മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ വെയില്‍സ് സൂപ്പര്‍ താരം ഗാരത് ബെയ്ല് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനത്തിലേക്ക് കൂടുമാറിയേക്കും. ഏഴ് വര്‍ഷമായി റയിലിന്റെ മുന്നേറ്റനിരയിലെ നിറസാന്നിധ്യമായ ബെയ്ല് ടോട്ടനവുമായി ചര്‍ച്ചയിലാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു. ബെയ്ലിനെ റയലില്‍ നിലനിര്‍ത്താന്‍ പരിശീലകന് സിനദിന്‍ സിദാന് താത്പര്യമില്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളും വന്നിരുന്നു.
ഇതിന് പിന്നാലെ താരത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനിടെയാണ് പഴയ ക്ലബ്ബു കൂടിയായ ടോട്ടനവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ഏജന്റിന്റെ പ്രസ്താവന. ബെയ്ലിന് രണ്ട് വര്‍ഷം കൂടി റയലില്‍ തുടരാനുള്ള കരാറുണ്ട്. ലോണ്‍ അടിസ്ഥാനത്തിലാകും ടോട്ടനത്തിലേക്ക് പോവുക.
നിലവില്‍ ഓരോ ആഴ്ചയും റയല്‍ ഏകദേശം അഞ്ച് കോടിയോളം രൂപയാണ് ബെയ്ലിന് നല്‍കുന്നത്. ഇത്രയേറെ ചെലവഴിച്ച് താരത്തെ വാങ്ങാന്‍ ടോട്ടനം തയാറായേക്കില്ല. ആഴ്ചയില്‍ നല്കുന്ന അഞ്ച് കോടിയുടെ പകുതി നല്‍കാമെന്ന വ്യവസ്ഥയിലാകും ടോട്ടനവുമായി കരാറിലെത്തുക. പകുതി തുക നല്കി താരത്തെ തത്ക്കാലം ഒഴിവാക്കാനാണ് റയലിന്റെ ശ്രമമെന്നും സൂചന. പകുതി ശമ്പളം നല്കിയാല് പോലും ടോട്ടനം കൂടുതല്‍ തുക നല്കുന്ന താരമായി ബെയ്ല് മാറും.
ഇതിനിടെ, ബെയ്ലിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മുന്‍ ക്ലബ് കൂടിയായ ടോട്ടനത്തിലേക്ക് മടങ്ങാനാണ് താരത്തിന് താത്പര്യമെന്നും ടോട്ടനത്തോടുള്ള സ്നേഹം ബെയ്ലിന് ഇപ്പോഴുമുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: