കൊച്ചി: കണ്ണൂര്‍ സഹകരണബാങ്ക് പ്രസിഡന്റായിരിക്കെ അഴിമതി തടഞ്ഞതിന്റെ വീരകഥ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്, സഹകരണ വകുപ്പു മന്ത്രിയായിരിക്കെ സഹകരണബാങ്ക് പാര്‍ട്ടിയെക്കൊണ്ട് പിടിച്ചെടുപ്പിച്ച സംഭവം ചര്‍ച്ചയാകുന്നു. അന്ന് സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ ദീപിക പത്രലേഖകന് രാജേഷ് തില്ലങ്കരിയുടെ പത്രപ്രവര്‍ത്തനകാല ഓര്‍മകളിലാണ് വിവരണം.
പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനില്‍നിന്ന് പിടിച്ചെടുക്കാന്‍ കള്ളവോട്ടു ചെയ്തതും തടയാനെത്തിയവരെ പോലീസിനെക്കൊണ്ട് തല്ലിച്ചതും മാധ്യമപ്രവര്‍ത്തകനെ കൊല്ലാതെ കൊന്നുവിട്ടതും രാജേഷ് തില്ലങ്കരി ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.
രാഷേജിനെയും ഫോട്ടോ ഗ്രാഫര്‍ എസ്.കെ. മോഹനേയും മര്‍ദ്ദിച്ചു. കാമറ പൊട്ടിച്ചു. വ്യാജ തെരഞ്ഞെടുപ്പു വോട്ടര്‍ കാര്‍ഡുണ്ടാക്കി. പോലീസിനെ സിപിഎമ്മിന്റെ പടയാളികളാക്കി. നിയമസഭയില്‍ ചര്‍ച്ച വന്നു. പോലീസ് കേസൊതുക്കാന്‍ നിര്‍ബന്ധിച്ചു. സിപിഎം എതിര് കേസ് ഫയല്‍ ചെയ്തു.
ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ മര്‍ദ്ദിച്ച കേസ് രാജേഷ് പിന്‍വലിച്ചു. അപ്പോള്‍ സിപിഎം പ്രവര്‍ത്തകരെ വെറുതേ വിട്ടുവെന്ന് ദേശാഭിമാനി വാര്‍ത്തയെഴുതിയ കാര്യവും മാധ്യമപ്രവര്ത്തകന് രാജേഷ് വിവരിക്കുന്നു. ഈ കാലത്ത് പിണറായി വിജയന് സഹകരണ വകുപ്പു മന്ത്രിയായിരുന്നു.
രാജേഷിന്റെ വിവരണത്തില്‍നിന്ന്:
”… പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കേണ്‍ഗ്രസിന് നല്ല ഭൂരിപക്ഷമുളുള്ള സഹകരണ സംഘം. കെ. സുധാകരന്റെ (കോണ്‍ഗ്രസ് നേതാവ്) സാമ്പത്തിക സ്രോതസ് പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് എന്നായിരുന്നു അക്കാലത്തെ സിപിഎമ്മിന്റെ പ്രധാന ആരോപണം. ബാങ്ക് ഇലക്ഷന് പ്രഖ്യാപിച്ചു. സഹകരണ വകുപ്പ് മന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു പ്രമുഖ സഹകരണ ബാങ്ക് എന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം ആ ബാങ്ക് ഇലക്ഷനുണ്ടായിരുന്നു.
ജനതാദള്‍ നേതാവായിരുന്ന കെ.വി. സുരേന്ദ്രന് എന്നോട് പറഞ്ഞു, എന്തു സംഭവിച്ചാലും ഇടതു മുന്നണി ഭരണം പിടിക്കും. ബാങ്ക് ഭരണ സമിതിയുടെ അഴിമതി ഭരണം അവസാനിപ്പിക്കും- എന്നായിരുന്നു സിപിഎമ്മിന്റെ പ്രഖ്യാപനം. സി. ജനാര്‍ദ്ദനനാണ് അക്കാലത്ത് ബാങ്ക് പ്രസിഡന്റ്. അദ്ദേഹം പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് അധ്യക്ഷനുമായിരുന്നു.
ബാങ്ക് ഇലക്ഷന് ഒരു പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമായിരുന്നു. ഇരുപക്ഷത്തിന്റെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും സ്വാഭാവികമായും വാര്‍ത്തകളായി. എന്നാല്‍, 500 ല്‍താഴെ മാത്രം അംഗങ്ങളുള്ള എല്‍ ഡി എഫ് പാനലിന് എങ്ങനെ ഭരണം പിടിക്കാനാവും എന്നതായിരുന്നു പ്രധാന ചര്‍ച്ച.
ആഗസ്ത് ഒമ്പത്, പയ്യന്നൂര്‍ ബോയിസ് സ്കൂളാണ് പോളിങ് സ്റ്റേഷന്. ഞായറാഴ്ചയാണ്. ഉച്ചയോടെയാണ് ഞാന്‍ വോട്ടെടുപ്പ് നടക്കുന്നസ്ഥലത്ത് എത്തുന്നത്.
രാവിലെ മുതല്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചിരുന്നു. യഥാര്‍ത്ഥ വോട്ടര്‍മാരെ തല്ലിയോടിച്ച്, വ്യാപകമായി അക്രമം ആരംഭിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ച് വോട്ടുചെയ്യാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമം തുടങ്ങി. സിഎംപി നേതാവായിരുന്ന പി. ബാലന് മാസ്റ്റര്‍ അടക്കമുള്ള ഒട്ടേറെ പ്പേര്‍ക്ക് മര്‍ദ്ദനമേറ്റു. അവരൊക്കെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ അഡ്മിറ്റാണ്. സംഭവം അറിഞ്ഞതോടെ കെ. സുധാകരന് പയ്യന്നൂരിലെത്തി. എന്നാല്‍ നഗരത്തില്‍ തമ്പടിച്ച സിപിഎം പ്രവര്‍ത്തകര്‍ സുധാകരനെ ആക്രമിക്കാന്‍ ശ്രമിച്ചു. സുധാകരന് സ്വയം രക്ഷാര്‍ത്ഥം ഗാന്ധി മൈതാനത്തിനടുത്തുള്ള ഇന്ദിരാജി ഹോസ്പിറ്റലില്‍ കയറി. ആശുപത്രി പരിസരം സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞു.
ഞാന്‍ ഫോട്ടോഗ്രാഫറോട് വരാന്‍ പറഞ്ഞിരുന്നു. എസ്.കെ. മോഹനനാണ് അക്കാലത്ത് ദീപിക ഫോട്ടോഗ്രാഫര്‍, ഫോട്ടോ എടുക്കാനായി ഞങ്ങള്‍ ഇന്ദിരാജി ആശുപത്രിക്ക് സമീപത്തേക്ക് പോകവെ ആരോ എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്, പറഞ്ഞു, ”അതാ സുധാകരന്റെ ആള് പോവുന്നു” എന്ന്.
ഇതോടെ ചിലര്‍ എന്നെ പിടിച്ച് തള്ളി. ഞാന്‍ സുധാകരന്റെ ആളല്ല, രാഷ്ട്ര ദീപികയുടെ ലേഖകനാണ് എന്നു പറഞ്ഞു. അതോടെ തല്ലായി. എസ്.കെ. മോഹനന്റെ ക്യാമറ തല്ലിപ്പൊട്ടിച്ചു. ഞാന്‍ അത് ചെറുക്കാന്‍ ശ്രമിച്ചതോടെ വലിയൊരു ജനക്കൂട്ടം എന്നെ തല്ലുകയായി. എനിക്ക് തല്ലുവാങ്ങുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. പൊലീസ് വണ്ടിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് രക്ഷകരായില്ല.
പരിചയക്കാരൊക്കെ എന്നെ തല്ലുന്നത് കാണുന്നുണ്ടെങ്കിലും ആരും രക്ഷിക്കാന്‍ തയ്യാറായില്ല. ധരിച്ചിരുന്ന ഷര്‍ട്ട് റിബണ്‍പോലെ കീറിപ്പറിഞ്ഞു. റോഡില്‍ വീണ എന്നെ പലരും ചവിട്ടി. ഒടുവില്‍ പാര്‍ട്ടിക്കാരുടെ സംഘത്തില്‍ നിന്നും ആരോ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഓടിക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ കിട്ടിയ ജീവനുംകൊണ്ട് ഓടി. നഗരത്തിലൂടെ ഏറെ ദൂരം ഓടി . ഒരു ബസില്‍ കയറി കണ്ണൂരിലേക്ക്. ബസില്‍ ഇരിക്കുന്നവരെല്ലാം എന്നെ നോക്കുന്നു. പിന്നാലെ ആരെങ്കിലും വരുന്നുണ്ടോ എന്നു മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ഭയം. കണ്ണൂരിലെത്തി, ദീപിക ഓഫീസിലേക്ക് ഒരു ഓട്ടോയില്‍ കയറി. അവിടെ വിവരങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നു…
തുടര്‍ന്ന് എന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി കെ. സുധാകരനും സംഘവും എന്നെ ആശുപത്രിയില്‍ വന്നു കണ്ടു. കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. എന്നെ അപ്പോള്‍ തീരെ വൃത്തിയില്ലാത്ത ഒരു കിടക്കയിലാണ് കിടത്തിയിരുന്നത്. കെ സുധാകരന് ആശുപത്രി അധികൃതരെ ശകാരിച്ചു. നല്ലൊരു വാര്‍ഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
രാത്രി തന്നെ കുറച്ചുകൂടി വൃത്തിയുള്ള ദുര്‍ഗന്ധമില്ലാത്ത ഒരു വാര്‍ഡിലേക്ക് മാറ്റി. അന്ന് രാത്രി വൈകിയാണ് മനോരമയിലെ മാത്യു അഗസ്റ്റിന് എന്നെ കാണാന്‍ വരുന്നത്. സംഭവം അറിഞ്ഞ് ഞാന്‍ പയ്യന്നൂരില്‍ വന്നിരുന്നു. നീ ജീവിച്ചിരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു എന്നാണ് അക്രമം നേരില്‍ കണ്ടവര്‍ പറഞ്ഞതെന്ന് മാത്യു അഗസ്റ്റിന് പറഞ്ഞു.
പിറ്റേദിവസം ജില്ലയില്‍ ഹര്‍ത്താലായിരുന്നു. നിയമ സഭയില്‍ വലിയ ബഹളമായിരുന്നു. എന്നെ മര്‍ദ്ദിച്ച സംഭവം ജി. കാര്‍ത്തികേയനും കെ.എം. മാണിയും അടിയന്തിര പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും നടന്നു.
സംഭവം അന്വേഷിക്കാന്‍ യു ഡി എഫ് ഒരു ഉപസമിതി രൂപീകരിച്ചു.
കുറച്ചുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. പിന്നീട് വീട്ടിലുമായി രണ്ടാഴ്ച കിടപ്പ്. ..
സംഭവം കഴിഞ്ഞ് രണ്ടാഴ്ചകഴിഞ്ഞ് ഞാന്‍ ദീപിക ഓഫീസിലെത്തി. ജോര്‍ജ്ജ് കള്ളിവയലില്‍ എനിക്ക് ഒരു പേപ്പര്‍ തന്നു. മുഖ്യമന്ത്രി ഇ കെ നായനാര്‍ എനിക്കയച്ച കത്തായിരുന്നു അത്. ജോലിക്കിടയില്‍ താങ്കള്‍ക്ക് നേരിട്ട ദേഹോപദ്രവത്തില്‍ ഖേദിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നാണ് ആ കത്തിന്റെ ഉള്ളടക്കം.
രാഷ്ട്ര ദീപികയില്‍ അക്രമികളുടേത് എന്ന് പറഞ്ഞ് എല്ലാദിവസവും നഗരത്തില്‍ പ്രകടനം നടത്തുന്ന ഒരു സംഘം സിപിഎം പ്രവര്‍ത്തകരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. അക്രമത്തിലേക്ക് അടിവച്ചടിവച്ച് എന്ന ക്യാപ്ഷനോടെയായിരുന്നു അത്.
പത്രത്തില്‍ അക്രമികളെന്ന് വിശേഷിപ്പിച്ച് ഫോട്ടോ പ്രസിദ്ധീകരിച്ചതിന് ഒരു ലക്ഷം വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൂന്നു സിപിഎം പ്രവര്‍ത്തകര്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ആദ്യമായി എനിക്കു കിട്ടുന്ന ഒരു വക്കീല്‍ നോട്ടീസായിരുന്നു അത്. ദീപിക എം ഡിയായിരുന്ന ജെയിംസ്.കെ.ജോസഫ്, ഒന്നാം പ്രതിയായും ഞാനും എസ്.കെ. മോഹനനും കൂട്ടുപ്രതികളായുമാണ് കേസ്. എന്നെ തല്ലിയ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നില്ല അപ്പോഴും.
ഒരു ദിവസം ഒരു പൊലീസുകാരന് എന്നെ കാണാനായി എത്തി. അദ്ദേഹം പറഞ്ഞു, ഞാന്‍ താങ്കളെ തല്ലിയ കേസിന്റെ അന്വേഷണ ചുമതലയുള്ള പൊലീസുകാരനാണ് എന്ന്. ഭാര്ഗ്ഗവന് എന്നാണ് പേര്. ഭാര്ഗ്ഗവന് അക്കാലത്ത് പൊലീസ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.
കേസില്‍ വലിയ കാര്യമില്ലെന്നും, ഒരു ജനക്കൂട്ടത്തിന്റെ അക്രമമാണ് നടന്നതെന്നും അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി.
പലതവണ അദ്ദേഹം അന്വേഷണവുമായി എന്നെ കാണാന്‍ വന്നു. ഞാന്‍ തല്ലിയരുടെ പേര് കൊടുക്കണമെന്നായിരുന്നു ആവശ്യം. എനിക്ക് ഒരു പരിചയവുമില്ലാത്തവരാണ് തല്ലിയത്. ഒടുവില്‍ സി പി എം ഓഫീസില്‍ നിന്നുതന്നെ പ്രതികളുടെ പേര് സംഘടിപ്പിച്ചു. കേസ് കോടതിയില്‍ എത്തി കോടതിയില്‍ എത്തിയിരുന്നു. പ്രതികള്‍ എന്നു പറഞ്ഞ് കോടതയില്‍ വന്ന പേരുകാരൊന്നുമായിരുന്നില്ല എന്നെ തല്ലിയത്.
കേസ് കുറേ വര്‍ഷം മുന്നോട്ട് പോയി. ഒടുവില്‍ ജെയിംസ്.കെ. ജോസഫ് ദീപിക വിട്ട് കെഎസ്ആര്‍ടിസി എംഡിയായി. അദ്ദേഹം കേസിന്റകാര്യത്തില് താല്പര്യമെടുത്തില്ല.
ഒടുവില്‍ പ്രതിഭാഗം വക്കീല്‍ എന്റെ മുന്നില്‍ ഒരു നിര്‍ദ്ദേശം വച്ചു. അദാലത്തില്‍ വച്ച് തല്ലുകേസ് പിന്‍വലിച്ചാല്‍ മാനനഷ്ടക്കേസ് പിന്‍വലിക്കാമെന്ന്. അഡ്വ. വിജയകുമാറാണ് അവരുടെ വക്കീല്‍. നമ്മുടേത് അഡ്വ. പ്രഭാകരന് വക്കീലും. വക്കീലിന് ദീപിക ഫീസ് കൊടുക്കാത്തതിനാല്‍ കേസുമായി പോകാന്‍ താല്പര്യമില്ലായിരുന്നു.
ഒടുവില്‍ അദാലത്തില്‍ വച്ച് രണ്ട് കേസുകളും പിന്‍വലിച്ചു. പിറ്റേ ദിവസം ‘ദേശാഭിമാനി’യില്‍ വാര്‍ത്തവന്നു. രാഷ്ട്രദീപിക കേസ്, ‘പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു’ എന്ന്. ഞാന്‍ കേസ് പിന്വലിച്ചതാണെന്നകാര്യം മറുവച്ചു. വക്കീലിന് കേസ് പിന്‍വലിക്കാനുള്ള പണം ഞാന്‍ നല്‍കേണ്ടിവന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: