപക്ഷം മാധ്യമങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടും ബെംഗളൂരു ബോംബുസ്ഫോടന കേസില്‍ മദനിയെ ജയിലിലടയ്ക്കുന്നത് തടയാന്‍ കഴിഞ്ഞില്ലല്ലൊ. മടിയില്‍ കനമുള്ളവര്‍ വഴിയില്‍ പേടിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: