”കുട്ടികളേ, ത്രേതായുഗത്തിലെ രാമന് ശരിക്കും പായസക്കുട്ടനായിരുന്നു. രാമന് മാത്രമല്ല അനുജന്മാരായ ഭരതനും ലക്ഷ്മണനും ശത്രുഘ്നനുമൊക്കെ പായസക്കുട്ടന്മാരായിരുന്നു”- കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന കവി പി.ഐ. ശങ്കരനാരായണന് അവരെങ്ങനെ പായസക്കുട്ടന്മാരായെന്നും വിശദീകരിക്കുന്നു. ദശരഥ മഹാരാജാവ് നടത്തിയ പുത്രകാമേഷ്ടിയെക്കുറിച്ചും, അഗ്നിദേവന് സമ്മാനിച്ച പായസം പത്നിമാര്‍ക്ക് വീതിച്ചു നല്‍കുന്നതും, നാല് പുത്രന്മാര് ജനിക്കുന്നതുമൊക്കെ ലളിതസുന്ദരമായ വാക്കുകളില്‍ കവി വിവരിച്ചുകൊടുക്കുന്നു.
കൊറോണയുടെ തടവറയില്‍ ഇരുന്നുകൊണ്ട്, കുട്ടികള്‍ക്ക് രാമായണകഥ വാട്സാപ് സന്ദേശങ്ങളായി നല്‍കുകയാണ് ശങ്കരനാരായണന്. അതിലൂടെ കുട്ടികള്‍, അവരറിയാതെതന്നെ, ഉത്തമ സാഹോദര്യത്തിന്റെ, ഉത്തമ മാതൃത്വത്തിന്റെ, പിതൃഭക്തിയുടെ, സ്വപത്നീസ്നേഹത്തിന്റെ, ഋഷിപ്രോക്തങ്ങളായ സനാതനധര്‍മ്മ സംഹിതകളുടെ ഒക്കെ പാഠങ്ങള്‍ പഠിക്കുന്നു. കര്‍ക്കടകമാസം മുഴുവന്‍ ഈ രാമായണ കഥാഖ്യാനത്തില്‍ വ്യാപൃതനായിരുന്നു കവി. കേരളീയ സാഹിത്യ-സാംസ്കാരിക മേഖലകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കവി, ഭാഷാസ്നേഹി, കഥാകൃത്ത്, നടന്, പ്രഭാഷകന്‍, ഗാന്ധിയന്‍ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് പി.ഐ. ശങ്കരനാരായണന്. ജന്മംകൊണ്ട് കണ്ണൂര്ക്കാരന്. എട്ടുവര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. 1974-ല്‍ ഏലം ബോര്‍ഡില്‍ (ഇന്ന് സ്പൈസസ് ബോര്‍ഡ്) പബ്ലിസിറ്റി വിഭാഗത്തില്‍ ചേര്‍ന്നു. ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം അദ്ദേഹത്തിന്റെ രചനയാണ്. അഴിമതികള്‍ക്കെതിരെ ശബ്ദിക്കുന്ന ശീലമുള്ളതിനാല്‍, അവിടെ നിരന്തരം കാലുഷ്യങ്ങളില്പ്പെട്ടു. ജോലിയില്‍നിന്ന് പുറത്തുപോരേണ്ടിവന്നു. കോടതിയും കേസുമായി വര്‍ഷങ്ങള്‍ പോയെങ്കിലും ഉദ്യോഗം തിരികെ ലഭിച്ചില്ല. എഴുത്തിലും സാംസ്കാരിക പ്രവര്‍ത്തനത്തിലും കൂടുതല്‍ മുഴുകാന്‍ തുടങ്ങി.
ഗാന്ധിയന്‍ സര്‍വ്വോദയ നേതാക്കളായിരുന്ന പ്രൊഫ. എം.പി. മന്മഥന്റെയും പ്രൊഫ. ജി. കുമാരപിള്ളയുടെയും നേതൃത്വത്തില്‍ നടന്നിരുന്ന മദ്യവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. ‘ലഹരിക്കെതിരെ ലഹരി’ എന്ന ബോധവല്‍ക്കരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഗാന്ധിജി, ഒഴിവാക്കാന്‍ ഉദ്ബോധിപ്പിച്ച ഏഴു തിന്മകളെ വിശദീകരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ കാര്‍ഡുകള്‍ തയ്യാറാക്കി ഒട്ടേറെ നേതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊണ്ടിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷനിലെ സജീവ അംഗമാണ് ശങ്കരനാരായണന്. കോഴിക്കോട് സര്‍വ്വകലാശാലാ ഗാന്ധി ചെയറിന്റെ ആദരം ലഭിച്ചിട്ടുണ്ട്. ഗാന്ധിയന്‍ ആശയപ്രചാരണ പ്രവര്‍ത്തനങ്ങളെ മാനിച്ച്, കൊല്‍ക്കത്തയിലെ ‘വാക്’ എന്ന സംഘടനയുടെ പുരസ്കാരവും ലഭിച്ചു. ‘അറിയൂ ഗാന്ധിജിയെ’ എന്ന പുസ്തകം കുട്ടികളെ ഉദ്ദേശിച്ച് രചിക്കപ്പെട്ടതാണെങ്കിലും ഈ രംഗത്തെ അദ്ദേഹത്തിന്റെ ഗണ്യമായ സംഭാവനകളിലൊന്നാണ്.
സൈലന്റ്വാലി സമരകാലത്തും (1980) തുടര്‍ന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശങ്കരനാരായണന് അതീവ താല്പര്യത്തോടെ പ്രവര്‍ത്തിച്ചിരുന്നു. കുട്ടികളില്‍ പരിസ്ഥിതിബോധം വളര്‍ത്താന്‍ പര്യാപ്തമായ അഞ്ചു പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രകൃതിവന്ദനം, ഇലയും മരവും കാടും, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി, ഭൂമിയുടെ നാവ് എന്നിവയാണവ.
മലയാളഭാഷാ സംരക്ഷണമാണ് ശങ്കരനാരായണന്റെ മറ്റൊരു കര്‍മ്മമേഖല. നവംബര്‍ ഒന്ന്, മലയാളഭാഷാദിനമായും പിന്നീട് ഭാഷാവാരമായും ഒക്കെ ആചരിക്കപ്പെടുന്നത്, ശങ്കരനാരായണനെപ്പോലുള്ള ഭാഷാപ്രണയികളുടെ നിരന്തര പ്രചാരണ-പ്രയത്നങ്ങളുടെ ഫലമായിട്ടാണ്. ‘മലയാളമേ എന്റെ അഭിമാനമേ’ എന്ന ഗ്രന്ഥവും ഓഡിയോ സിഡികളും ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
സമസ്ത കേരള സാഹിത്യപരിഷത്ത്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം, കേരള സാഹിത്യമണ്ഡലം, കവിസമാജം, Indian Socitey of Authors (INSA) തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാഹിത്യ സെമിനാറുകളില്‍ പ്രബന്ധങ്ങളും കവിതകളും അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ത്രിവത്സര ഗവേഷണ ഫെലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാലാ സുവര്‍ണജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവസമാജം അവാര്‍ഡ്, കുഞ്ഞുണ്ണി പുരസ്കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. നവമന ബാലവികാസകേന്ദ്രം, നവമന വികാസകേന്ദ്രം എന്നിവ അദ്ദേഹം സ്ഥാപിച്ച് നടത്തുന്ന മൂല്യബോധന കേന്ദ്രങ്ങളാണ്. ഒരു ഇംഗ്ലീഷ് പുസ്തകം ഉള്‍പ്പെടെ നൂറില്‍പ്പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ജന്മദിന ശുഭാശംസകള്‍!
നിങ്ങള്‍ക്കിതാ,
ജന്മദിന ശുഭാശംസകള്‍!
ദീര്‍ഘകാല സൗഖ്യവാഴ്വിനായ്
നിങ്ങള്‍ക്കിതാ,
ജന്മദിനശുഭാശംസകള്‍!”
Happy birthday to you.. എന്ന് പാടുകയും പാശ്ചാത്യ ശൈലിയില്‍ ജന്മദിനാഘോഷങ്ങള് നടത്തുകയും ചെയ്യുന്ന സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രചിച്ച് വിതരണം ചെയ്യാറുള്ള കവിതയാണ് മുകളില്‍ ഉദ്ധരിച്ചത്. ”പറയൂ മധുരമീ മലയാളം, എഴുതൂ മനോഹരം മലയാളം” എന്നാണ്, മലയാളികളോട്, ഈ കവിക്ക് എപ്പോഴും പറയാനുള്ളത്. 75-ാം വയസ്സിലും തന്റെ സാംസ്കാരിക ദൗത്യം തുടര്‍ന്നുവരുന്ന ഇത്തരം ഭാഷാസഹിത്യപ്രണയികളാണ് ഒരു സമൂഹത്തിന്റെ മൂലധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: