ബെംഗളൂരു: മയക്കുമരുന്നു കേസില്‍ പരിശോധനയുടെ ഭാഗമായി നല്‍കിയ മൂത്ര സാമ്പിളില്‍ വെള്ളം കലര്‍ത്തി രാഗിണി ദ്വിവേദി. മല്ലേശ്വരം കെസി ജനറല്‍ ആശുപത്രയില്‍ എത്തിച്ചാണ് നടിയുടെ മൂത്രത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. എന്നാല്‍ നടി മൂത്രത്തില്‍ വെള്ളം കലര്‍ത്തി നല്‍കുകയായിരുന്നു. സാമ്പിള്‍ നല്‍കിയപ്പോള്‍ത്തന്നെ വെള്ളം കലര്‍ത്തിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഇതോടെ മൂത്രത്തിന്റെ സാമ്പിള്‍ വീണ്ടും ശേഖരിച്ച് പരിശോധനയ്‌ക്ക് നല്‍കി. അതില്‍ വെള്ളം കലര്‍ത്തിയിരുന്നില്ലെന്ന് സിസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഗിണിയുടെ പെരുമാറ്റം ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. രാഗിണിയുടെ പോലീസ് കസ്റ്റഡി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലും നടിയുടെ മോശം പെരുമാറ്റം സൂചിപ്പിച്ചിരുന്നു.
മൂത്രത്തിന്റെ സാമ്പിള്‍ പരിശോധനയിലൂടെ ഏതാനും ദിവസം മുന്‍പുവരെയുള്ള മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ സാധിക്കും. വെള്ളം ചേര്‍ത്താല്‍ മൂത്രത്തിന്റെ താപനില കുറയുമെന്നും മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ സാധിക്കില്ലെന്നും ഇതിനാണ് നടി ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായ മറ്റൊരു നടി സഞ്ജന ഗല്‍റാണിയും പരിശോധന വേളയില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. അഭിഭാഷകനുമായി സംസാരിച്ച ശേഷം മാത്രമെ സാമ്പിള്‍ നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു നടി. പിന്നീട് അഭിഭാഷനുമായി സംസാരിക്കാന്‍ അവസരം നല്‍കിയ ശേഷമാണ് നടി അന്വേഷണ സംഘം ആവശ്യപ്പെട്ട സാമ്പിളുകള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: