ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇതുവരെ നുഴഞ്ഞുകയറാന്‍ അനുവദിച്ചിട്ടില്ലന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സുരക്ഷ കര്‍ശ്ശമാക്കുകയും ഇതിനെതിരെ പലവിധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ യാതൊരുവിധ നുഴഞ്ഞുകയറ്റവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിച്ചു.
പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചൈനയ്‌ക്കായിട്ടില്ല. ചൈന പലതവണ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിര്‍ത്തികടക്കാന്‍ ചൈനയെ സമ്മതിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈന ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് കയ്യടക്കി വച്ചത് ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ നിന്നും ഒരിഞ്ചുപോലും കൂടുതല്‍ വരാന്‍ ചൈന നടത്തിയ ഒരു ശ്രമവും വിജയിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ത്യ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 47 തവണയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നിട്ടുള്ളത്. ഏപ്രില്‍ മാസത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: