വിളപ്പില്‍: അഭ്യസ്ഥവിദ്യരായിട്ടും ജോലി കിട്ടാതെ നിരാശരായി കഴിയുന്നവര്‍, ചെറിയജോലിയില്‍ നിന്ന് ഉയര്‍ന്ന ജോലി സ്വപ്നമാക്കിയവര്‍, അഭിരുചികള്‍ വികസിപ്പിക്കാന്‍ അവസരം ലഭിക്കാത്തവര്‍ തുടങ്ങി ലക്ഷ്യത്തിലെത്താന്‍ മോഹിക്കുന്നവര്‍ക്ക് വിരല്‍ത്തുമ്പിലുണ്ട് മാര്‍ഗം.’ ബോര്‍ഡ് ഇന്‍ഫിനിറ്റി.’ ( board infinity).
ഭാരതത്തിലെ 170 നഗരങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ജോലിയെന്ന സുരക്ഷിതത്വത്തിലെത്താന്‍ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ സംരംഭമാണ് ‘ബോര്‍ഡ് ഇന്‍ഫിനിറ്റി.’ കേന്ദ്രസ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ ഒരു മലയാളി യുവാവിന്റെ തലയിലുദിച്ച ആശയമാണ് ഇത്. 2017ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിലെ വിദഗ്ധ പരിശീലനത്തിലൂടെ അന്താരാഷ്‌ട്ര നിലവാരമുള്ള കമ്പനികളില്‍ തൊഴില്‍ നേടിയത് 1200 ലധികം. പഠിതാവിന്റെ അഭിരുചിക്കനുസരിച്ച് ആറു മാസം നീളുന്ന പരിശീലനം തത്സമയ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നല്‍കുന്നു. ഓരോ മേഖലയിലേയും വിദഗ്ധരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ സൗഹൃദ വലയത്തിലുള്ള ഭാരതത്തിലെ 8 പ്രധാന നഗരങ്ങളിലെ 300 കമ്പനികളിലേക്ക് ശുപാര്‍ശ ചെയ്ത് മികച്ച തൊഴില്‍ നേടിക്കൊടുക്കുന്നു. കാഞ്ഞിരംപാറ റ്റി.സി 6/12702 പാലാഴിയില്‍ റിട്ട. സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരന്‍ ആര്‍. രാമചന്ദ്രന്റേയും, കെല്‍ട്രോണില്‍ നിന്ന് ജൂനിയര്‍ എഞ്ചിനീയറായി വിരമിച്ച്, ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന കുസുമം പുന്നപ്രയുടേയും രണ്ട് മക്കളില്‍ ഇളയവനാണ് സുമേഷ് ആര്‍.നായര്‍ (31). എംബിഎ പഠനം പൂര്‍ത്തിയാക്കിയ സുമേഷ് സുഹൃത്തും സഹപാഠിയുമായ ഉത്തര്‍പ്രദേശുകാരന്‍ അഭയ് ഗുപ്തയുമായി ചേര്‍ന്നാണ് ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ സംരംഭകനായത്.
തൊഴിലില്ലായ്മ എന്നത് ഒരു സാമൂഹിക ദുരന്തമെന്ന തിരിച്ചറിവാണ് ഈ ചെറുപ്പക്കാരനെ ഈ സംരംഭത്തിലേക്ക് എത്തിച്ചത്. അര്‍പ്പണബോധവും ആത്മവിശ്വാസവും കൈമുതലാക്കി സുമേഷ് നവിമുംബൈയില്‍ ആരംഭിച്ച പ്രസ്ഥാനം ചുരുങ്ങിയ കാലം കൊണ്ടാണ് രാജ്യശ്രദ്ധ നേടിയത്. കോവിഡ് കാലത്ത് ഇരുപത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം വെറും 10 രൂപയ്‌ക്കെന്ന ബോര്‍ഡ് ഇന്‍ഫിനിറ്റിയുടെ പരസ്യം യുവജനങ്ങള്‍ ഏറ്റെടുത്തു. ഇതിലൂടെ ലഭിച്ച തുകയില്‍ 50000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീതിച്ചു നല്‍കി മാതൃകയായി സുമേഷ്.
അടുത്തുതന്നെ ലോകത്ത് എവിടിരുന്നും ബോര്‍ഡ് ഇന്‍ഫിനിറ്റിയിലൂടെ പഠനം നടത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയുകയെന്ന ലക്ഷ്യത്തിലേക്കാണ് ഈ യുവസംരംഭകന്റെ യാത്ര. ഇപ്പോള്‍ 80 ജീവനക്കാരാണ് ബോര്‍ഡ് ഇന്‍ഫിനിറ്റിക്കുള്ളത്. വൈകാതെ ആയിരം പേര്‍ക്ക് ജോലി നല്‍കുന്ന സംരംഭമായി ഇത് മാറുമെന്നും സുമേഷ്. ബിസിനസ് വേള്‍ഡ് മാഗസീന്‍ ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയില്‍ 40 വയസിനു താഴെയുള്ള മികച്ച 40 സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ 40 അണ്ടര്‍ 40 അവാര്‍ഡ് 2020ല്‍ സുമേഷിനെ തേടിയെത്തിയത് അര്‍ഹതയ്‌ക്കുള്ള അംഗീകാരമായി.
മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ആഷിമ ഗുപ്തയാണ് ഭാര്യ. ബോര്‍ഡ് ഇന്‍ഫിനിറ്റിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക: www.boardinfinity.com, Email: sumesh @boardinfinity.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: