ആയുര്‍വേദത്തിന്റെ പ്രചാരത്തിനും വികാസത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും, ആ ദൗത്യത്തില്‍ വന്‍തോതില്‍ വിജയിക്കുകയും ചെയ്ത മഹദ് വ്യക്തിയാണ് കഴിഞ്ഞ ദിവസം ഇഹലോകവാസം വെടിഞ്ഞ ഡോ. പി.ആര്.കൃഷ്ണകുമാര്‍. വൈദ്യപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് അക്കാദമിക യോഗ്യത നേടി ആയുര്‍വേദത്തെ ആധുനിക കാലത്തിനനുസൃതമായി വികസിപ്പിച്ചെടുക്കുന്നതില്‍ നിസ്തുലമായ സംഭാവന നല്കാന് കഴിഞ്ഞയാളാണ് കൃഷ്ണ കുമാര്‍. ചികിത്സാരംഗത്ത് മാത്രം ഒതുങ്ങാതെ ആയുര്‍വേദത്തിന്റെ മഹത്വം വിശ്വചക്രവാളത്തിലെത്തിക്കുന്നതില് ഈ പത്മശ്രീ ജേതാവ് വഹിച്ച പങ്ക് ചരിത്രപരം തന്നെയാണ്. ഭാരതീയ പൈതൃകം മാനവരാശിക്ക് സമ്മാനിച്ച ആയുര്‍വേദത്തിന്റെ മഹിമയെ ലോകാരോഗ്യ സംഘടനയെക്കൊണ്ടുപോലും അംഗീകരിപ്പിക്കുന്നതില്‍ അനിഷേധ്യമായ പങ്കു വഹിച്ചു. ഒരു വൈദ്യശാസ്ത്ര ശാഖ എന്ന നിലയ്ക്ക് ആയുര്‍വേദത്തെ സമീപിക്കുകയും, അതിന്റെ ഗവേഷണത്തിനു വേണ്ട സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ആരംഭിക്കുകയും ചെയ്തത് ഈ രംഗത്തെ കാതലായ മാറ്റത്തിന് വഴിതുറന്നു.
സംഘപരിവാര്‍ സംഘടനകളുമായി ഏറ്റവുമടുത്ത് സഹകരിച്ചിരുന്ന കൃഷ്ണകുമാര്‍ സാമൂഹ്യസേവന രംഗത്തും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായി ആത്മബന്ധം സ്ഥാപിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ഭാരവാഹിത്വം വഹിക്കുകയും, അയ്യപ്പ സേവാസമാജത്തിന്റെ ദേശീയ രക്ഷാധികാരിയായിരിക്കുകയും ചെയ്തു. ഈ സംഘടനകളുടെയൊക്കെ ഉല്‍കര്‍ഷത്തിനായി നിലകൊണ്ടു. എക്കാലത്തും ജന്മഭൂമിയുടെ അഭ്യുദയകാംക്ഷിയായിരിക്കുകയും, ഒരു ഘട്ടത്തില്‍ പത്രത്തിന്റെ വികസന സമിതി അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അച്ഛന് സ്ഥാപിച്ച കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയുടെ അമരക്കാരനായി ഈ സ്ഥാപനത്തെ വികസനത്തിന്റെ പടവുകളിലേക്ക് നയിച്ചു. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലും സമിതികളിലും ആയുര്‍വേദത്തിന്റെ പ്രതിനിധിയായി പ്രശോഭിച്ച ഈ അവിവാഹിതനെത്തേടി പാരമ്പര്യ ചികിത്സാരീതികളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ആയുഷ് വകുപ്പിന്റെ അംഗീകാരവുമെത്തി. അകാലത്തില്‍ വിടപറഞ്ഞ ഈ ആയുര്‍വേദാചാര്യന്റെ ആത്മാവിന് സദ്ഗതി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: