ബാലകൃഷ്ണന് ചമ്മഞ്ചേരിയുടെ ‘തായിപ്പരദേവതമാരുടെ വിലാപങ്ങള്‍’ എന്ന സാഹിത്യ കൃതി നമ്മുടെ ചാനലുകളില്‍ കാണുന്ന ലൈവ് ചിത്രീകരണങ്ങളുടെ വകുപ്പില്‍പ്പെടുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമാണ് കൃതിയുടെ പ്രതിപാദ്യം. രാഷ്ട്രീയം സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ മാര്‍ഗമാണ്. വാക്കുകളും ആശയങ്ങളുമാണ് രാഷ്ട്രീയത്തിന്റെ പ്രകാശന മാര്‍ഗ്ഗം. ഏറ്റുമുട്ടലും മരണവും രാഷ്ട്രീയത്തില്‍ വേണ്ടതല്ല. ഒളിക്കൊല രാഷ്ട്രീയത്തില്‍ ഗര്‍ഹണീയമാണ്. കൊല്ലാനും കൊല്ലുന്നവരെ സംരക്ഷിക്കാനും കേസുകള്‍ തുമ്പില്ലാതാക്കാനും ഒരു ‘നെറ്റ് വര്‍ക്ക്’ ഉണ്ടുപോല്‍. ബാലകൃഷ്ണന് ആ വക കാര്യങ്ങളെപ്പറ്റിയാണ് തന്റെ കൃതിയില്‍ പറയുന്നത്.
വടക്കെ മലബാറില്‍ രാഷ്ട്രീയം പണ്ടേ തന്നെ സംഘട്ടന പ്രചുരമാണ്. സംഘട്ടനം രാഷ്ട്രീയ പ്രവര്‍ത്തകരും, അവരുടെ പ്രവര്‍ത്തനത്തെ വിഘ്നപ്പെടുത്താന്‍ കോപ്പിട്ടു വരുന്ന പോലീസും തമ്മില്‍ ആയിരുന്നു മുന്‍പ്. വിപ്ലവപരമായ ഒരാശയലോകം അമ്മാതിരി സംഭവങ്ങള്‍ക്കു പിറകില്‍ ഉണ്ടായിരുന്നു. പിന്നീട് ഒരു വക നശീകരണമാര്ഗത്തിലേക്ക് ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ തിരിഞ്ഞു. 1967 ല്‍ സപ്തകക്ഷി മുന്നണി ഗവണ്മെന്റ് അധികാരമേറ്റപ്പോള്‍ മന്ത്രിയായിരുന്ന പി.ആര്. കുറുപ്പ് പാനൂരില്‍ നടമാടിയിരുന്ന അക്രമ രാഷ്ട്രീയത്തിനും നശീകരണ വേലയ്ക്കും ‘ഹോളിഡേ’ നല്കി. താന്‍ മന്ത്രി സ്ഥാനമേല്‍ക്കുന്നതോടെ തന്റെ നാട്ടില്‍ ഇനി അക്രമ സംഭവങ്ങള്‍ ഉണ്ടായിക്കൂടാ എന്ന് സോഷ്യലിസ്റ്റ് നേതാവ് ആജ്ഞാപിച്ചു.
സ്റ്റാലിന് ഭരണത്തിന്റെ ഭയാനകമായ നടത്തിപ്പ് രീതികള്‍ റഷ്യന്‍ സാഹിത്യകാരനായ സോള്‍ഷെനിറ്റ്സിന്റെ നോവലുകളിലും ‘ഗുലാഗ് ആര്‍ച്ചിപെലഗോ’ എന്ന ബൃഹദ് ഗ്രന്ഥത്തിലും വിശദമായി പറയപ്പെട്ടിട്ടുണ്ട്. ബാലകൃഷ്ണന്റെ കൃതി, സോള്‍ഷെനിറ്റ്സിന്റെ ‘ഗുലാഗ് ആര്‍ച്ചിപ്പെലാഗോ’വിന്റെ ഒരു കണ്ണൂര്‍ പതിപ്പ് ആയിട്ടാണ് എനിക്ക് തോന്നിയത്.
ബാലകൃഷ്ണന്റെ പുസ്തകത്തില്‍ കണ്ണൂരിലെ കമ്യൂണിസ്റ്റ് ഛത്രാധിപത്യത്തിന്റെ രൂക്ഷ സ്വഭാവം സൂചിപ്പിക്കുന്ന പല കാര്യങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ കമ്യൂണിസ്റ്റ് ഏകാധിപത്യ വലയുടെ ചില കണ്ണികളെപ്പറ്റി പറഞ്ഞുകൊള്ളട്ടെ. പറയേണ്ടത് മുഴുവന്‍ പറയുന്നില്ല. അക്കമിട്ട് ചിലതുമാത്രം പറയുന്നു. ബാലകൃഷ്ണന് ആമുഖത്തില്‍ എഴുതിയ ഒരു നീണ്ട വാക്യത്തിന്റെ ഭാഗം ഉദ്ധരിച്ചു കൊണ്ടാകാം അതിന്റെ തുടക്കം എന്നു ഞാന്‍ വിചാരിക്കുന്നു. ബാലകൃഷ്ണന് എഴുതുന്നു ”ഒറ്റയ്ക്കൊറ്റയ്ക്ക് ഏറ്റവും മര്യാദക്കാരും കാരുണ്യവാന്മാരും ആയ ആള്ക്കാര് കൂട്ടം ചേര്‍ന്ന് സഹജീവികളോട് കാണിക്കുന്ന രാക്ഷസീമായ വൈരവും ക്രൂരതയും എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു” (രണ്ട് വാക്ക് പുറം 3) ഇനി പറയുന്നത് പുസ്തകത്തില്‍ നിന്നുള്ള പ്രസ്താവനകളാണ്.
1. കുറച്ചു തേങ്ങ ഉടയ്ക്കാനുണ്ടല്ലോ എന്നു പറഞ്ഞാല്‍ ബോംബ് പൊട്ടിക്കാനുണ്ട് എന്നും, ഒരു ഇളനീര് കുടിക്കാനുണ്ടല്ലോ എന്നു പറഞ്ഞാല്‍ ആരുടെയെങ്കിലും തലയെടുക്കണമല്ലോ എന്നുമാണ് അര്‍ത്ഥം (പുറം 10) (പാര്‍ട്ടി ഗൂഢ ഭാഷയില്‍ സംസാരിക്കുന്നു. പാര്‍ട്ടി വൃത്തങ്ങളില്‍ അത് ഗ്രാഹ്യം)
2. ‘ആക്ഷന്‍’ ഒരാളും കാണുന്നില്ല. കണ്ടവര്‍ മിണ്ടില്ല. പോലീസ് നായയ്ക്കുവേണ്ടി സ്പെഷല്‍ മുളകുപൊടി (പുറം 10)
3. ആക്ഷന്‍ സമയത്ത് ദേഹത്തുള്ള ഒറ്റത്തുണ്ട് തുണി ഒരാളുടേതും ബാക്കിവയ്ക്കില്ല (10)
4. പിടികൊടുക്കാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റുണ്ട്. പിടികൊടുക്കുന്നവരുടെ, കൊടുത്തവരുടെ, ജയിലില്‍ പോയവരുടെ ഭാര്യമാര്‍ക്ക്, പെങ്ങന്മാര്ക്ക്, അനിയന്മാര്ക്ക് അളിയന്മാര്‍ക്കുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന ബാങ്കുകളിലും സഹകരണ ആസ്പത്രികളിലും എന്റര്‍ടെയിന്‍മെന്റ് പാര്‍ക്കുകളിലും ഒക്കെ സീറ്റുകള്‍ ഒഴിച്ചിട്ടുണ്ട്. (10)
5. വണ്ണാത്തിപ്പാറു: ഇവനെ ഇത്രയും കാലം പോറ്റാനറിയുമെങ്കില്‍ ഇവനെ കൊല്ലാനും ആകും. ഇവനെ ഞാന്‍ കൊല്ലും. അച്ഛന് കടന്നുപിടിച്ചു. മകന് ദാമു ആസ്പത്രിയില്‍ കിടന്നു. (മകന് ആക്ഷനില്‍ പങ്കെടുക്കരുത്, ചോര ചിന്തരുതെന്ന് അമ്മ പറഞ്ഞു. മകന് കൂട്ടാക്കിയില്ല. മറ്റാളുകളുടെ ചോര ചിന്തുന്നത് തടയുകയായിരുന്നു അമ്മ. വെട്ട് കഴുത്തിലായില്ല. തുടയിലായി. ജീവഹാനി ഉണ്ടായില്ല. (11)
6. ആക്ഷന്‍ സ്ക്വാഡിലെ പ്രിയേഷ് കൃത്യമായി ബോംബെറിഞ്ഞു കൊള്ളിക്കുന്നതില്‍ നമ്പര്‍ വണ്‍ ആണ്. പേരിന് സഹകരണ ആസ്പത്രിയില്‍ ജോലി. എപ്പോഴും ജില്ലാ സെക്രട്ടറിയുടെ വണ്ടിയില്‍ (12)
7. എല്ലാവരോടും നല്ല പെരുമാറ്റം നല്ല ബഹുമാനം. ചിരിച്ചുകൊണ്ടുള്ള വര്‍ത്തമാനം. അത്ര നല്ല ആളുകള്‍. ചിലപ്പോള്‍ രണ്ടു നാലു ദിവസം കാണാതെയാവാം. അപ്പോള്‍ കേള്‍ക്കാം പറശ്ശിനിയില്‍ ബാലനെ വെട്ടി, പയ്യോളിയില്‍ കടയ്ക്ക് ബോംബെറിഞ്ഞു, അഞ്ചരക്കണ്ടിയില്‍ ബേക്കറി കത്തിച്ചു, രാവണേശ്വരത്ത് കുഞ്ഞിരാമനെ വെട്ടി എന്നൊക്കെ (13)
8. ഓട്ടോ കത്തിക്കാനും കാറുകള്‍ കത്തിക്കാനുമൊക്കെയുള്ള ഗ്രൂപ്പ് വേറെയാണ്. റബ്ബര്‍ മരം വെട്ടുക, വാഴ വെട്ടുക, പശുവിനെയും കാളയെയും വാലിലും കഴുത്തിലുമൊക്കെ വെട്ടുക (13)
9. ഇവിടെ എല്ലാവര്ക്കും എല്ലാം അറിയാം. രാജേട്ടനെ കൊന്നവരെയും കൊല്ലിച്ചവരെയുമെല്ലാം രാജേട്ടന് കൊല്ലിച്ചവരെയും കൊന്നവരെയും അറിയാം (13)
10. പോലീസ് ചോദിക്കുമ്പോള്‍ ആദ്യം എന്തെങ്കിലും പറഞ്ഞിരിക്കും. എന്നാല്‍ കോടതിയില്‍ എത്തുമ്പോള്‍ എന്ത് കൊലപാതകം? ഏതു രാജന്! ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാനൊന്നും കണ്ടിട്ടില്ല. പിന്നെ പോലീസുകാര്‍ കഴുത്തിനു പിടിച്ചു ഞെക്കിയാല്‍ ആരാ എന്താ പറയാണ്ടിരിക്കുക (പുറം 13)
11. നേര് പറയാന്‍ നിന്നാല്‍ സ്വന്തം തല കാണില്ല. തെങ്ങിന്റെ തല കാണില്ല. പശുവിന്റെ തല കാണില്ല. പോലീസ് സ്റ്റേഷനില്‍ പോയ്ക്കൂടെ? പിന്നെ നാട്ടില്‍ ജീവിക്കണ്ട! പോലീസുകാര്‍ തന്നെ ഒറ്റുകൊടുക്കും, വക്കീല്‍ ഒറ്റും (14).
12. ആയുസ്സുള്ള കാലത്തോളം ജീവിച്ചോട്ടെ, കുഞ്ഞിമോനെ, എന്നതാണ് മിക്കവരുടെയും ലൈന്‍. (16)
13. സാക്ഷര കേരളമല്ല, രാക്ഷസ കേരളമാണ്. രാക്ഷസ കേരളം. രാക്ഷസന്മാര് കൂടി ചെയ്യാത്ത പണിയല്ലേ പഠിപ്പും പദവിയുമൊക്കെയുള്ള ഇക്കൂട്ടര്‍ ചെയ്യുന്നതും ചെയ്യിക്കുന്നതും (45)
14. ജാനകിയൊക്കെ പത്തും അമ്പതും കള്ളവോട്ട് ഓരോ ഇലക്ഷനും ചെയ്യുന്ന ആളായിരുന്നു (52)
ബാലകൃഷ്ണന് (നോവലിസ്റ്റ്) കേന്ദ്ര ഗവണ്മെന്റില് ഉന്നതനായ ഉദ്യോഗ നിലയില്‍ ഇരുന്നിട്ടുള്ള ആളാണ്. ഇന്ത്യയില്‍ എല്ലാ ഭാഗത്തും ജോലി ചെയ്തു. എന്‍ജിനീയര്‍ ആയിരുന്നു. നോവലിസ്റ്റ് ആനന്ദിന്റെ വഴിക്കാണ് ബാലകൃഷ്ണന് സാഹിത്യത്തിലേക്ക് കടന്നത്. ആ വഴിക്ക് ബഹുദൂരം മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു രകഴിയും; കഴിയണം.
ഈ കൃതി ജനങ്ങളുടെ മനസ്സ് തുറക്കാന്‍ ഉതകുന്ന ഒരു സാംസ്കാരിക താക്കോല്‍ ആണ്. ഇത് ഒരു വഴി തുറക്കലാണ്. അടച്ചു കെട്ടിയ വണ്ടിയിലാണ് തങ്ങള്‍, പരാധീനര്‍. ഈ വിചാരം കൊണ്ടുള്ള മരവിപ്പില്‍ നിന്ന് ജനങ്ങള്‍ ഉണര്ന്നുയരുമാറാകട്ടെ.
എം.ആര്. ചന്ദ്രശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: