കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ കമറുദ്ദീന് നടത്തിയ തട്ടിപ്പുകള്‍ക്ക് കുടചൂടുന്ന നിലപാടാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റേതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. യുഡിഎഫ് ചെയര്മാന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത വ്യക്തിക്ക് എം എല്‍എ സ്ഥാനത്ത് തുടരാനെന്ത് അര്‍ഹതയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കണം.
നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കാന് കമറുദ്ദീന് 4 മാസത്തെ സാവകാശമാണ് നിക്ഷേപകരോട് ആവശ്യപ്പെട്ടതെങ്കില്‍ വിശാലമനസ്കരായ പാര്‍ട്ടി നേതൃത്വം അത് ആറ് മാസമാക്കി നീട്ടിനല്‍കി തട്ടിപ്പുകാര്‍ക്ക് ഒപ്പം ശക്തമായി നിലയുറപ്പിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുന്ന നിക്ഷേപകരെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനുമാണ് സാവകാശം നല്‍കലാണ് ലീഗിന്റെ ഈ നടപടിയെന്ന് സുവ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വത്തുവിവരങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും ഒരാളെ ചുമതലപ്പെടുത്തുമെന്നാണ് ലീഗിന്റെ നിലപാട്. കമറുദ്ദീന്റെ നേതൃത്വത്തില്‍ നടന്ന മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരസ്യപ്പെടുത്താന്‍ ലീഗ് നേതൃത്വം തയ്യാറാണോയെന്ന് വ്യക്തമാക്കണം. അല്ലാത്തപക്ഷം ലീഗ് നേതൃത്വത്തിനും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും കരുതേണ്ടി വരുമെന്ന് ശ്രീകാന്ത് പറഞ്ഞു.
സ്വര്‍ണ്ണാഭരണ വ്യാപാരത്തിന് എത്ര നിക്ഷേപകരില്‍ നിന്ന് എത്ര തുക സ്വരൂപിച്ചുവെന്ന് വെളിപ്പെടുത്താന്‍ കമറുദ്ദീന് തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും നിക്ഷേപം വകമാറ്റി ദേശവിരുദ്ധപ്രവര്ത്തനങ്ങള്ക്കുള്പ്പെടെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതെന്നും അഡ്വ.കെ. ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിലെ തീരുമാനം സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എയുടെ തട്ടിപ്പിനുള്ള അംഗീകാരമാണ്. കമറുദ്ദീന് എംഎല്‍എ സ്ഥാനം രാജിവെക്കുക, അറസ്റ്റും, സമഗ്ര അന്വേഷണം എന്നിവ ആവശ്യപ്പെട്ടുള്ള ബിജെപിയുടെ പ്രക്ഷോഭം തുടരുമെന്ന് ശ്രീകാന്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: