ഷാങ്ഹായ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ചൊവ്വാഴ്ച ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) അംഗങ്ങളുടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാക് പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് യോഗത്തില്‍ ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്കിടയാക്കിയത്. പാക്കിസ്ഥാനെ അതിരൂക്ഷമായാണ് ദോവല്‍ വിമര്‍ശിച്ചത്. മാപ്പ് പിന്‍വലിക്കാനുള്ള ആവശ്യം അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചതോടെയാണു ദോവല്‍ യോഗം ബഹിഷ്കരിച്ചത്. മറ്റു രാജ്യങ്ങളിലെ പ്രതിനിധികള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദോവല്‍ ശാന്തനായില്ല.
വെര്‍ച്വല്‍ മീറ്റിങ് ആണ് നടന്നത്. റഷ്യയായിരുന്നു അധ്യക്ഷ രാഷ്ട്രം. പാകിസ്താന്റെ പ്രകോപനമാണ് എല്ലാത്തിനും കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.പാകിസ്താന്റെ നടപടി പ്രകോപനപരമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടിട്ടുണ്ട്. പാകിസ്താന്റെ പുതിയ ഭൂപടം റഷ്യ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം റഷ്യന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോലായ് പത്രുഷേവ് വിശദീകരിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന് പാകിസ്ഥാന്റെ പുതിയ രാഷ്ട്രീയ ഭൂപടം അനാവരണം ചെയ്തിരുന്നു. ഈ ഭൂപടവുമയാണ് പാക്കിസ്ഥാന് പ്രതിനിധി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: