കമ്യൂണിസ്റ്റ് ചൈന അതിന്റെ ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന്റെ കരുത്ത് തിരിച്ചറിയുകയാണ്. പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളും നയതന്ത്രമര്യാദകളും മാനിക്കാതെ അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ സൈന്യത്തെ ഉപയോഗിച്ച് ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടികളാണ് ഭാരതം നല്‍കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമാന്തരമായി സൈനിക വിന്യാസം ശക്തിപ്പെടുത്തിയതും, ചില പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചും ചൈന സൃഷ്ടിക്കുന്ന പ്രകോപനങ്ങള്‍ക്ക് ആ രാജ്യത്തിന് മനസ്സിലാകുന്ന ഭാഷയില്‍ ഭാരതം മറുപടി നല്കിക്കൊണ്ടിരിക്കുന്നു. ഇരുപത് ദിവസത്തിനിടെ മൂന്നുതവണയാണ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യവുമായി വെടിവെപ്പുണ്ടായിരിക്കുന്നതെന്ന് നമ്മുടെ സൈന്യം വെളിപ്പെടുത്തുമ്പോള്‍ സ്ഥിതിഗതികളുടെ രൂക്ഷസ്വഭാവം വ്യക്തമാണ്. ആറുമാസത്തിനിടെ ഒരിക്കല്‍പ്പോലും ചൈനയെ നുഴഞ്ഞുകയറാന്‍ അനുവദിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിലും വ്യക്തമാക്കുകയുണ്ടായി. ചൈനയെ നേരിടുമ്പോള്‍ സൈനിക ബലത്തിലും ആയുധ ബലത്തിലും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പുതിയ ഭാരതം വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞു. യുദ്ധമെങ്കില്‍ യുദ്ധം, അതിനും തയ്യാറാണെന്ന സന്ദേശമാണ് ഭാരതം നല്‍കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ചൈനീസ് ഭരണാധികാരികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ലോകത്ത് അവശേഷിക്കുന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യങ്ങളിലൊന്നായ ചൈന മേഖലയിലെ വന്‍ ശക്തിയാവാനുള്ള സ്വപ്നം പതിറ്റാണ്ടുകളായി താലോലിക്കുന്നുണ്ട്. ഇതിന് മുഖ്യ തടസ്സം ഭാരതമാണ്. 1962 ലെ യുദ്ധവിജയത്തിന്റെ കണ്ണിലൂടെയാണ് ചൈന ഭാരതത്തെ കണ്ടിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരാന്‍ തുടങ്ങി. ഊഷ്മളമായ അയല്‍ബന്ധം ആഗ്രഹിക്കുമ്പോള്‍ തന്നെ ചൈനയുടെ ഒരു വിധത്തിലുള്ള അതിക്രമവും അനുവദിക്കില്ലെന്ന നയമാണ് പ്രധാനമന്ത്രി മോദിയുടേത്. ഇതിന്റെ പരസ്യപ്രഖ്യാപനമാണ് ദോക്ലാം സംഘര്‍ഷത്തില്‍ ചൈനയ്ക്കേറ്റ തിരിച്ചടി. ചൈനയ്ക്ക് കീഴ്പ്പെട്ടു നില്ക്കുന്ന പഴയ ഭാരതമല്ല മോദിയുടെ ഭരണത്തിന് കീഴിലുള്ളതെന്ന് തിരിച്ചറിഞ്ഞ് ചില ആഭ്യന്തരശക്തികളെ കൂട്ടുപിടിച്ച് അന്തഃഛിദ്രം വളര്‍ത്താനുള്ള നീക്കവും ചൈന നടത്തി. എന്നാല്‍ ഇതും വിജയിക്കില്ലെന്നു വന്നപ്പോഴാണ് പ്രത്യക്ഷ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കോവിഡ് മഹാമാരിയുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭാരതത്തെ വരുതിയിലാക്കാനുള്ള ചൈനയുടെ തന്ത്രം സമര്‍ത്ഥമായി ചെറുത്തുതോല്പ്പിച്ചു. ആരുടെയും സാമ്രാജ്യത്വ മോഹം അനുവദിക്കില്ലെന്നും, ഭഗവാന് കൃഷ്ണന്റെ കയ്യില്‍ പുല്ലാങ്കുഴല്‍ മാത്രമല്ല, സുദര്ശനചക്രവുമുണ്ടെന്നും അതിര്‍ത്തിയിലെത്തി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് ചൈനയ്ക്കുള്ള താക്കീതായിരുന്നു. പിന്നീടുള്ള സൈനിക നീക്കത്തില്‍ ഭാരതം കൃത്യമായ മേല്‍ക്കൈ നേടി. ഭാരതവുമായുള്ള പ്രശ്നത്തില്‍ മേഖലയില്‍ മാത്രമല്ല, രാജ്യാന്തരതലത്തിലും ചൈന ഒറ്റപ്പെട്ടു. ചൈനയ്ക്കെതിരെ ഭാരതം ആര്‍ജിച്ച കരുത്തിനെ ഇന്ന് ലോക രാഷ്ട്രങ്ങളും അംഗീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: