ന്യൂദല്‍ഹി: ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്ത നാല് സിറ്റിങ്ങ് ജനപ്രതിനിധികള്‍ കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളില്‍ വേഗം വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന് അശ്വിനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജിയില്‍, സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറിമാരായ വിജയ് ഹന്‍സാരിയ, സ്നേഹ കലിത എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
കേരളത്തില്‍ ഇത്തരത്തില്‍ എംഎല്‍എമാരും പ്രതികളായ, മൊത്തം 310 കേസുകളാണ് ഉള്ളത്. മുന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ 23 എണ്ണവും. ജീവപര്യന്തം തടവ് ലഭിക്കാവുന്നതടക്കമുള്ള മൊത്തം കേസുകളില്‍ യുപിയാണ് ഒന്നാമത്, 446 കേസുകള്‍. രണ്ടാമത് കേരളവും, 310 കേസുകള്‍. 24 കോടി ജനങ്ങളും 403 എംഎല്‍എമാരും 80 എംപിമാരുമുള്ള സംസ്ഥാനമാണ് യുപി. 20 എംപിമാരും 140 എംഎല്‍എമാരും മൂന്നരക്കോടി ജനങ്ങളും മാത്രമാണ് കേരളത്തില്‍.
രാജ്യത്തൊട്ടാകെ സിറ്റിങ്ങ്, മുന്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെട്ട 4442 ക്രിമിനല്‍ കേസുകളാണ് ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി ഉള്ളത്. ഇവയില്‍ 2556 ജനപ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 413 കേസുകള്‍ ജീവപര്യന്തം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതിനാണ്. ഇവയില്‍ 174 കേസുകളില്‍ സിറ്റിങ്ങ് ജനപ്രതിനിധികളാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: