ന്യൂദല്‍ഹി: രാഷ്ട്രപതി, പ്രധാനമന്ത്രി, സൈനിക മേധാവിമാര്‍ എന്നിവരടക്കം പതിനായിരത്തോളം ഇന്ത്യന്‍ നേതാക്കളും ഉദ്യോഗസ്ഥരും ചൈനയുടെ നിരീക്ഷണത്തില്‍. ചൈനീസ് സര്‍ക്കാരുമായും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള ഷെന്‍ഹായ് ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് പ്രമുഖരെ നിരീക്ഷിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ബിഗ് ഡാറ്റ ടൂളുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് നിരീക്ഷണം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിലവിലെ സൈനിക മേധാവിമാരും, വിരമിച്ച മേധാവിമാരും അടക്കമുള്ള അമ്പതോളം പ്രമുഖര്‍, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, കുടുംബാംഗങ്ങള്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന മന്ത്രിമാര്‍, മുന്‍ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും തുടങ്ങി വലിയ പട്ടികയാണ് പുറത്തു വന്നത്.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇത്തരത്തില്‍ ഇന്ത്യന്‍ നേതാക്കളെ നിരീക്ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന പ്രതികരണവുമായി ദല്‍ഹിയിലെ ചൈനീസ് എംബസി രംഗത്തെത്തി. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ചൈനീസ് ഐടി കമ്പനി ഇതുവരെ തയാറായിട്ടില്ല.
രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള 1350 രാഷ്ട്രീയക്കാരെയാണ് ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളിലെ പരമ്പരാഗത നേതാക്കളുടെ കുടുംബാംഗങ്ങള്‍ എന്നിവരടക്കം ഇടംപിടിച്ചു. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി പ്രതിദിനം 150 ദശലക്ഷത്തോളം വിവരങ്ങളാണ് ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: