മനുഷ്യനു സത്യത്തില്‍ മരണമില്ലെന്നത് ഈശ്വരാവതാരങ്ങളെല്ലാം നമ്മെ പഠിപ്പിച്ചതാണ്, അതു മഹര്‍ഷിമാരുടെയെല്ലാം അനുഭവമാണ്, ആചാര്യന്മാരുടെയും ജ്ഞാനികളുടെയും അനുഭവമാണ്. അതിനാല്‍ മനുഷ്യന് എന്നു നാം തന്നത്താന്‍ വിളിക്കുന്ന ഈ ജീവി യഥാര്‍ഥത്തില്‍ ആരാണെന്നറിഞ്ഞാലേ നമുക്കു മരണഭയത്തില്‍നിന്നു മുക്തി കിട്ടൂ. പക്ഷേ, സത്യത്തില്‍ നമുക്കു മരണമില്ലെങ്കിലും, നമുക്കു രോഗഭയവും മരണഭയവുമുണ്ട്. അതെങ്ങനെ ഒഴിവാക്കാം? നമുക്കു സത്യത്തില്‍ മരണമില്ലെന്നുള്ള അറിവുകൊണ്ടാണ് രോഗഭയത്തെയും മരണഭയത്തെയും ഒഴിവാക്കേണ്ടത്. എന്നുവെച്ചാല്‍, മാറുന്ന ഈ ശരീരത്തില്‍ മാറാത്തതും മരിക്കാത്തതുമായ ആത്മാവ്, അതായത് ഈശ്വരന്റെ അംശം ഉണ്ടെന്നുള്ള അറിവുകൊണ്ട്. ഈ അറിവുകൊണ്ടുതന്നെ പകുതി ഭയം പോകുന്നു; എന്നാല്‍ ഈ സത്യം തപസ്സുകൊണ്ട് ഉള്ളില്‍ അനുഭവിച്ചറിഞ്ഞാല്‍ ഭയം പൂര്‍ണ്ണമായും പോവുന്നു. അതിനു നാം ആദ്യം ഈ ആത്മാവിനെപ്പറ്റി കേള്‍ക്കണം, പിന്നെ അതേപ്പറ്റി വിചാരം ചെയ്യണം, പിന്നെ അഭ്യസിക്കണം. -‘ആത്മാ വാ അരേ ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ’ (ബൃഹദാരണ്യകോപനിഷത്ത്. 2. 4. 5). ആത്മാവ് പരമപ്രേമാസ്പദമാണെന്നു വിവരിച്ചശേഷം യാജ്ഞവല്ക്യന് മൈത്രേയിയോടു പറയുന്നു: ‘പ്രിയേ ആത്മാവിനെ ദര്‍ശിക്കേണ്ടതാണ്: കേള്‍ക്കണം മനനം ചെയ്യണം, ധ്യാനിക്കണം.’
അങ്ങനെ, സത്യത്തില്‍ നാം ഒരിക്കലും മരിക്കുന്നില്ല. ആത്മാവിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ലോകത്തൊരിക്കലും ഒരു ജീവിയും മരിച്ചിട്ടില്ല. വിവേകാനന്ദസ്വാമികള്‍ പറയുന്നത് ഒരര്‍ഥത്തില്‍ നമ്മുടെ ശരീരംപോലും മരിക്കുന്നില്ലെന്നാണ്: ‘ചൈതന്യം (ആത്മാവ്) ഒരിക്കലും നശിക്കുന്നില്ല. മരണം ഒരിടത്തുമില്ല, ശരീരത്തിനുപോലുമില്ല, മനസ്സും നശിക്കുന്നില്ല. ശരീരംതന്നെ എങ്ങനെ നശിക്കാനാണ്? മരത്തിന്മേല്‍നിന്ന് ഒരില കൊഴിയുന്നു – അതുകൊണ്ട് മരം നശിക്കുന്നുണ്ടോ? ഈ ജഗത്താണ് എന്റെ ശരീരം. അത് അഭംഗുരം തുടരുന്നതു നോക്കുക. എല്ലാ മനസ്സുകളും എന്റെ മനസ്സാണ്. എല്ലാ കാലുകളെക്കൊണ്ടും ഞാന്‍ നടക്കുന്നു. എല്ലാ വായില്‍ക്കൂടിയും ഞാന്‍ മൊഴിയുന്നു. സകലശരീരത്തിലും ഞാന്‍ വസിക്കുന്നു…. എന്തുകൊണ്ടാണ് ഞാനതറിയാത്തത്? വ്യക്തിത്വബോധംകൊണ്ട്, ആ സൂകരഭാവംകൊണ്ട്. നിങ്ങള്‍ ഈ മനസ്സുമായി ബദ്ധരാണ്. അതിനാല്‍ ഇവിടെയിരിക്കാനേ കഴിയുന്നുള്ളൂ. അവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ല.’ ഈശ്വരനില്‍നിന്ന് എല്ലാമുണ്ടായിരിക്കുന്നുവെന്നും എല്ലാം ഈശ്വരനിലേക്കുതന്നെ തിരിച്ചുപോകുന്നുവെന്നുമുള്ള വേദാന്തദര്‍ശനമാണ് സ്വാമിജിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മനുഷ്യനായും മറ്റു ജീവികളായും കാണുന്നതെല്ലാം സത്യത്തില്‍ ഈശ്വരന്‍തന്നെ.
മനുഷ്യന്റെ മരണം അവന്റെ അവസാനമല്ല എന്ന് നമുക്ക് ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിലൂടെ മനസ്സിലാക്കാം. അത് ശ്രീരാമകൃഷ്ണന്റെ മരുമകനായ അക്ഷയിന്റെ മരണമായിരുന്നു. അക്ഷയിന്റെ മരണത്തിനുശേഷം ശ്രീരാമകൃഷ്ണന് പറഞ്ഞു: ‘അക്ഷയ് മരിച്ചത് എന്റെ കണ്മുന്നിലാണ്. പക്ഷേ അതെന്നെ തീരെ ബാധിച്ചില്ല. ഒരു മനുഷ്യന് മരിക്കുന്നതും കണ്ടു ഞാന്‍ നിന്നു. ഒരു വാള് അതിന്റെ ഉറയില്‍നിന്ന് ഊരുന്നതുപോലെയായിരുന്നു അത്. ഞാനാ കാഴ്ച ആസ്വദിച്ചു; ചിരിക്കുകയും പാടുകയും നൃത്തംവെക്കുകയും ചെയ്തു. അവര്‍ മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു. പക്ഷേ അടുത്ത ദിവസം ഞാന്‍ അവിടെ (തന്റെ മുറിയുടെ തെക്കുകിഴക്കേ വരാന്ത ചൂണ്ടിക്കാണിച്ച്) നിന്നപ്പോള്‍, അക്ഷയിന്റെ മരണത്താല്‍ ഹൃദയം ഞെരിയുന്ന വേദന തോന്നി; ആരോ എന്റെ ഹൃദയം നനഞ്ഞ തോര്‍ത്തുപോലെ പിഴിയുന്നതുപോലെയായിരുന്നു അത്. ഞാനതില്‍ അത്ഭുതപ്പെട്ടു; ജഗദംബ എന്നെ ഒരു പാഠം പഠിപ്പിക്കുകയാണെന്ന് എനിക്കു തോന്നി. എനിക്ക് എന്റെ ദേഹത്തോടു താല്പര്യമില്ല – ഒരു ബന്ധുവിന്റെ കാര്യത്തിലാണെങ്കില്‍ പറയാനുമില്ല. എന്നാല്‍, മരുമകന് മരിച്ചതില്‍ എനിക്കിത്ര വേദനയുണ്ടെങ്കില്‍, തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ഗൃഹസ്ഥര്‍ക്ക് എത്രയേറെ വേദനയുണ്ടാകും!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: