നാലാം പ്രശ്നം
രചനാശരീരവും ക്രിയാശരീരവും സൂക്ഷ്മവേധിയായി ഉപനിഷത്ത് ഉപപാദിക്കുന്നുവെന്നതിന് പ്രശ്നോപനിഷത്ത് പ്രത്യക്ഷോദാഹരണം.
അവസാനത്തെ മൂന്ന് പ്രശ്നങ്ങള്‍ പരമാത്മസത്തയും സാധ്യതയും വിവരിക്കുന്നു. അതായത് ഇന്ദ്രിയമനസ്സുകള്‍ക്ക് അപ്രാപ്യമായ പരാവിദ്യയാണ് തുടര്‍ചര്‍ച്ചാവിഷയം. ശിവവും ശാന്തവും വികാരഹീനവുമായതുകൊണ്ട് പുരുഷന് എന്ന് വ്യവഹരിക്കുന്ന അക്ഷരബ്രഹ്മമാണിവിടെ വര്‍ണ്യവസ്തു. അക്ഷരബ്രഹ്മത്തിന്റെ ലക്ഷണങ്ങള്‍ വിടര്‍ത്തിപ്പറയുവാനാണ് യഥാര്‍ത്ഥത്തില്‍ സൗര്യായണിയായ ഗാര്ഗ്യന് പ്രശ്നം അവതരിപ്പിക്കുന്നത്. ഗാര്ഗ്യന് ഉന്നയിക്കുന്ന പ്രശ്നത്തിന് അഞ്ച് ഭാഗങ്ങളുണ്ട്. നോക്കുക.
- ഗാഢനിദ്രാസമയം മനുഷ്യശരീരത്തില്‍ അധിവസിക്കുന്ന ദേവതകളില്‍/കരണങ്ങളില്‍ ആരെല്ലാം ഉറങ്ങുന്നു?
- ഗാഢനിദ്രാവേളയില്‍ ശരീരത്തില്‍ ആരെല്ലാം ഉണര്‍ന്നിരിക്കുന്നു?
- സ്വപ്നാവസ്ഥയില് ഏത് ദേവനാണ് സ്വപ്നസംഭവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്?
- ജാഗ്രത് സ്വപ്നവ്യാപാരങ്ങളെല്ലാം അടങ്ങിയതിനുശേഷം നിദ്രാവസ്ഥയിലെ സുഖാനുഭവം ആര്‍ക്കാണ് ഉണ്ടാകുന്നത്.?
- ഈ ദേവതകള്‍ സര്‍വഭാവത്തോടും കൂടി എന്തില്‍ സ്ഥിതിചെയ്യുന്നു? അഥവാ ആരെ ആശ്രയിച്ചാണിരിക്കുന്നത്?
ഗാര്‍ഗ്യപ്രശ്നത്തിന് പിപ്പലാദന്‍ നല്കുന്ന മറുപടി നമുക്കിങ്ങനെ ആദ്യം സംഗ്രഹിക്കാം. സുഷുപ്താവസ്ഥയില്‍ എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിക്കുന്നു. അതേസമയം ശരീരാഗ്നി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സമാനന്‍ ശ്വാസോച്ഛ്വാസവേഗത്തെ നിയന്ത്രിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ അനുഭവ പരമ്പരകളെ മനസ്സ് അയവിറക്കും. കണ്ടതും കാണാത്തതും ഉള്ളതും ഇല്ലാത്തതുമൊക്കെ സ്വപ്നാവസ്ഥയില് മനസ്സ് കാണും. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും അന്തഃകരണവും ഈ ഘട്ടത്തില്‍ ആത്മാവില്‍ വിശ്രമിക്കും. ആത്മാവുതന്നെ വികാരവിചാരങ്ങളുടെ അടിസ്ഥാനമായിത്തീരും. ഗാര്ഗ്യന്റെ പ്രശ്നത്തിന് പിപ്പലാദ മഹര്‍ഷി മറുപടി പറയുന്നത് പത്ത് മന്ത്രങ്ങളിലൂടെയാണ്.
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിവയാണ് അവസ്ഥാത്രയം. ഇന്ദ്രിയങ്ങളും മനസ്സും ആത്മസത്തയില്‍ നിന്നും വേറിട്ടുനിന്ന് വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന അവസ്ഥ ജാഗ്രദവസ്ഥ. ഇന്ദ്രിയങ്ങളെല്ലാം മനസ്സില്‍ ലയിച്ചതിനുശേഷം ആ മനസ്സില്‍ വിഷയസ്ഫുരണമുണ്ടാകുന്ന അവസ്ഥ സ്വപ്നാവസ്ഥ. ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ ലയിച്ച് പ്രപഞ്ചാനുഭവം ഇല്ലാതാകുന്ന അവസ്ഥയ്ക്ക് സുഷുപ്തി എന്ന് പറയുന്നു. എല്ലാ ഇന്ദ്രിയങ്ങളും ഉറങ്ങുന്ന സമയത്ത് മനസ്സില്‍ ലയിച്ച് ഒന്നായിത്തീരും. ഉണരുമ്പോള്‍ മനസ്സില്‍നിന്നും പുറപ്പെട്ട് വ്യാപാരങ്ങളിലേര്‍പ്പെടുന്നു. ഉറങ്ങുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കൊന്നിനും പ്രത്യേകം നില
നില്പ്പില്ല. അപ്പോള്‍ ഒന്നുമേ കേള്‍ക്കുന്നില്ല, കാണുന്നില്ല, മണക്കുന്നില്ല, ആസ്വദിക്കുന്നില്ല, സംസാരിക്കുന്നില്ല, ആനന്ദിക്കുന്നില്ല സുഷുപ്തിയില്‍ എല്ലാ കരണങ്ങളും ലയിച്ചുകഴിയുന്നു. സുഷുപ്തിയില്‍ സുഖദുഃഖങ്ങളനുഭവിക്കുന്നത് ജീവാത്മാവാണ്. ഉപനിഷത്തിലെ ഈ ചിന്ത ശ്രദ്ധേയം. സുഷുപ്തിയില്‍ എല്ലാവരുടെയും ആത്മാവ് ബ്രഹ്മാനന്ദമനുഭവിക്കുന്നു. പക്ഷെ, അജ്ഞാനികള്‍ അതറിയുന്നില്ല. മനസ്സും ഇന്ദ്രിയങ്ങളും ആത്മവത്തയില്‍നിന്ന് വേറിട്ട് വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന അവസ്ഥയാണ് ജാഗ്രത്ത്.
ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിച്ചതിനുശേഷം അതേമനസ്സില്‍ വിഷയസ്ഫുരണമുണ്ടാകുന്ന അവസ്ഥയാണ് സ്വപ്നം. മനസ്സില്‍ ലീനമായിരിക്കുന്ന വാസനകള്‍ തന്നെയാണ് സ്വപ്നങ്ങളായി പരിണമിക്കുന്നത്.
അഞ്ചാമത്തെ ചോദ്യത്തിനുത്തരം പറയുന്നു. പക്ഷികള്‍ ചേക്കേറാന്‍ വാസഗൃഹത്തിലേക്ക് പോകുന്നതുപോലെ എല്ലാ മനുഷ്യശക്തികളും ആത്മാവിനെമാത്രം ആശ്രയിച്ചു നില്ക്കുന്നു.
വിജ്ഞാനാത്മാ സഹ ദേവൈശ്ച സര്‍വൈഃ
പ്രാണാ ഭൂതാനി സംപ്രതിഷ്ഠന്തി യത്ര
തദക്ഷരം വേദയതേ യസ്തു സോമ്യ
സ സര്‍വജ്ഞഃ സര്‍വമേവാവിവേശ
ഇതി അര്‍ത്ഥം: വിജ്ഞാന സ്വരൂപമായ ജീവാത്മാവ് എവിടെ ലയിക്കുന്നുവോ സര്‍വപ്രതിഷ്ഠയായ ആ ആത്മസത്തയെ അറിയുന്നവന് എല്ലാമറിയുന്നവനും എല്ലാത്തിനും കടക്കാന്‍ കഴിയുന്നവനും ആയിത്തീരുന്നു.
ശിബിയുടെ പുത്രനായ സത്യകാമന് അഞ്ചാമനായി പിപ്പലാദമുനിയുടെ അടുത്തെത്തി ചോദിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: