ഇടുക്കി: ദിവസങ്ങളോളം തുടര്‍ന്ന അതിതീവ്ര മഴയാണ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായതെന്നും ഇനി ഇവിടെ ജനവാസ കേന്ദ്രങ്ങള്‍ പാടില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ). പെട്ടിമുടി അതീവ പരിസ്ഥിതി ലോല മേഖലയാണെന്നും അപകടസാധ്യത നിലനില്‍ക്കുന്ന ഇവിടങ്ങളിലെ അവശേഷിക്കുന്ന ലയങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്നും റവന്യൂ വകുപ്പിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഗസ്റ്റ് ആറിന് രാത്രി 10.30 ന് ശേഷം നടന്ന അപകടത്തിന് ശേഷം ഇത് സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിഎസ്ഐയുടേത്. നേരത്തെ തന്നെ അപകട കാരണം ശക്തമായ മഴയാണെന്നും സ്ഥലം അപകട മേഖലയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ജൂലൈ 30 മുതല്‍ ആഗസ്റ്റ് 10 സ്ഥലത്ത് ശക്തമായ മഴ തുടര്‍ന്നിരുന്നു. ഇതാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ദിവസവും ശരാശരി 24-26 സെ.മീ. മഴ പെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമുണ്ടായ ദിവസം പ്രദശത്ത് പെയ്തത് 24.26 സെന്റിമീറ്റര്‍ മഴയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പെയ്ത അതിതീവ്ര മഴയെത്തുടര്‍ന്ന് സ്ഥലത്തിന്റെ മുകള്‍തട്ട് ദുര്‍ബലമായി. ഈ പ്രദേശങ്ങള്‍ ഇതേത്തുടര്‍ന്ന് ഇടിയുകയായിരുന്നു. വലിയ പാറക്കല്ലുകളും വന്മരങ്ങളും ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് എത്തി.
അര നൂറ്റാണ്ടോളമായി സ്ഥലത്ത് താമസിക്കുന്നവരാണ് അപകടത്തിന് ഇരയായ തൊഴിലാളികള്‍. ഈ കാലഘട്ടത്തിലൊന്നും ചെറിയ തോതില്‍ പോലും മണ്ണിടിയുകയോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്യാത്തതിനാല്‍ തൊഴിലാളികളും വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടാനിടയാക്കിയത്. മേഖലയില്‍ ഇതുവരെ നടത്തിയ പഠനങ്ങളെല്ലാം സ്ഥലം പരിസ്ഥിതി ദുര്‍ബലമാണെന്നും വ്യക്തമാക്കുന്നു. ദുരന്തമുണ്ടായ ലയങ്ങള്‍ ഇരിക്കുന്നത് ഒരു മലയുടെ താഴ്വാരത്താണ്. ഇവിടെ ദുരന്ത സാധ്യതയുള്ളതിനാല്‍ മേഖലയിലെ ലയങ്ങളെല്ലാം മാറ്റണം. സ്ഥലത്തൂടി ഒഴുന്ന പുഴയുടെ സമീപത്ത് യാതൊരുവിധത്തിലുമുള്ള നിര്‍മ്മാണങ്ങള്‍ പാടില്ല. ഉരുള്‍പൊട്ടി തകര്‍ന്ന ഇടമലക്കുടി റോഡ് വെള്ളം ഒഴികിപോകാനുള്ള സൗകര്യം ഒരുക്കി ഉയര്‍ത്തി നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ ഭരണകൂടം നല്കുന്ന വിവരമനുസരിച്ച് അപകടമുണ്ടായ സ്ഥലം ദുരന്തമേഖലയായി കണക്കാക്കിയിരുന്നില്ല. സമാനമായി തന്നെ ആയിരക്കണക്കിന് ലയങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളിലുള്ളതിനാല്‍ കൂട്ടത്തോടെയുള്ള മാറ്റിപാര്‍പ്പിക്കലും നടക്കില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശദമായ പഠനം നടത്തി അതീവ പ്രശ്ന മേഖലയിലെ ജനവാസം മഴക്കാലത്തെങ്കിലും ഒഴിവാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: