തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ മന്ത്രി കെ.ടി. ജലീലിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്റെ മകന് ബിനീഷ് കോടിയേരിക്കും പിന്നാലെ മന്ത്രിപുത്രന്മാര്ക്കും കൂടുതല്‍ മന്ത്രിമാര്‍ക്കും പങ്കെന്ന് വിവരം. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് അന്വേഷണം മന്ത്രി പുത്രന്മാരിലേയ്ക്ക് നീളുകയാണ്. ലൈഫ് മിഷന് പദ്ധതിയില്‍ ഒരു മന്ത്രിയുടെ മകന് കൂടി കമ്മീഷന് വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വപ്ന സുരേഷ് സംഘാടകയായി ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ മന്ത്രിക്കും എംഎല്‍എമാര്‍ക്കും സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത് മകനും കമ്പനിയും. മറ്റ് രണ്ട് മന്ത്രിമാരും നിരീക്ഷണത്തില്‍.
കെ.ടി.ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിപുത്രന്മാരുടെ പങ്ക് പുറത്ത് വരുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിച്ച യുണിടാക് കമ്പനി നല്കിയ നാലുകോടി കമ്മീഷനില്‍ നിന്നും മന്ത്രിയുടെ മകനും പങ്ക് ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മന്ത്രിയുടെ മകനും അടുത്ത സൗഹൃദത്തിലാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ചില സൗഹൃദ ചിത്രങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ ബിനാമി സ്ഥാപനമെന്നു ആരോപണം നേരിടുന്ന യുഎഎഫ്എക്സ് എന്ന വിസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് മന്ത്രിയുടെ മകന് ചെയര്‍മാനായുള്ള റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണ് വിവരം.
മറ്റൊരു മന്ത്രിയും എംഎല്‍എമാരും പാര്‍ലമെന്ററി കാര്യം പഠിക്കാന്‍ പാര്‍ലമെന്റില്ലാത്ത ദുബായില്‍ പോയതുമായി ബന്ധപ്പെട്ടാണ് അതേ മന്ത്രിയുടെ മകനും സംശയനിഴലില്‍ ആയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ വകുപ്പ് ഔദ്യോഗിക യാത്ര വിലക്കിയപ്പോള്‍ സ്വകാര്യ പരിപാടി തട്ടിക്കൂട്ടിയാണ് മന്ത്രിയും എംഎല്‍എ സംഘവും ദുബായ്യിലെത്തിയത്. പരിപാടി സൗകര്യം ഒരുക്കിയത് സ്വപ്ന സുരേഷായിരുന്നു. ഈ മന്ത്രിയുടെ പുത്രന് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പിന്തുണയും സ്വീകരിച്ചായിരുന്നു യാത്ര. ഈ യാത്രയുടെ ടിക്കറ്റ് ചെലവിനത്തില്‍ വന്‍തുകയാണ് മന്ത്രിയുടെ മകന് ഈടാക്കിയത്.
ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.സി. മൊയ്തീനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജലീലിനെ ചോദ്യം ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക് രണ്ടു മന്ത്രിമാരുടെ മക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: