കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ സൗഹൃദവും വിവാദ സന്ദര്‍ശനവും വഴി വാര്ത്തയിലായ എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ അരൂര്‍ പ്രദേശവും അവിടത്തെ ചില വ്യവസായ സംരംഭങ്ങളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായി.
അരൂര്‍, അരൂക്കുറ്റി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചില ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ മുന്‍ സര്‍ക്കാരുകളും ഈ സര്‍ക്കാരും നടപടികള്‍ ഒന്നും എടുത്തില്ല.
ഇവിടെ ഏറ്റവും കൂടുതല്‍ സമുദ്രോല്‍പ്പന്ന സംസ്കരണ ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇവിടങ്ങളിലേക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും ഇവിടന്ന് വിദേശങ്ങളിലേക്കും കണ്ടെയ്നറുകളും വാഹനങ്ങളുമടക്കം സഞ്ചരിക്കുന്നുണ്ട്. ഇവിടത്തെ ചില സ്ഥാപനങ്ങള്‍ക്ക് ദുരൂഹമായ പ്രവര്‍ത്തനങ്ങളുണ്ടെന്ന് ഇതര സ്ഥാപനങ്ങളും ഉടമകളും സംസ്ഥാന, ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും പരാതി അയച്ചിരുന്നു. സംസ്ഥാനത്തും പുറത്തുമുള്ള ചിലര്‍ പ്രദേശത്തെ ചില സ്ഥാപനങ്ങള്‍ ബിനാമിയായി നടത്തുന്നുവെന്നാണ് പരാതികള്‍. സംസ്ഥാനത്തെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഈ ബിനാമിക്കൂട്ടത്തിലുണ്ട്. പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും ചെറുകിട, വന്‍കിട വ്യാപാര സ്ഥാപനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ബിനാമിയാണെന്നും പ്രചാരമുണ്ട്.
എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ്എഫ്ഐ പ്രവര്ത്തകന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് അരൂര്‍ പ്രദേശത്ത് സംരക്ഷണം കിട്ടിയതായി പോലീസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇസ്ലാമിക ആദര്‍ശക്കാരായ വിദ്യാര്‍ഥി പ്രസ്ഥാനമാണ് കൊല നടത്തിയതെന്ന് ആരോപണം വന്നിട്ടും ഇടതു സര്‍ക്കാരിന് പ്രതികളെ അറസ്റ്റ് ചെയ്യാനായല്ല. പ്രതികള്‍ ഘട്ടംഘട്ടമായി കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തിനുശേഷം മന്ത്രി ജലീലിന്റെ സന്ദര്‍ശനത്തോടെയാണ് പ്രദേശം വീണ്ടും ശ്രദ്ധയിലാകുന്നത്.
അരൂരിലെ മുതലാളിമാര്‍ സിപിഎമ്മിന് വേണ്ടപ്പെട്ടവരാകുമ്പോള്‍
ആലപ്പുഴ: ഇടതു സര്‍ക്കാരിലും, സിപിഎമ്മിലും പുത്തന്‍പണക്കാരായ അരൂരിലെ മുതലാളിമാര്‍ക്കുള്ള സ്വാധീനം കണ്ട് ഞെട്ടിയിരിക്കുന്നു സഖാക്കള്‍. മുഖ്യമന്ത്രിയും, മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ ഉണ്ടു വിശ്രമിക്കാന്‍ മുതലാളിമാരുടെ പഞ്ചനക്ഷത്ര വീടുകളും, സഞ്ചരിക്കാന്‍ അത്യാഡംബര വാഹനങ്ങളും ആശ്രയിക്കുമ്പോള്‍ ഇവരുടെ ഞെട്ടല്‍ വര്‍ധിക്കുന്നു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സഖാക്കളും നേതാക്കളും പിണറായി വിജയനെയും, കെ.ടി. ജലീലിനെയും പോലുള്ളവരെ ഒന്നു കാണണെങ്കില് പോലും ഇത്തരം മുതലാളിമാരുടെ പടിവാതില്‍ക്കലില്‍ കാത്തു നില്‍ക്കേണ്ട ഗതികേടിലാണ്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള സിപിഎം ഉന്നത നേതാക്കളും, അരൂരിലെ വിവാദ വ്യവസായികളുമായുള്ള ബന്ധം ചര്‍ച്ചയാകുന്നത്. നേതാക്കള്‍ക്ക് ഇവര്‍ മനസാക്ഷി സൂക്ഷിപ്പുകാരെങ്കിലും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് ഇവര്‍ അനഭിമതരാണ്. പ്രത്യേകിച്ച് പഴയ വി.എസ് അനുകൂലികളുടെ കണ്ണിലെ കരടാണ് ഇവര്‍.
മന്ത്രി കെ.ടി. ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ചോദ്യം ചെയ്യലിനെത്തിയ വാഹനഉടമ വ്യവസായിയായ അനസ് മണാറയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി പോലും സിപിഎമ്മിലെ ഒരു വിഭാഗം പരിഗണിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വര്‍ഷങ്ങളായി അരൂരിനെ പ്രതിനിധീകരിച്ചിരുന്ന ഒരു ജനപ്രതിനിധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് ഇയാള്‍. ഈ ജനപ്രതിനിധി മുഖേനയാണ് ജലീലുമായി ബന്ധം സ്ഥാപിച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
മണാറ കെയറിന്റെ ഉടമയാണ് ഇദ്ദേഹം. കൂടാതെ അരൂരിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താഹിറ കെമിക്കല്‍സ്, ഈസ്റ്റേണ്‍ സീ ഫുഡ് കമ്പനി അങ്ങനെ തുടങ്ങി നിരവധി വ്യവസായ സ്ഥാപനങ്ങളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുമുണ്ട്.
അരൂരിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അനസാണെന്ന വിവരമാണ് ലഭിക്കുന്നത്. വളരെ പെട്ടന്ന് വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ അനസിന്റെ ഉറ്റ സുഹൃദ് വലയത്തില്‍ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ എങ്ങനെ കടന്നുകൂടിയെന്നാണ് സഖാക്കള്‍ക്ക് ഇനിയും വ്യക്തമാകാത്തത്.
നേരത്തെ അരൂരിലെ തന്നെ മറ്റൊരു വ്യവസായി കിരണ്‍ മാര്‍ഷലുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധവും ഏറെ വിവാദമായിരുന്നു. 18 വര്‍ഷത്തെ ആത്മബന്ധമുണ്ടെന്നാണ് കിരണ്‍ തന്നെ വെളിപ്പെടുത്തിയത്. പിണറായി വിജയനോടുള്ള ആരാധന മൂത്ത് പിണറായി പാര്‍ട്ടി സെക്രട്ടറിയായി ഉപയോഗിച്ചിരുന്ന കാര്‍ പോലും താന്‍ സ്വന്തമാക്കിയിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ കാര്‍ പിന്നീട് എന്തൊക്കെ ആവശ്യങ്ങള്‍ക്കായി, എവിടെയൊക്കെ ഓടിയെന്നതും ചോദ്യമായി അവശേഷിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കിരണ്‍ ഒളിവില്‍ താമസിക്കാനും സംസ്ഥാനം കടക്കാനും സഹായിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ ആരോപണമുന്നയിച്ചിരുന്നു.
എന്നാല്‍ കിരണ്‍ ആരോപണം നിഷേധിച്ചിരുന്നു. കിരണിന്റെ കേരള കോഫീ ഹൗസ് എന്ന ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതു പോലും പിണറായി വിജയന്റെ ഭാര്യ കമല വിജയന് ആയിരുന്നു. അരൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് പിണറായിയും സംഘവും വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും കിരണിന്റെ വീട്ടിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: