കൊല്ലവര്‍ഷം 1185 മകരം. മാവേലി എന്നു കൂട്ടുകാര്‍ ചിലപ്പോള്‍ വിളിക്കുന്ന മംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ ബിയിലെ മഹി എന്ന എ.വി. (മാവേലി വടക്കേ വീട്ടില്‍) മഹേശിനു കെ.ടി. രാജശേഖരന്റെ മരണവിവരമറിഞ്ഞപ്പോള് വലിയ കഷ്ടമായിപ്പോയി എന്നൊന്നും തോന്നിയില്ല. കെ.ടി. രാജശേഖരന് പ്ലസ് വണ്‍ എയിലെ കുഞ്ഞി മോദി എന്നു വിളിപ്പേരുള്ള പി.കെ. സതീശന്റെ അച്ഛനാണെന്നറിഞ്ഞിട്ടുകൂടി. രാജശേഖരനെ മതിരൂര് ബസാറില്‍ വെട്ടിക്കൊല്ലുകയായിരുന്നു. സാധാരണപോലെ രാത്രി ഒരു പത്തു മണിയോടുകൂടി അഞ്ചെട്ടാളുകള്‍ ചേര്‍ന്ന് പത്തുനൂറോളം വെട്ടുകള്‍ വെട്ടി എന്നാണ് കേട്ടത്. വന്നവര്‍ പെട്ടെന്നു തന്നെ കാര്യം കഴിച്ചു. ഒന്നുരണ്ടു ബോംബുകളും പൊട്ടിച്ചു വന്ന വണ്ടിയില്‍ സ്ഥലം വിടുകയും ചെയ്തു.
മഹേശ് അടുത്ത ദിവസം രാവിലെയാണ് വിവരം അറിഞ്ഞത്. അന്ന് സ്കൂള്‍ മുടക്കമായിരുന്നു. ജില്ലയില്‍ ഹര്‍ത്താലും. മഹേശിനു വിഷമം തോന്നാത്തതിനു ഒരു കാരണവും ഉണ്ടായിരുന്നു. ഏഴാം ക്ലാസ്സില്‍ സതീശനും മഹേശും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. കണക്കില്‍ സതീശന് ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. മഹേശും അത്രയ്ക്കൊന്നും മോശമായിരുന്നില്ല. ഒരു ദിവസം സന്ധ്യയ്ക്ക്, ഡിസംബര്‍ മാസത്തിലോ മറ്റോ ആണ്, മഹേശ് ക്ലാസില്‍ ഹോംവര്‍ക്ക് കൊടുത്ത കണക്കു ചോദ്യങ്ങള്‍ മനസ്സിലാകാതെ പുസ്തകവും കൊണ്ട് സതീശന്റെ വീട്ടില്‍ ചെന്നത്. സതീശന് പറഞ്ഞുകൊടുത്തപ്പോള്‍ എളുപ്പം മനസ്സിലായി. ഹോംവര്‍ക്ക് അവിടെവച്ചുതന്നെ ചെയ്തു. സതീശന്റെ അമ്മ രാധാമണിയും മഹേശിന്റെ അമ്മയും സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചവരായിരുന്നു. രാധാമണിച്ചേച്ചി മഹേശിനോട് വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ചു. ചായയും ദോശയും നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തു.
ഇറങ്ങാന്‍ നേരത്താണ് സതീശന്റെ അച്ഛന് രാജശേഖരന് ലൈറ്റൊന്നുമില്ലാതെ തിരക്കിട്ടു കടന്നുവന്നത്. ബനിയനും അണ്ടര്‍വെയറും മാത്രം ഇട്ടിട്ട്. സതീശനും രാധാമണിച്ചേച്ചിയും വല്ലാണ്ടായി. രാജശേഖരന് വന്ന ഉടനെ കുളിമുറിയിലേക്കാണ് പോയത്. സതീശനെ ഉള്ളിലേക്ക് വിളിച്ച് ഒന്നു പൊട്ടിച്ചു. എന്തിനാടാ ആവശ്യമില്ലാത്തവരെ അസമയത്ത് വീട്ടിലേക്ക് വിളിക്കുന്നത് എന്നും പറഞ്ഞ്. രാധാമണി ചേച്ചിക്കും കിട്ടിയോ എന്തോ? മഹേശ് വല്ലാതായിപ്പോയി. സതീശാ, ഞാന്‍ പോകുന്നു എന്നു മാത്രം പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു, പുസ്തകവും എടുത്ത് ഇരുട്ടത്ത് ഊടുവഴികളിലൂടെ. വീട്ടിലെത്തിയിട്ടാണ് നിന്നത്. ഓടിക്കിതച്ചു വന്നതുകണ്ടപ്പോള്‍ ഭാര്‍ഗ്ഗവി, മഹേശിന്റെ അമ്മ ചോദിച്ചു:
”ഒരു ചൂട്ടു കത്തിച്ചുവരായിരുന്നില്ലേ? തേളും പാമ്പുമൊക്കെയുള്ള വഴിയല്ലേ. എന്തെങ്കിലും കണ്ട് പേടിച്ചോ?”
മഹേശ് ഒന്നും മറുപടി പറഞ്ഞില്ല. അവന് വിചാരിക്കുകയായിരുന്നു: എന്തുപറ്റി ഇന്ന്? സതീശന്റെ അച്ഛന് രാജേട്ടന് ഇങ്ങനെയായിരുന്നില്ലല്ലോ? മഹേശന്റെ വീട്ടില്‍തന്നെ എത്രയോ പ്രാവശ്യം വന്നിരിക്കുന്നു. ചായയും ചിലപ്പോള്‍ ചക്കയും മീന്കറിയുമൊക്കെ കഴിച്ചിരിക്കുന്നു. മഹേശിന്റെ അച്ഛന് ദാമോദരന്റെ വലിയ കൂട്ടുകാരനും ആയിരുന്നുവല്ലോ. ജില്ലാ റാലിക്കും സംസ്ഥാന റാലിക്കുമൊക്കെ തെയ്യം കെട്ടാനും ചെണ്ടമേളത്തിനും വിളിക്കാന്‍ എത്രയോ പ്രാവശ്യം വന്നിട്ടുണ്ട്. മഹേശിന്റെ അച്ഛന്റെ അച്ഛന് കണ്ണന് നേണിക്കത്തോടും ഭാര്‍ഗ്ഗവിയോടും മഹേശിനോടുതന്നെയും എത്രയോ പ്രാവശ്യം സംസാരിച്ചിരിക്കുന്നു, സ്കൂളിലെ കാര്യങ്ങളും മറ്റും. പക്ഷേ മഹേശിന്റെ അച്ഛന് ദാമുവിന്റെ അമ്മ മരിച്ചുപോയ പാറുവമ്മയ്ക്ക് രാജശേഖരനെ കാണുന്നതേ കലിയായിരുന്നു. രാജശേഖരന് വന്നാല്‍ പുറത്തേക്കു വരില്ല. എന്തൊക്കെയോ മുറുമുറുക്കുന്നതു കേള്‍ക്കാം. രാജനോടു സംസാരിക്കുന്നവരോടും സല്ക്കരിക്കുന്നവരോടും അന്നു മുഴുവന്‍ ദേഷ്യമായിരിക്കും.
ദമോദരന് രാത്രി കുറച്ചുകഴിഞ്ഞാണ് വന്നത്. ഉണ്ണാന്‍ വിളിച്ചപ്പോല്‍ മഹേശ് പോയില്ല. രാജേട്ടന്റെ വീട്ടില്‍നിന്ന് ഓടിക്കിതച്ചാണ് അവന് വന്നതെന്ന് ഭാര്‍ഗ്ഗവി പറഞ്ഞപ്പോള്‍ എന്തേ, രാജേട്ടന്റെ കയ്യില്‍നിന്ന് വല്ലതും കിട്ടിയോ എന്നു ദാമു ചോദിച്ചു. അതെന്തിനാ അവനു കിട്ടുന്നതെന്ന് ഭാര്‍ഗ്ഗവി ചൂടായപ്പോള്‍ ദാമു പതുക്കെ പറയുന്നതുകേട്ടു. ”അതൊന്നും നിനക്ക് മനസ്സിലാവൂല്ല. ഓറ് എവിടെയോ ആക്ഷന്‍ കഴിഞ്ഞുവന്ന വഴിയായിരിക്കും. നാളത്തെ പേപ്പര്‍ നോക്കിയാല്‍ മതി.” മഹേശ് അങ്ങനെ ദിവസവും പത്രമൊന്നും നോക്കുന്ന ആളല്ല. അടുത്ത ദിവസം പത്രമൊന്നും നോക്കേണ്ടിവന്നതുമില്ല. സ്കൂളിലേക്ക് പോകാനിറങ്ങിയപ്പോഴാണ് അതേ സ്കൂളില്‍ പഠിക്കുന്ന അടുത്ത വീട്ടിലെ വസുമതിയുടെ അച്ഛന് പറഞ്ഞത്: ഇന്ന് സ്കൂളൊന്നുമുണ്ടാവില്ല, രണ്ടെണ്ണത്തിനെയല്ലേ ഇന്നലെ കാച്ചിയതെന്ന്. പിന്നെയാണ് അറിഞ്ഞത് തലേന്നു രാത്രി ഏഴരമണിക്ക് അണിയറപ്പാലത്തിന്റെ അടുത്തുള്ള വായനശാലയുടെ മുന്നില്‍ രണ്ടുപേരെ വെട്ടിക്കൊന്ന സംഭവം. ആക്ഷന്‍ കഴിഞ്ഞു പോകുമ്പോള്‍ രണ്ടു ബോംബും പൊട്ടിച്ചു. ഒരു വിപിനും ഒരു ഷാജിയും. രണ്ടും ചന്ദനപ്പൊട്ടാണ്. ഒരാള്‍ ഏതോ ബസ്സിലെ കിളിയാണ്. മറ്റെയാള്‍ക്ക് തലശ്ശേരിയില്‍ ബേക്കറിയിലോ മറ്റോ ജോലിയായിരുന്നു. കൂടെ വേറൊരുത്തനും ഉണ്ടായിരുന്നുപോലും. അവന് വിസിലു കേട്ടപ്പോള്‍ ഓടിപ്പോയി. കൊല്ലാന്‍ വന്നവരുടെ ഒറ്റുകാരനായിരുന്നു അവന് എന്നൊക്കെ പറയുന്നതുകേട്ടു. മഹേശും ദാമുവുമൊന്നും അന്നു പുറത്തിറങ്ങിയില്ല. വലിയ ബഹളവും പുക്കാറുമൊക്കെ ഉണ്ടായി. ജീപ്പുകള്‍ ഒരുപാടു വന്നു. പോലീസും പത്രക്കാരും വന്നു. രാഷ്ട്രീയക്കാരുവന്നു. പക്ഷേ നാട്ടിലെ ഒരു കുഞ്ഞിയും എത്തിനോക്കാന്‍പോലും അങ്ങോട്ടുപോയില്ല. ബേക്കറിയില്‍ പണിക്കുപോയിരുന്ന മരിച്ച ഷാജിയുടെ മകളും തന്റെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത് എന്നു കേട്ടു. മൂന്നാം ക്ലാസ്സില്‍. അയാളുടെ ഭാര്യ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചു കിടക്കുകയാണുപോലും. വിപിന്‍ കല്യാണം കഴിച്ചിട്ടില്ല. ഐടിഐയില്‍ ഫിറ്റര്‍ പണി പഠിച്ചു. അച്ഛന് കതിരുള്ള പറമ്പില്‍ രാഘവന് എന്ന രാഘവേട്ടന് പഴയ സഖാവാണ്. ഗള്‍ഫില്‍ പോകാന്‍ വിസ കാത്തു നില്‍ക്കുകയായിരുന്നു. ഒരു പെങ്ങളുള്ളത് വീട്ടില്‍തന്നെയാണ്. കല്യാണം കഴിച്ചവന് വിട്ടുപോയി എന്നൊക്കെ കേട്ടു. കഷ്ടം തന്നെ. പോലീസ് നായയെ കൊണ്ടുവന്നു. എന്നിട്ടെന്താ? നല്ല അഗ്മാര്‍ക്ക് പറങ്കിപ്പൊടിയല്ലെ ഒട്ടാകെ വിതറിയിരിക്കുന്നത്. മണത്ത നായയുടെ സ്കൂളു പൂട്ടും. അത്ര തന്നെ. സൂപ്പര്‍ ഡെറ്റോളും കുറെ ഒഴിച്ചിട്ടുണ്ട്. ആസ്പത്രിയിലെത്തിയ മണമാണ് വായനശാലയ്ക്കും പാലത്തിനടുത്തും. പിന്നെ പോലീസ് നായ തെക്കോട്ടും വടക്കോട്ടും ഓടി അവസാനം പുഴയിലോളം ഓടി മതിയാക്കി. ഓളിയിട്ടു. നായയ്ക്കും മതിയായിട്ടുണ്ടാകും. ഇടക്കിടെ ഉള്ളതല്ലെ ഈ പരിപാടി. കുറച്ചുദിവസം പോലീസ് വണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടും. ജോലി കഴിഞ്ഞുവരുന്നവരെയും, റേഷന്‍ പീടികയില്‍ പോയി വരുന്നവരെയുമൊക്കെ വെറുതെ ചോദ്യം ചെയ്യും. പിന്നെ രണ്ടുമൂന്നാള്ക്കാര് നേരിട്ട് കോടതിയില്‍ ഹാജരായി പിടി കൊടുക്കും. പിന്നെ കുറെനാളു കേസു നടക്കും. ചിലപ്പോള്‍ അപൂര്‍വമായി ആരെയെങ്കിലും ശിക്ഷിക്കും. അതൊക്കെയാണ് സാധാരണ സംഭവിക്കുന്നത്.
കുറെനാളു മുന്‍പു വേറൊരു കേസിന് ദാമുവിനോട് ചോദിച്ചിരുന്നുപോലും പിടി കൊടുക്കുന്നോയെന്ന്. ഭാര്‍ഗ്ഗവിക്ക് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ജോലി ശരിയാക്കിത്തരാമെന്ന വിവരം പറഞ്ഞുകേട്ടപ്പോള്‍ കണ്ണന് നേണിക്കം ഉറഞ്ഞ് വാളെടുത്തു. ”നിങ്ങളെയും കൊന്നിട്ട് ഈ വീടും കത്തിച്ചിട്ട് ഞാന്‍ ചാകും, നിന്റെ അമ്മ ഇല്ലാത്തതുകൊണ്ടുള്ള ധൈര്യം ആണോടാ നിനക്കൊക്കെ.” ദാമു, രാജശേഖരനോടു പറഞ്ഞുപോലും. ”ചങ്ങായി പറഞ്ഞാ പറഞ്ഞപോലെ ചെയ്യുന്ന ആളാണ്. കതിവന്നൂര്‍ വീരന്റെ ഉറുമിയും വാളുമൊക്കെ വീശിയ ആളാണ്. കാലത്തെണീറ്റു തപ്പിനോക്കിയാല്‍ തല എന്ന സാധനം കാണൂല്ല. ശരിയാവുല്ല രാജേട്ടാ.” അപ്പോള്‍ രാജേട്ടന് പാര്‍ട്ടിയിലാണ്. ആക്ഷന്‍ ഹീറോയല്ല, കമാന്റര്‍. ലേശം തെരക്കാണല്ലോ എന്നു പറഞ്ഞാല്‍ എവിടെയോ ആക്ഷന്‍ നടത്താനുണ്ടെന്ന് അര്‍ത്ഥം. കുറച്ച് തേങ്ങ ഉടക്കാനുണ്ടല്ലോ എന്നുപറഞ്ഞാല്‍ ബോംബ് പൊട്ടിക്കാനുണ്ട് എന്നും. അതുപോലെ ഒരു ഇളനീരു കുടിക്കാനുണ്ടല്ലോ എന്നുപറഞ്ഞാല്‍ ആരുടെയെങ്കിലും തലയെടുക്കണമല്ലോ എന്നും അര്‍ത്ഥം. പാര്‍ട്ടിയിലും നല്ല സ്വാധീനം. എവിടെ? ആരാ? എന്താ? രാജനോടു പറഞ്ഞില്ലേ? രാജനോടു പറഞ്ഞാല്‍ ക്ലീനാക്കുല്ലോ എന്നാണ് ഡയലോഗ്. താഴെ കമ്മിറ്റി മുതല്‍ സ്റ്റേറ്റ് കമ്മിറ്റി വരെ. ജില്ലാ കമ്മിറ്റിയിലും സ്റ്റേറ്റ് കമ്മിറ്റിയിലുമൊക്കെ ഹീറോ. ആക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു റിസ്ക്കുമില്ല. ഒരാളും കാണില്ല. കണ്ടവര്‍ മിണ്ടില്ല. പോലീസ് നായയ്ക്കുവേണ്ടി സ്പെഷല്‍ മുളകുപൊടി, ഡെറ്റോള്‍. ആക്ഷന്‍ സമയത്ത് ദേഹത്തുണ്ടായ ഒറ്റത്തുണ്ടു തുണിയും ഒരാളുടേതും ബാക്കിവയ്ക്കില്ല. ആക്ഷന്‍ കഴിഞ്ഞ ഉടന്‍ എല്ലാം പെട്രോളൊഴിച്ച് കത്തിക്കും. എന്നിട്ട് അടുത്തുള്ള പുഴയില്‍ ഡെറ്റോള്‍ സോപ്പിട്ടു കുളിച്ച് സുന്ദരക്കുട്ടപ്പന്മാരായി അടുത്ത കരയില്‍ നീന്തിക്കയറി വേറെ ഷര്‍ട്ടും മുണ്ടുമെല്ലാം അണിഞ്ഞ് കാത്തുനില്ക്കുന്ന വാഹനത്തില്‍ക്കയറി സ്വന്തം നാട്ടിലേക്കോ കുടകിലേക്കോ മംഗലാപുരത്തേക്കൊ കുന്താപുരത്തേക്കൊ ബാഗ്ലൂരേക്കൊ മഹാരാഷ്ട്രിലേക്കോ അന്നുതന്നെ കടക്കും. സിം കാര്‍ഡുകളൊക്കെ പുഴയില്‍ കിടക്കും. ചിലപ്പോള്‍ മൊബൈല്‍ ഫോണുകളും. ആരോടും ഒന്നും പറയില്ല, മിണ്ടില്ല. രാജേട്ടന് മാത്രം ഇവിടെത്തന്നെ നില്ക്കും. പുതിയ ആക്ഷനുകള്ക്കുവേണ്ടി. വിജയകരമായ പുതിയ ആക്ഷനുകള്ക്കുവേണ്ടി.
രാജേട്ടന് സ്വന്തം ഫോണില്‍ ആക്ഷന്‍ ആളുകളോട് സംസാരിക്കുകയേയില്ല. അതിനൊക്കെ വേറെ ആള്‍ക്കാരുണ്ട്. പിടികൊടുക്കാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റുണ്ട്. പിടികൊടുക്കുന്നവരുടെ, കൊടുത്തവരുടെ, ജയിലില്‍ പോയവരുടെ ഭാര്യമാര്‍ക്കും പെങ്ങന്മാര്ക്കും അനിയന്മാര്ക്കും അളിയന്മാര്ക്കും വേണ്ടി പാര്‍ട്ടി ഭരിക്കുന്ന ബാങ്കായ ബാങ്കുകളിലും സഹകരണ ആശുപത്രികളിലും എന്റര്ടെയ്ന്മെന്റ് പാര്‍ക്കുകളിലുമൊക്കെ സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ ബിനാമികളായ വ്യവസായികളുടെ സ്ഥാപനങ്ങളിലും സീറ്റുകളുണ്ട്. അവിടെ രാജന് കടുംപിടുത്തക്കാരനാണ്. ആക്ഷന്കാര്ക്കുവേണ്ടിയും പിടികൊടുക്കുന്നവരുടെ കാര്യത്തിലും. പറഞ്ഞ സമയത്ത് പറഞ്ഞ ജോലി കൊടുത്തില്ലെങ്കില്‍ രാജന്റെ സ്വഭാവം മാറും. ആരാ, എന്താ എന്നൊന്നും നോക്കൂല. സ്റ്റേറ്റ് കമ്മിറ്റി മെമ്പറായാലും ശരി ജനറല്‍ സെക്രട്ടറിയായാലും ശരി രാജശേഖരന് എല്ലാം ഒരുപോലെയാണ്. വെട്ടൊന്ന്, തുണ്ടം രണ്ട് അത്രതന്നെ. അതുകൊണ്ടുതന്നെയാണ് മൂപ്പരുടെ തലയും അവസാനം തെങ്ങിന്‍പൂക്കുല ചിതറുന്നപോലെ ചിതറിയത് എന്നാണ് മൂപ്പരെ അറിയുന്ന നാട്ടുകാര്‍ പറയുന്നത്.
ദാമുവും ഇടക്കാലത്ത് ആക്ഷന്‍ഹീറോ ആവാന്‍ നോക്കിയതായിരുന്നു. പ്രീഡിഗ്രി തോറ്റ് വെറുതെ നടക്കുന്ന കാലം. ജോലിയില്ല, തെയ്യത്തോടും തിറയോടുമൊക്കെ പുച്ഛം. പാരമ്പര്യങ്ങളോടും ചടങ്ങുകളോടുമൊക്കെ പുച്ഛം. പലതും വായിച്ചു. ബോളിവീയന്‍ കാടുകളിലെ ചെഗുവേരയോടൊപ്പം സ്വപ്നസഞ്ചാരം നടത്തുന്ന കാലം. ടൈപ്പും ഷോര്ട്ട്ഹാന്ഡുമെങ്കിലും പഠിക്കാന്‍ നിര്ബന്ധിക്കുമ്പോള് അച്ഛനോടും അമ്മയോടും ദേഷ്യം വന്നിരുന്ന കാലം. അക്കാലം സെല്ഫോണൊന്നുമില്ല. സന്ധ്യയ്ക്ക് വീട്ടിലിരിക്കുമ്പോള്‍ ചിലപ്പോള്‍ അണ്ണാറക്കണ്ണന് ചിലക്കുമ്പോലെയോ കൂമന് മൂളുന്നതുപോലെയോ നത്തുമൂളുന്നപോലെയോ ഒക്കെയുള്ള ശബ്ദം കേള്‍ക്കാം. പിന്നെ താമസമില്ല. ഷര്‍ട്ടും ചുമലിലിട്ട് ഇരുട്ടിലേക്ക് ഒരു മുങ്ങലാണ്. ഉണ്ണാന്‍ വിളിക്കുമ്പോഴാണ് അമ്മ പാറുവമ്മയ്ക്ക് കാര്യം മനസ്സിലാകുക. ശരി. ഒന്നുരണ്ടുപ്രാവശ്യം ക്ഷമിച്ചു. ദാമൂ… വേണ്ടാ… ഞാനെല്ലാം അറിയുന്നുണ്ട്. എന്നോട് പൊട്ടന് കളിക്കണ്ട. എന്റെ സ്വഭാവം നിനക്കറിയൂല്ല. എന്നെക്കൊണ്ട് മഹാപാപം ചെയ്യിക്കണ്ട എന്നൊക്കെ പലപ്രാവശ്യം പറഞ്ഞുനോക്കി. ഒരു ദിവസം പാനൂര്‍ ഒരാക്ഷന്‍ കഴിഞ്ഞുവന്നതായിരുന്നു. ഇളനീരൊന്നും വെട്ടിയില്ല. ഒന്നുരണ്ടു തേങ്ങ ഉടച്ചു. ഒരു വായനശാല കത്തിച്ചു. പിന്നെ ഒരു അല്സേഷ്യന് നായയെ കൊന്ന് തലവെട്ടി ഗെയ്റ്റില്‍ വച്ചു. വന്ന ജീപ്പ് ദൂരെ നിര്‍ത്തി ഇറങ്ങി, ജീപ്പ് പോവുകയും ചെയ്തു. പതുങ്ങിപ്പതുങ്ങി വീട്ടിലെത്തി. വാതിലില്‍ തൊട്ടപ്പോള്‍ അടച്ചിട്ടില്ലല്ലോ എന്നുതോന്നി. വാതില്‍ ഒരു പാളി തുറന്ന് അകത്തേക്കു കടന്നതേ ഓര്മയുള്ളൂ. കഴുത്തുപോകേണ്ടതായിരുന്നു. കണ്ണന് നേണിക്കം ഉറക്കം ഞെട്ടി പിറകില്‍നിന്ന് പാറൂവമ്മയെ പിടിച്ചതുകൊണ്ട് വെട്ട് ദാമുവിന്റെ തുടയ്ക്കാണ് കൊണ്ടത്. കൈലിയുടെ മേലേ ആയതുകൊണ്ട് കാലു കഷ്ണം പോയില്ല. നല്ല മുറിവായിരുന്നു. ”എന്നെ പിടിക്കണ്ട. കണ്ടോളുടെ ചോരത്തുണീം തീണ്ടാരിത്തുണീം കഴുകീട്ടാണ് ഞാന്‍ ഇവനെപ്പോറ്റീനി. കണ്ടോന്റെ കൊത്തുകൊണ്ട് വഴീല്‍കിടന്നു ചാകണ്ട. ഇവനെ ഞാന്‍ കൊല്ലും. എന്നിട്ടു ഞാനും ചാകും. വണ്ണാത്തിപ്പാറൂവിന് ഇവനെ ഇത്രയുംകാലം പോറ്റാനറിയുമെങ്കില്‍ ഇവനെ കൊല്ലാനും ആകും. ഇവനെ ഞാന്‍ കൊല്ലും.” ഉറഞ്ഞുതുള്ളുകയായിരുന്നു അമ്മ.
എന്തോ അച്ഛന്റെ പിടുത്തത്തിന്റെ ബലംകൊണ്ട് രണ്ടാമതൊരു വെട്ടുവെട്ടാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. ഒച്ചയും ബഹളവും കേട്ട് വന്ന നാട്ടുകാരാണ് രാത്രി തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. ഒരുമാസം അവിടെക്കിടന്നു. രണ്ടുമൂന്നുമാസം വീട്ടിലും. ആശുപത്രിയില്‍ കിടന്നപ്പോള്‍ അമ്മയെ സഹായിക്കാന്‍ വന്നതാണു ഭാര്‍ഗ്ഗവി. അമ്മാവന്റെ മോള്. എസ്എസ്എല്‍സി ഫെയില്‍ഡ്. എണീറ്റു നടക്കാനായപ്പം അമ്മതന്നെ ഒരരപ്പവന്റെ താലിമാല കൊണ്ടുവന്ന് അവളുടെ കഴുത്തില്‍ കെട്ടാന്‍ പറഞ്ഞു. അങ്ങനെ കല്യാണവും കഴിഞ്ഞു. നാലഞ്ചുകൊല്ലം മുന്‍പാണ് പാറുവമ്മ മരിച്ചത്. ഡങ്കിപ്പനിയായിരുന്നു. മരിക്കുന്ന ദിവസം പാറുവമ്മ ദാമുവിനോട് താന്‍ കിടക്കുന്ന പായയില്‍ ഇരിക്കാന്‍ പറഞ്ഞു. തുടയിലെ കൈലി മാറ്റി വെട്ടുകൊണ്ട സ്ഥലത്തു തടവിയിട്ടു പറഞ്ഞു ”ഭാര്‍ഗ്ഗവി, കാലിനു സ്വാധീനമില്ലാത്ത കുഞ്ഞിയാണ്. എന്റെ മോനെ നല്ലോണം നോക്കിക്കോളണെയെന്ന്. പാറുവമ്മയുടെ കണ്ണില്‍നിന്ന് കണ്ണീര് ധാരധാരയായി ഒഴുകുകയായിരുന്നു. ദാമുവും ഭാര്‍ഗ്ഗവിയും എല്ലാവരും കരഞ്ഞുപോയി. അന്നുരാത്രി തന്നെ പാറുവമ്മ മരിക്കുകയും ചെയ്തു.
മഹേശിന് അതുകേട്ടപ്പോള്‍ തമാശയാണ് തോന്നിയത്. ഇപ്പോ പതം പറയാനാണെങ്കില്‍ വെട്ടുമ്പോള്‍ ആലോചിക്കാമായിരുന്നില്ലെ. ഇതിനിടെ ഒരു ദിവസം മഹേശ് സ്കൂളില്‍നിന്നു വരാന്‍ വൈകി. എന്താടാ വരാന്‍ വൈകിയതെന്നു ഭാര്‍ഗ്ഗവി ചോദിച്ചപ്പോ സ്കൂളില്‍ എലക്ഷന്റെ മീറ്റിങ്ങിന് നിന്നതാണെന്നു പറഞ്ഞു. ഭാര്‍ഗ്ഗവി എന്താ പറഞ്ഞതെന്നറിയോ? ”എളേമ്മ (ഭാര്‍ഗ്ഗവി പാറുവമ്മയെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഭാര്‍ഗ്ഗവിയുടെ അച്ഛന്റെ ഇളയ പെങ്ങളായതുകൊണ്ട്) മാത്രമേ പോയിട്ടുള്ളൂ. കൊത്തിയ വാള് ഇവിടെത്തന്നെയുണ്ടെന്ന്. എന്നിട്ട് ഒരു നോട്ടം. കേട്ടപ്പോള്‍ കാലില്‍ തരിപ്പുവന്നുപോയി. ഇല്ല, ഞാനിനി എവിടെയും പോവുന്നൊന്നുമില്ല. മഹേശ് വിക്കി വിക്കി പറഞ്ഞു. എന്റമ്മോ, ഇനി ആ ഭാഗത്തേക്ക് ഞാനില്ല. മഹേശ് മനസ്സില്‍ പറഞ്ഞുപോയി.
ആക്ഷന്‍ സ്ക്വാഡിലെ പലരെയും മഹേശിന് അറിയാം. സഹകരണ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പ്രിയേഷ് കൃത്യമായി ബോംബെറിഞ്ഞു കൊള്ളിക്കുന്നതില്‍ നമ്പര്‍ വണ്‍ ആണ് എന്നാണ് പറയുന്നത്. സഹകരണ ആശുപത്രിയില്‍ ജോലി പേരിനേയുള്ളൂ. എപ്പോഴും ജില്ലാ സെക്രട്ടറിയുടെ വണ്ടിയില്‍ കാണും. കൊടിശ്ശേരി ഹൈസ്കൂളില്‍ ഫിസിക്സ് പഠിപ്പിക്കുന്ന സുരേന്ദ്രന് മാഷ് ഭയങ്കര ടൈമിങ്. ഇവെന്റ് മാനേജ്മെന്റ് എക്സ്പര്‍ട്ട് എന്നാണ് പറയുന്നത്. പുറപ്പെടുന്ന സമയം മുതല്‍ ആക്ഷന്‍ കഴിഞ്ഞു തിരിച്ചുവരുന്നതുവരെയുള്ള സകല കാര്യങ്ങളും മൈനൂട്ടായി വിശദമായി പ്ലാന്‍ ചെയ്യുന്നത് ഇയാളാണ്. ചങ്ങാതിയുടെ ഭാര്യയും ടീച്ചറാണ്. പിന്നെ തുലശ്ശേരി സഹകരണ ബാങ്കിലെ രവിയേട്ടന്. ആരാധനാ വര്‍ക്ക്ഷോപ്പിലെ താടിവച്ച പ്രദീപേട്ടന്. പിന്നെ മുട്ടരമേശന് എന്ന കൂത്തുപറമ്പു ബസ് സ്റ്റാന്റില്‍ മുട്ട ആംലെറ്റുണ്ടാക്കി വില്‍ക്കുന്ന രമേശന്, രാജു തുടങ്ങി പലരും. നല്ല കമ്പനിയാണ്. പാര്‍ട്ടി പരിപാടികള്‍ക്കും ക്ലബ്ബ് പരിപാടികള്‍ക്കുമൊക്കെ മുന്പിലുണ്ടാകും. എല്ലാവരോടും നല്ല പെരുമാറ്റം, നല്ല ബഹുമാനം, ചിരിച്ചുകൊണ്ടുള്ള വര്‍ത്തമാനം. അപ്പോള്‍ കണ്ടാല്‍ സ്വന്തം മോളെ കല്യാണം കഴിച്ചുകൊടുത്താലോയെന്ന് തോന്നിപ്പോകും. അത്ര നല്ല ആളുകള്‍. ചിലപ്പോള്‍ രണ്ടും നാലും ദിവസം കാണാതെയാകും. അപ്പോള്‍ കേള്‍ക്കാം പറശ്ശിനിയില്‍ ബാലനെ തട്ടി, പയ്യോളിയില്‍ കടയ്ക്കു ബോംബെറിഞ്ഞു, അഞ്ചരക്കണ്ടിയില്‍ ബേക്കറി കത്തിച്ചു. രാവണേശ്വരത്ത് കുഞ്ഞിരാമനെ വെട്ടി എന്നൊക്കെ. ആട്ടോ കത്തിക്കാനും കാറുകത്തിക്കാനുമൊക്കെയുള്ള ഗ്രൂപ്പ് വേറെയാണ്. റബ്ബര്‍ മരം വെട്ടുക, വാഴ വെട്ടുക, പശുവിനെയും കാളയെയും വാലിലും കഴുത്തിലുമൊക്കെ വെട്ടുക എന്നതൊക്കെ ലോക്കല്‍ ലെവലില്‍ സാധിക്കണം. അതിനൊന്നും ആക്ഷന്‍ ടീമിനെ കിട്ടില്ല.
മുന്‍പൊക്കെ ടീം പാലക്കാടുവരേക്കും വടക്കോട്ടു കാഞ്ഞങ്ങാടേക്കും കാസര്ഗോഡേക്കുമൊക്കെ പോയിരുന്നു. മഞ്ചേശ്വരത്തൊക്കെ വേണമെങ്കില്‍ മംഗലാപുരത്തുനിന്നും ടീമിനെ വരുത്തും. ഇപ്പോള്‍ ആക്ഷനുകള്‍ പൊതുവെ കുറവാണ്. പക്ഷേ വലിയ ജോലിയാകുമ്പോള്‍ പുറത്തുനിന്നു സ്പെഷ്യലിസ്റ്റുകള്‍ വരും. മംഗലാപുരത്തുനിന്ന് പ്രമോദ്, പൂനെയില്‍ നിന്ന് സന്തോഷ്, കുറ്റിപ്പുറത്തുനിന്ന് ഫിറോസ് എന്നിങ്ങനെ പലരും. അവരെയൊന്നും മഹേശ് കണ്ടിട്ടില്ല. രാജേട്ടന്റെ കൊലപാതകത്തിനുശേഷം കേള്‍ക്കുകയാണ്. മഹേശ് വിചാരിച്ചു. ഈ നാട് ഒരു വല്ലാത്ത നാടുതന്നെ. ഇവിടെ എല്ലാവര്ക്കും എല്ലാം അറിയാം. രാജേട്ടനെ കൊന്നവരെയും കൊല്ലിച്ചവരെയും എല്ലാം. രാജേട്ടന് കൊല്ലിച്ചവരെയും കൊന്നവരെയും അറിയാം. നേരിട്ടു കണ്ടവര്‍ ആരും ഇല്ലയോ എന്തോ! എന്നാലും ആരും ഒന്നും മിണ്ടില്ല. പോലീസ് ചോദിക്കുമ്പോള്‍ ആദ്യം എന്തെങ്കിലും സാക്ഷി പറഞ്ഞവര്‍തന്നെ കോടതിയിലെത്തുമ്പോള്‍ എന്തു കൊലപാതകം? ഏതു രാജന്? ഞാനൊന്നും പറഞ്ഞിട്ടില്ല, ഞാനൊന്നും കണ്ടിട്ടില്ല. പിന്നെ പോലീസുകാരു കഴുത്തിനുപിടിച്ചു ഞെക്കിയാല്‍ പിന്നെ ആരാ, എന്താ പറയാണ്ടിരിക്കുക എന്നൊരു ഡയലോഗും. കോടതിയില്‍നിന്ന് പുറത്തിറങ്ങിയിട്ട് ഹോട്ടലില്‍നിന്ന് വയറുനിറച്ച് പത്തിരിയും പൊറോട്ടയും ബീഫ് കറിയുമൊക്കെ കഴിച്ച് നാട്ടിലേക്കു വിടാം. ബസ് ടിക്കറ്റും ചെലവും ഒന്നും ആലോചിക്കണ്ട. ഒക്കെ കൂടെവരുന്ന സഖാക്കള്‍ നോക്കിക്കോളും. അല്ലാതെ നേരു പറയാന്‍ നിന്നാല്‍ സ്വന്തം തല കാണൂല്ല, തെങ്ങിന്റെ തല കാണൂല്ല, പശുവിന്റെ വാല് കാണൂല്ല, പോലീസ് സ്റ്റേഷനില്‍ പൊയ്ക്കൂടെ എന്നോ? എന്നാല്‍ മതി. പിന്നെ നാട്ടില്‍ ജീവിക്കണ്ട. പോലീസുകാരുതന്നെ ഒറ്റുകൊടുക്കും. വക്കീല്‍ ഒറ്റും. മോനെ പറഞ്ഞാല്‍ ശരിയാവൂല്ല. ആര്‍ക്കും മനസ്സിലാവൂല്ല. ആയുസ്സുള്ള കാലത്തോളം ജീവിച്ചോട്ടെ കുഞ്ഞിമോനെ എന്നതാണ് മിക്കവരുടെയും ലൈന്‍.
ഇതൊക്കെ വിചാരിച്ചാല്‍ അച്ഛമ്മയെക്കുറിച്ചോര്ത്ത് മഹേശ് വല്ലാണ്ടാവും. എന്റച്ഛമ്മയെപ്പോലെ നല്ലൊരച്ഛമ്മ ലോകത്താര്‍ക്കും ഉണ്ടാവില്ല. അന്നു അച്ഛമ്മ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ എന്റച്ഛനും സതീശന്റെ അച്ഛനെപ്പോലെ ഏതോ ഒരു റോഡില്‍ തലപൊട്ടിത്തകര്ന്നു, ദേഹമെല്ലാം വെട്ടുകൊണ്ടു മുറിഞ്ഞ് അയ്യോ… വിചാരിക്കാനാവുന്നില്ല. ഇപ്പോള്‍ തെയ്യം കെട്ടിയിട്ടോ വെള്ളാട്ടം കെട്ടിയിട്ടോ മുട്ടില്ലാതെ ജീവിക്കുന്നുണ്ടല്ലോ. രാധാമണിചേച്ചിയെപ്പറ്റി മഹേശിന് സങ്കടമൊന്നും തോന്നിയില്ല. പക്ഷേ സതീശന്, അതുപോലെ സതീശന്റെ അനുജത്തിയും. അവര്‍ പാവമാണ്. ചെറുപ്പത്തിലെ അച്ഛനില്ലാണ്ട് ഇരിക്കുക എന്നുവച്ചാല്‍ വലിയ കഷ്ടം തന്നെയാണ്. എന്തു ചെയ്യാന്‍!
യഥാര്‍ത്ഥത്തില്‍ അന്നത്തെ ആക്ഷന്റെ ശേഷമാണ് രാജശേഖരന്റെ കാലക്കേട് ആരംഭിച്ചത്. വിപിന്റെ പക്ഷം പറയാനും അതിനുശേഷം താലൂക്ക് കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചിലരുണ്ടായി. രാഘവേട്ടന് പഴയ സഖാവായിരുന്നുവല്ലോ. സിആര്‍പിയുടെയും പോലീസിന്റെയുമൊക്കെ അടി കണ്ടമാനം കൊണ്ടിട്ടുണ്ട്. ട്രാക്ടര്‍- ബീഡി വിരുദ്ധസമരത്തിനും ട്രാന്‍സ്പോര്‍ട്ട് ബീഡി സമരത്തിനും, ഏറ്റവുമൊടുവില്‍ കമ്പ്യൂട്ടര്‍-ബീഡി വിരുദ്ധ സമരത്തിനുമൊക്കെ അടികൊണ്ട് ഒരു ചെവി ഫ്യൂസായി പ്പോയതാണ്. അടിയന്തരത്തിലും കിട്ടി കുറച്ചേറെ രാമകൃഷ്ണന്റെയും ദിവാകരന്റെയും ആള്‍ക്കാരുടെ കയ്യില്‍നിന്ന്. പിന്നെ പുലിക്കോടന് പോലീസിന്റെ വകയും. ബീഡിതെറുപ്പ് ശരിയാകാഞ്ഞിട്ട് വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. റേഷനരി വാങ്ങാനുള്ള ആദായം കഷ്ടിയായി വളപ്പില്‍നിന്നു കിട്ടും. പിന്നെ മാധവിയേട്ടി അതായത് രാഘവേട്ടന്റെ ഭാര്യ (വിപിന്റെ അമ്മ) ഓലമെടയും. നാട്ടി നടാനും നെല്ലുമൂരാനും വളം കടത്താനുമൊക്കെ പോകും. മാധവിയേട്ടിയുടെ ആങ്ങളമാര്‍ക്ക് കൃഷിയുണ്ട്.
അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് വിപിന്റെ പെങ്ങളെ- സരിത എന്നായിരുന്നു പേര്, ആരോ എടങ്ങേറാക്കാന് നോക്കിയത്. പെണ്ണ് നല്ല പഠിക്കുന്ന പെണ്ണായിരുന്നു. എസ്എസ്എല്‍സി കഴിഞ്ഞിട്ട് ടൈപ്പിന് പൊയ്ക്കൊണ്ടിരുന്ന സമയം. പെണ്ണ് ഇനി ടൈപ്പിനു പോകുന്നില്ല എന്നുപറഞ്ഞ് മതിയാക്കി. കുത്തിക്കുത്തി ചോദിച്ചപ്പോഴാണ് അറിയുന്നത് അവളെ പീടികയിലുള്ള ഒന്നുരണ്ടുപിള്ളേര് വഴിവരുമ്പോള് എടങ്ങേറാക്കുന്നുവെന്ന്. പേര് സലിം, ഫിറോസ്, ഷഹനാസ്. എല്ലാവരും അറിയുന്ന കുട്ടികള്‍ തന്നെ. എന്താ ചെയ്യുക? രാജശേഖരനോട് പറഞ്ഞാല്‍ വേണ്ടതു ചെയ്യും, ശരിയാക്കും എന്നുപറഞ്ഞിട്ട് രാഘവേട്ടന് തന്നെയാണ് പോയി പറഞ്ഞത്. മാധവിയേട്ടിയും കൂടെ പോയി. തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു രാജശേഖരന്. മുസ്ലിങ്ങളുടെ പത്ത് മുപ്പതു വീടുണ്ട്. പത്തുനൂറ്റിയമ്പതു വോട്ടുമുണ്ട്. പൊതുവെ പാര്‍ട്ടിക്കു കിട്ടുന്ന വോട്ടാണ്. ലീഗുകാര്‍ ആവുന്നതും പത്തും നോക്കുന്നുണ്ട് ആ വോട്ട് കോണ്‍ഗ്രസ്സിനു മറിക്കാന്‍ വേണ്ടി. അതുകൊണ്ട് ഇപ്പൊ ഒന്നും അനങ്ങിക്കൂടാ, മാധവിയേട്ടി കരഞ്ഞുപറഞ്ഞു. ”രാജാ… നീയെന്റെ മോനെപ്പോലെയല്ലെ? മാപ്പിളമാര്‍ക്കും ഉമ്മയും പെങ്ങന്മാരും ഒക്കെയുള്ളതല്ലെ. തല്ലും കൊല്ലുമൊന്നും വേണ്ട. ഒന്നു ചോദിച്ചാമതി. ഒരടക്കം വച്ചാ മതി. എന്റെ പെണ്ണിന്റെ കരച്ചില് കണ്ടൂടുന്നില്ല. ഓളക്കാളും മാര്‍ക്ക് കുറഞ്ഞവര്‍ പ്ലസ്ടുവിനും കോളജിലുമൊക്കെ ചേര്‍ന്നു. രാഘവേട്ടന്റെ സ്ഥിതി നിനക്കറിഞ്ഞൂടെ. അതുകൊണ്ടാ അവളെ ടൈപ്പിനു വിട്ടത്. അതും ആവൂല എന്നു വിചാരിച്ചാല്‍ എന്താ ചെയ്യേണ്ടത്?”
രാജശേഖരന് ഒന്നും മിണ്ടിയില്ല. പിന്നെയാണ് നേരിട്ട് കുട്ടികളുടെ വീട്ടില്‍ പോയി പറഞ്ഞാ മതിയായിരുന്നു എന്നുതോന്നിയത്. വേണ്ടതു വേണ്ടപ്പോള്‍ തോന്നില്ലല്ലോ. വിപിന്‍ അപ്പോള്‍ പത്തില്‍ പഠിക്കുകയായിരുന്നു. നല്ല മാര്‍ക്കുണ്ട്. ക്ലാസ്സില്‍ ഫസ്റ്റ്. ആധിപിടിച്ചു തലതിരിഞ്ഞുപോയി. മാര്‍ക്കും കുറഞ്ഞു. ഫിറോസും സലിമുമൊക്കെ പാര്‍ട്ടി ജാഥയിലും റാലിയിലുമൊക്കെ തുള്ളിക്കളിച്ചു. പിന്നെ രാഘവേട്ടന് ജാഥയ്ക്കും സിന്ദാബാദിനുമൊക്കെ പോകാതായി. വിപിന്‍ ഏതോ ആര്‍എസ്എസ് ശാഖയില്‍ പോയി എന്നോ, പോകുന്നുണ്ട് എന്നോ കേട്ടു. വൈകുന്നേരം സൈക്കിളില്‍ വരുന്ന സമയത്ത് രുഗ്മിണി എന്നുപേരുള്ള വേറൊരു കുട്ടീന്റടുത്തും എന്തോ തെമ്മാടിത്തരം പറഞ്ഞുനോക്കി. അപ്പോഴാണ് കിട്ടിയത്. മൂന്നും നാടുവിട്ടു. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നു ആര്‍എസ്എസുകാര്‍ എന്നും, ആര്‍എസ്എസ് അക്രമം എന്നുമൊക്കെ കുറെ നോട്ടീസ് പാര്‍ട്ടിയുടെ വകയില്‍ അച്ചടിച്ചു ചുവരിലെല്ലാം ഒട്ടിച്ചു. പിന്നെ ശാഖയില്‍ പോകുന്ന കുട്ടികളെ വഴിയില്‍വച്ചു തല്ലി. വിപിനും തല്ലു കിട്ടി. ആരോ പറഞ്ഞിട്ട് ഐടിഐയില്‍ ചേര്‍ന്നിട്ട് ഫിറ്റര്‍ പണി പഠിച്ചു. പോളിയില്‍ കിട്ടിയതായിരുന്നു. പൈസ വേണ്ടെ? അമ്മാമന്മാരും സഹായിച്ചില്ല. കൂടുതല്‍ മുട്ടുകുത്തിയാല്‍ എന്തെങ്കിലും സഹായിക്കുമായിരുന്നു. അവന് ആരുടെ അടുത്തും അത്ര മുട്ടുകുത്താനൊന്നും പോയില്ല.
വിപിന്‍ നല്ല ചെക്കനായിരുന്നു. ധാരാളം വായിക്കും. നല്ല ചിത്രം വരയ്ക്കും. പാട്ടു പാടും. ചെസ്സും വോളിബോളുമൊക്കെ കളിക്കും. കുറച്ചുനാള്‍ ഗുരുജിയുടെയും ഹെഡ്ഗേവാറിന്റെയും വിവേകാനന്ദന്റെയുമൊക്കെ ചിത്രം വരയ്ക്കാന്‍ പോയി. പൈസയും എന്തോ കിട്ടിയിരുന്നു എന്നുതോന്നുന്നു. അതുകൊണ്ടാണ് അവന് നോട്ടപ്പുള്ളിയായത്. എന്നാലും ആരും അത്രയ്ക്ക് വിചാരിച്ചില്ല. രാജശേഖരന് ഇങ്ങനെയൊരു കാര്യം ചെയ്യിക്കും എന്നും ആരും വിചാരിച്ചില്ല. എന്തായാലും വിപിനും നമ്മുടെ കുട്ടിയല്ലെ. മാധവിയേട്ടിയുടെ കരച്ചില് കണ്ടൂടാ. എന്നെയും കൊല്ല്, എന്നെയും കൊല്ല് എന്നുപറഞ്ഞ്. കുറച്ചുനാള്‍ അവിടെയിവിടെയൊക്കെ ഭ്രാന്തുപിടിച്ച് ഓടി. രാജശേഖരന്റെ വീട്ടില്‍പോയി തലയിട്ടടിച്ചു. ഒരു കൊല്ലത്തിനിടയ്ക്ക് ചാവുകയും ചെയ്തു. എത്ര നല്ല സ്ത്രീയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ചുറുചുറുക്കുള്ള സ്ത്രീ. രാഘവേട്ടനും ഏറെ നിന്നില്ല. സരിതയെ ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോയി എന്നോ, അവര്‍ കോയമ്പത്തൂരിലാണ് എന്നൊക്കെ പറയുന്നത് കേട്ടു. ആ വീട്ടിലിപ്പോ ആരും ഇല്ല. വളപ്പില്‍ വിപിന്റെ പേരുള്ള ഒരു ശവകുടീരം മാത്രമുണ്ട്. അടുത്തുതന്നെ മാധവിയേട്ടിയേയും രാഘവേട്ടനെയും വച്ച തറയും.
രാജശേഖരന്റെ കാലക്കേട് വിപിന്റെ മരണത്തോടെ ആരംഭിച്ചുവെന്ന് പറഞ്ഞില്ലെ. എല്ലാവരുടെയും ഭാര്യമാര്‍ക്കും പെങ്ങന്മാര്ക്കും അളിയന്മാര്ക്കും ജോലികൊടുക്കാനുള്ള വേക്കന്സിയുണ്ടാകുന്നുണ്ടോ സഹകരണബാങ്കിലും സ്റ്റോറിലും ആശുപത്രിയിലുമൊക്കെ. നേതാക്കന്മാരുടെ മക്കളും ബന്ധുക്കളുടെ മക്കളും നഴ്സിങ്ങും ലാബ്ടെക്നീഷ്യന്‍ ട്രെയിനിങ്ങും കോപ്പറേറ്റീവ് ട്രെയിനിങ്ങുമൊക്കെ പഠിച്ചുവരാന്‍ തുടങ്ങിയില്ലേ. അപ്പോ ആക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്കും, പിടികൊടുത്തു ജയിലില്‍ കഴിയുന്നവരുടെ ആശ്രിതര്ക്കുമൊക്കെ കൊടുക്കാന്‍ പണിയെവിടെയാ ഉള്ളത്? അതായിരുന്നു നേതാക്കന്മാരും രാജനുമായുള്ള ഉരസലിന്റെ തുടക്കം. എങ്കില്‍പ്പിന്നെ സ്വീപ്പര്‍, അറ്റന്‍ഡര്‍, പ്യൂണ്‍ പണിയെങ്കിലും അവര്‍ക്കായി മാറ്റിവയ്ക്കാന്‍ പറഞ്ഞാല്‍ ജില്ലാ കമ്മിറ്റി അതിനും തയ്യാറല്ല. എന്താ ചെയ്യുക. ജയിലില്‍ കിടക്കുന്നോന്റെ വീട്ടുകാര്‍ക്കും മക്കള്‍ക്കും ജീവിക്കണ്ടെ. പറഞ്ഞാല്‍ മനസ്സിലാകണ്ടെ. രാജന് എന്ന എനിക്കൊരാള്ക്കുവേണ്ടിയാണോ അവരീപ്പണിക്കിറങ്ങിയതും, ജയിലില്‍ പോയിക്കിടന്നതുമൊക്കെ. പാര്‍ട്ടിക്ക് വേണ്ടിയല്ലെ. ഇതൊക്കെ പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കണ്ടെ. കാര്യം പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളില്ലാന്നുവച്ചാല് എന്താ ചെയ്യുക. എനിക്ക് ഒരാള്ക്കുവേണ്ടിയിട്ടാണോ ഞാനിക്കാര്യം പറയുന്നത്? അപ്പോഴാണ് പാര്‍ട്ടിയിലെ ചിലര്‍ക്ക് വിപിനെയും രാഘവേട്ടനെയുമൊക്കെ ഓര്മ വന്നത്. നല്ല മാര്‍ക്കറ്റുള്ള ഒരു ശോക കഥ അവര്‍ അഭിനയിച്ചു. രാഘവേട്ടന്റെ ത്യാഗങ്ങള്‍ പുകഴ്ത്തി. രാഘവേട്ടന്റെ കുടുംബത്തിന്റെ പൂര്‍ണനാശത്തിനു കാരണക്കാരനായ രാജശേഖരന്, ആക്ഷന്‍ കമാന്റര്‍ രാജശേഖരന് ക്രമേണ അഹങ്കാരിയായി. അച്ചടക്കമില്ലാത്തവനായി, ക്രൂരനായി, അഴിമതിക്കാരനായി, പാര്‍ട്ടിയില്‍നിന്നും ഔട്ടായി.
ഇവിടെയാണ് പാര്‍ട്ടിക്ക് ഒരു ചെറിയ പാളിച്ച പറ്റിയത്. രാജശേഖരന് ആക്ഷന്‍ സ്ക്വാഡിനോട് കൂറുണ്ടായിരുന്നതുപോലെ ആക്ഷന്‍ സ്ക്വാഡിലെ ഒരുപാടുപേര്‍ക്കും നാട്ടുകാര്‍ക്കും രാജശേഖരനോടും കൂറുണ്ടായിരുന്നു. അവര്‍ രാജശേഖരന് പാര്‍ട്ടിയില്‍നിന്ന് പോയപ്പോള്‍ കൂടെപ്പോയി. അങ്ങനെയാണ് സ്പെഷല്‍ സ്ക്വാഡിനെ മംഗലാപുരത്തുനിന്നും പൂനെയില്‍നിന്നും ബെംഗളൂരുവില്നിന്നുമെല്ലാം ഇറക്കേണ്ടിവന്നത്. ആക്ഷന്‍ കമാന്റര്‍ രാജശേഖരന്റെ അദ്ധ്യായം തുടങ്ങിയേടത്തുവെച്ചു തന്നെ അവസാനിപ്പിക്കേണ്ടിവന്നതും.
എം.ആര്. ചന്ദ്രശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: