തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റിന് പിന്നാലെ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസും, എന്‍ഐഎയും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുറാന് കടത്തിയതിനാണ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്ണക്കള്ളക്കടത്തോ ഹവാലാ ഇടപാടുകളോ നടന്നിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് അന്വേഷണം. ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് യുഎപിഎ നിലനില്‍ക്കുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ വരുമെന്നാണ് എന്‍ഐഎയ്ക്ക് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജലീലിന്റെ സുഹൃത്ത് അരൂര്‍ സ്വദേശി അനസിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ വിവര ശേഖരണം തുടങ്ങി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഇദ്ദേഹത്തിന്റെ സാമ്പത്തിക പശ്ചാത്തലവും ഇടപാടുകളുമാണ് പരിശോധിക്കുന്നത്.
മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ സ്വപ്ന സുരേഷ് അടക്കമുളള പ്രതികള്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ അറിവോടെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഓഫീസ് മറയാക്കിയോ പ്രതികള്‍ കള്ളക്കടത്ത് നടത്തിയിട്ടുണ്ടാകാം എന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. അറിഞ്ഞോ അറിയാതയോ ഇതിനെ സഹായിക്കുന്നതും രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി. ജലീലിനെ നോട്ടീസ് നല്കി വിളിച്ചുവരുത്താന്‍ എന്‍ഐഎയും കസ്റ്റംസും ഒരുങ്ങുന്നത്. ഇരു ഏജന്‍സികളുടെയും തലപ്പത്തുനിന്നും ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ എത്തുന്നുണ്ട്. എന്‍ഫോഴ്സ്മെന്റും ഒരിക്കല്‍ കൂടി ജലീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുണ്ട്.
പ്രോട്ടോകോള്‍ ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ മന്ത്രി കെ.ടി. ജലീല്‍ കൈപ്പറ്റിയത് എന്തിനാണെന്നത് സംബന്ധിച്ചാണ് പരിശോധന. കഴിഞ്ഞ ദിവസം ജലീല്‍ നല്കിയ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശം പരിഗണിച്ചാകും വീണ്ടും ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: