കോഴിക്കോട്: സെപ്തംബര്‍ 14 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെ സംസ്ഥാന വ്യാപകമായി ബിജെപിയുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനമാണ്. ഇതിന്റെ ഭാഗമായി 14 മുതല്‍ 20 വരെ സേവാ സപ്താഹമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍, കൊവിഡ് ബാധിതര്‍, ദിവ്യാംഗര്‍ തുടങ്ങി ഓരോ ജില്ലയിലും 70 പേര്‍ക്ക് ആവശ്യമായ സഹായം നല്‍കും.
സേവാ സപ്താഹിന്റെ ഉദ്ഘാടനം 14ന് 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കും. ഒരു ജില്ലയില്‍ 70 കേന്ദ്രങ്ങളില്‍ സ്വച്ഛ്ഭാരത് നടത്തി പരിപാടി ആരംഭിക്കും. 15നും 16നും വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 17ന് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍, ആറു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ചിത്രപ്രദര്‍ശനം സമൂഹമാധ്യമങ്ങള്‍ വഴി സംഘടിപ്പിക്കും.
അന്ന് ഓരോ ജില്ലയിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കല, കായിക രംഗങ്ങളിലെ 70 പ്രമുഖരെ നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിക്കും. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും ജനക്ഷേമപദ്ധതികളെക്കുറിച്ചും ഇവരുമായി ആശയ വിനിമയം നടത്തും. ഓരോ പഞ്ചായത്തിലും 70 ദിവ്യാംഗര്‍ക്ക് ആവശ്യമായ സഹായം നല്‍കും. കാഴ്ചക്കുറവുള്ള 70 പേര്‍ക്ക് കണ്ണട നല്‍കും. പിന്നാക്ക പ്രദേശങ്ങളിലെ 70 ആശുപത്രികളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍, ചികിത്സാ സാമഗ്രികള്‍ എന്നിവ ബിജെപി പ്രവര്‍ത്തകര്‍ സംഭാവന ചെയ്യും.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എഫ്എല്‍ടിസികള്‍ ഉള്‍പ്പെടെയുള്ള 70 ആശുപത്രികള്‍ക്ക് പ്ലാസ്മ നല്‍കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 70 കേന്ദ്രങ്ങളില്‍ രക്തദാനക്യാമ്പ് നടത്തും. 18നും 19നും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആഘോഷപരിപാടികള്‍ നടക്കും. ഓരോ വാര്‍ഡിലും 70 വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കും. 70 ആരോഗ്യ പ്രവര്‍ത്തകരെയും 70 വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉന്നതവിജയം നേടിയ 70 വിദ്യാര്‍ഥികളെയും ആദരിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന 70 കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും നല്‍കും. സംസ്ഥാനത്താകെ 25,000 കേന്ദ്രങ്ങളിലാണ് ഈ പരിപാടികള്‍ നടക്കുക.
25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചരണവാരമായി ആചരിക്കും. 25ന് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില് 25,000 കേന്ദ്രങ്ങളില്‍ ദീനദയാല്‍ജി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഹാത്മാഗാന്ധി അനുസ്മരണം നടത്തും.
ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന, ഗാന്ധിയന്മാര്, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരെ ആദരിക്കല്‍, ഖാദിയൂണിറ്റുകള് സന്ദര്‍ശിച്ച് ഖാദി പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിക്കും. പ്രചരണവാരത്തിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട പദ്ധതികള്‍, വിവിധ ക്ഷേമപദ്ധതികള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജില്ലാ ജനറല്‍ സെക്രട്ടി എം. മോഹനന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: