ജീവിക്കുക എന്നാല്‍ ഓര്‍മ്മിക്കുക എന്നാണ്; ഓര്‍മ്മിക്കുക എന്നുപറഞ്ഞാല്‍ ഓര്‍ത്തുപറയുക എന്നാണ്- ഗബ്രിയേല്‍ ഗാര്‍സ്യാ മര്ക്കേസ് Vivir Para Contar എന്ന തന്റെ ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മറ്റനേകം വ്യഗ്രതകള്‍ക്കിടയിലും ജീവിതം ഓര്‍മ്മിക്കലും ഓര്ത്തുപറയലുമാണ്. ഓര്‍മ്മകള്‍ വിവേചനപര(Selective)മായിരിക്കും. അസുഖകരമായതിന്റെ അരിച്ചുമാറ്റല്‍ ഓര്‍മ്മയുടെ കാര്യത്തിലുണ്ട്. വ്യക്തി തന്റെ ജീവിതമെഴുതുന്ന ആത്മകഥയുടെ അടുത്ത് വസ്തുനിഷ്ഠതയുടെ അളവുകോലുമായി ചെല്ലാന്‍ പാടില്ല. വ്യക്തി തന്റെ ചുറ്റുപാടുകളെക്കുറിച്ചെഴുതുമ്പോള് സമകാലിക ചരിത്രമുണ്ടാകും. തന്റെ സാന്നിധ്യമോ പങ്കാളിത്തമോ ഇല്ലാത്ത ഭൂതകാലത്തെക്കുറിച്ചു പറയുന്നത് ചരിത്രരചനയാണ്. ചരിത്രരചനയില്‍ വ്യക്തിനിഷ്ഠതയെക്കാള് വസ്തുനിഷ്ഠതയ്ക്കു മുന്‍തൂക്കമുണ്ടാകും; മുന്‍തൂക്കം ഉണ്ടാകണം. അപ്പോഴും ചരിത്രം വെറുതെ വിഴുങ്ങാനുള്ളതല്ല. രുചിച്ചുനോക്കിവേണം ഉള്ളിലേക്കെടുക്കാന്‍. വ്യക്തിയുടെ ആഭിമുഖ്യങ്ങള്‍ ആവുന്നത്ര ഒഴിവാക്കിയത് എന്നേ വസ്തുനിഷ്ഠതയ്ക്ക് അര്‍ത്ഥമെടുക്കേണ്ടതുള്ളൂ. നിഷ്പക്ഷത എന്നൊരു പക്ഷമുണ്ടോ എന്നത് തര്‍ക്കവിഷയം തന്നെയാണ്. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന…..’ രീതിയിലുള്ള നിഷ്പക്ഷത കണ്ട ശീലം നമുക്കുണ്ട്. ചെന്നായ്ക്കും കുഞ്ഞാടിനും ഒരേ നീതി വിളമ്പുന്ന നിഷ്പക്ഷതയെ കവി തള്ളിപ്പറയുന്നത് വായിച്ചിട്ടില്ലേ?
ചരിത്രം തീറെഴുതി വാങ്ങാന്‍, പൂര്‍ണ്ണാധികാരത്തോടുകൂടി കൈവശം വയ്ക്കാനും കൈമാറാനുമുള്ള അവകാശത്തിനായി ശ്രമിക്കുന്ന ഏകാധിപത്യങ്ങളും സങ്കുചിത താത്പര്യങ്ങളും എക്കാലത്തും ഉണ്ടാവും. അവര്‍ പുതിയ ചരിത്രമെഴുത്തുപള്ളിക്കൂടങ്ങള് സ്ഥാപിച്ചെന്നുമിരിക്കും. ഇതൊക്കെ മനസ്സിലാക്കിയാണ് ജോര്‍ജ് ഓര്‍വെല്‍ 1984 എന്ന നോവല്‍ എഴുതിയത്. അതില്‍ അദ്ദേഹം കുറിച്ചു: Who controls the past, controls the future; who controls the present controls the past. അധികാരമുള്ളവര്‍ക്കാണ് ഇതു സാധിക്കുക. അധികാരം രാഷ്ട്രീയാധികാരമാവാം, മൂലധനാധികാരവുമാകാം. രണ്ടും ഒന്നിക്കുമ്പോള്‍ കൂടുതല്‍ ഭയക്കണം. വര്‍ത്തമാനകാലത്തെ, ശക്തികൊണ്ടും കൗശലംകൊണ്ടും വരുതിയിലാക്കി, ഭാവിയെ ചൊല്‍പ്പടിയിലാക്കാന്‍ ആഭിചാരകര്‍മ്മങ്ങള്‍ ചുറ്റും നടക്കുമ്പോള്‍ ജോര്‍ജ് ഓര്‍വെല്ലിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ!
എഴുതപ്പെട്ട ചരിത്രം വീണ്ടുമെഴുതേണ്ടതുണ്ട്, തിരുത്തി എഴുതേണ്ടതുമുണ്ട്. നിലവിലുള്ള ചരിത്രമെല്ലാംതന്നെ ഉടമയുടെ ചരിത്രമാണല്ലോ. We may have to ‘right’ the history and then ‘write’ the history. പക്ഷേ, പുനര്‍വായനകളിലും പുനരെഴുത്തുകളിലും നിലനില്‍പ്പിന് അര്‍ഹതയുള്ള സത്യങ്ങളെ തമസ്ക്കരിക്കരുത് എന്ന നിഷ്ഠ വേണം. എല്ലാവര്ക്കും അവരര്‍ഹിക്കുന്ന ഇടം കിട്ടുന്ന ചരിത്രത്തിന്റെ ജനാധിപത്യവത്കരണം ആശിക്കാവുന്ന ഒരവസ്ഥയാണ്. വേണമെന്നുവച്ചാല്‍ ചക്ക വേരിലും കായ്ക്കുമല്ലോ. ഗാന്ധിജിയെത്തന്നെ മൂലയിലേക്കു തള്ളിമാറ്റിക്കൊണ്ട് പുതിയ ചരിത്രനായകരും പുത്തന്‍ സ്വാതന്ത്ര്യസമരകഥകളും പിറവിയെടുക്കുന്നതു കാണുന്നതിനാലാണ് ഞാനിതൊക്കെ പറഞ്ഞുപോകുന്നത്. ‘ഗാന്ധിയായി വേഷംകെട്ടാന്‍ വളരെ എളുപ്പം; കെട്ടിയ വേഷങ്ങള്‍ അഴിച്ചുകളഞ്ഞാല്‍ മതി’ എന്ന് കവി കല്‍പ്പറ്റ നാരായണന് പറഞ്ഞിരുന്നു. വേഷങ്ങളുടെ അണിയലും അഴിക്കലും തകൃതിയായി നടക്കുന്നുണ്ട്, നമ്മുടെ പരിസരങ്ങളില്‍.
നവോത്ഥാനകേരളത്തിന്റെ ചരിത്രമെഴുതുന്നവരുടെ നോട്ടം ഇതുവരെ 100 കൊല്ലം പിറകോട്ട് എത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ നാടിന്റെ നവോത്ഥാനത്തിന് ക്രൈസ്തവമിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ പരാമര്‍ശം ആരു നല്കുന്നു? ഒരുദാഹരണം പറയട്ടെ: മേരിറോയ് കേസിന്റെ വിധി വന്നത് 1986-ല്‍ ആണ്. ആണ്മക്കള്ക്കും പെണ്മക്കള്ക്കും പിതൃസ്വത്തില് തുല്യാവകാശം നല്കുന്ന ചരിത്രവിധിയാണ് അന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. എന്നാല്‍ 1599-ല്‍ നടന്ന ഉദയം പേരൂര്‍ സൂനഹദോസിലെ 16-ാം കാനോനായില്‍ പെണ്മക്കളുടെ തുല്യാവകാശം നിയമമാക്കി. മറ്റനേകം അനാചാരങ്ങളെയും നിരോധിക്കുകയുണ്ടായി. നവോത്ഥാനചരിത്രമെഴുതുന്നവര് ഇക്കാര്യം കണ്ടമട്ടില്ല. (അനഭിലഷണീയമായ ചില തീരുമാനങ്ങളും ഉദയംപേരൂര്‍ സൂനഹദോസില്‍ ഉണ്ടായി എന്നത് വിസ്മരിക്കുന്നില്ല).
മലബാര്‍കലാപത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2021. അതിനു മുന്നൊരുക്കമെന്നോണം മലബാര്‍കലാപത്തിന്റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. (അതിലെ യാദൃച്ഛികതയുടെ കൗതുകം ബാക്കി നില്ക്കുന്നു)! മൂന്നെണ്ണം വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സൂര്യതേജസ്സായും ഒരെണ്ണം ഹിന്ദുകൂട്ടക്കൊലയുടെ കാരണക്കാരനായും അവതരിപ്പിക്കാനാണു പോകുന്നതെന്നു തോന്നുന്നു. വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്ക്കെല്ലാം പിറകില്‍ ‘ഷാഡോ പ്രൊഡ്യൂസേഴ്സ്’ ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ട്.
മലബാര്‍കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ? കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതല്ലേ? മലബാര്‍കലാപം ജന്മിമാരുടെ ചൂഷണത്തിനെതിരേ ഒരു കര്‍ഷകമുന്നേറ്റമായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. കര്‍ഷകര്‍ മുസ്ലീങ്ങളും ജന്മിമാര് മിക്കവരും ഹിന്ദുക്കളും എന്ന വര്‍ഗ്ഗ വിഭജനം ഉണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രവും ചേര്‍ത്തുവായിക്കണം. വാരിയന്‍കുന്നത്ത് തുര്‍ക്കിയിലെ ഖിലാഫത്ത് പുനഃസ്ഥാപനത്തിനായി പടയ്ക്കിറങ്ങിയ ആളാണ്. ഖാലിഫേറ്റിനെ തോല്പ്പിച്ചില്ലാതാക്കിയത് ബ്രിട്ടീഷുകാരാണ്. ഖിലാഫത്തിനായുള്ള ഒരു ഐക്യനിര ബ്രിട്ടീഷുകാര്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വാരിയന്‍കുന്നത്തിനു സാധിച്ചു. ആ ഒറ്റ കാരണത്താല്‍ മലബാര്‍കലാപംഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവിക ഭാഗം എന്ന് എങ്ങനെ പറയാനൊക്കും? എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത്കാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉള്‍ക്കൊണ്ടത്. അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ മലബാര്‍കലാപം അക്രമാസക്തമായപ്പോള്‍ സ്വാതന്ത്ര്യസമരത്തോടുള്ള അതിന്റെ ബന്ധവും ഫലത്തില്‍ ഇല്ലാതാവുന്നുണ്ട്. മലബാറിലെ കര്‍ഷകരുടെ സമരത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാന്‍ സാധുവായ മറ്റെന്തെല്ലാം കാരണങ്ങളുണ്ട്. ബോധ്യപ്പെടുംവിധം തെളിവുകള്‍ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അതിനുമുമ്പ് വാരിയന്‍കുന്നത്തെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ? ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ല. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന ആനമക്കാരുടെ മകള്‍ കുഞ്ഞുപാത്തുമ്മാ പറയുന്ന ‘സത്യം’ ‘അതു കുയ്യാനേര്‍ന്ന്’ എന്ന പറച്ചിലില്‍ ഒടുങ്ങിത്തീര്‍ന്നുപോകരുതല്ലോ.
സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല, രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നൊരു വാദഗതിയുണ്ടല്ലോ. ചലിക്കുന്ന ചിത്രം നടന്നസംഭവമായി സ്വീകരിക്കുന്ന ഒരു ജനമനസ്സ് നാട്ടിലുണ്ടെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അപ്പോള്‍ സൂക്ഷിച്ചുവേണം ചരിത്രസിനിമകള്‍ ചിത്രീകരിക്കേണ്ടത്. മറുപക്ഷത്തിനും മേല്പ്പറഞ്ഞതൊക്കെ ബാധകമാണ്.
ദൂരെ ദൂരെ നിന്നുവരുന്ന ചരിത്രനദിയെ ഒരു പ്രത്യേകസ്ഥാനത്തുവച്ച് തടയണകെട്ടി തങ്ങള്‍ക്കു ഗുണകരമായിടത്തേക്കെത്തിച്ച ശേഷം അവിടെ നിന്നാണ് നദി ഉത്ഭവിക്കുന്നതെന്ന രീതിയില്‍ ചരിത്രം പറയുന്ന വിചിത്രമായ കാഴ്ച ഹാഗിയാ സോഫിയായുടെ ‘രൂപമാറ്റ’ത്തില്‍ കാണാം. ഇത് ശരിക്കുള്ള ചരിത്രത്തിന്റെ ഹൈജാക്കിങ് ആണ്. എ.ഡി. 537-ല്‍ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയമാണ് തുര്‍ക്കിയിലെ ഹാഗിയാ സോഫിയാ ദേവാലയം. ആയിരത്തോളം വര്‍ഷം അത് ക്രൈസ്തവരുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമായിരുന്നു. ഓട്ടോമന്‍ പടയോട്ടത്തില്‍ 1567ല്‍ മുസ്ലീങ്ങള്‍ അതുപിടിച്ചടക്കി മോസ്ക്ക് ആക്കി. 1923 വരെ അത് മോസ്ക്ക് ആയിരുന്നു. ഖലീഫേറ്റിന്റെ അവസാനംകുറിച്ച കെമാല്‍പാഷ ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി. ഇപ്പോള്‍ തുര്‍ക്കിയിലെ ഏകാധിപതിയായ എര്ദോഗന് മ്യൂസിയത്തെ മോസ്ക്കാക്കി ആരാധന തുടങ്ങിയിരിക്കുന്നു. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും ഇതിനെതിരേ പ്രതിഷേധമുയരുന്നുണ്ട്.
ഇക്കാലംവരെ സെക്കുലര്‍ വേഷമണിഞ്ഞ ചന്ദ്രിക ദിനപ്പത്രം ഇതിനെക്കുറിച്ച് എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട് ഇപ്രകാരമാണ്: ‘ഹാഗിയാ സോഫിയയിലെ ബാങ്കുവിളിയില്‍ ആര്‍ക്കാണ് അരിശം?’ തൊട്ടടുത്ത ദിവസമൊന്നില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയില്‍ത്തന്നെ എര്‍ദോഗനെ ‘ലോകത്തിന്റെ വിവിധകോണുകളില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലീങ്ങള്‍ക്കുവേണ്ടി അന്തര്‍ദേശീയവേദികളില്‍ ശബ്ദമുയര്‍ത്തുന്ന’ ആളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഹാഗിയാ സോഫിയ മോസ്ക്ക് ആക്കിയതിനെതിരേയുള്ള പ്രതിഷേധം വ്യാജസെക്കുലറിസമാണ് എന്ന് അദ്ദേഹം പറയുന്നു. ഹാഗിയാസോഫിയയുടെ ചരിത്രം തുടങ്ങുന്നത് 1453-ലാണെന്ന രീതിയിലാണ് ശിഹാബ് തങ്ങള്‍ ചരിത്രവാദങ്ങള്‍ പറയുന്നത്. ചരിത്രത്തിന്റെ ന്യൂനീകരണമാണ് അദ്ദേഹം നടത്തുന്നത്. ഇത്തരമൊരു വാദഗതി ബാബറിമസ്ജിദിനെക്കുറിച്ച് ഉന്നയിച്ചാല്‍ എങ്ങനെയിരിക്കും? കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇക്കാലംവരെ തീവ്രവാദികളെന്നുപറഞ്ഞ് പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതല്‍ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം.
ഇത്രയുംനാളത്തെ സ്വന്തം ചരിത്രത്തിന്റെ തള്ളിപ്പറയല്‍ ഇവിടെ ഉണ്ട്. ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്. ഇവര്‍ക്കെല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ പ്രത്യക്ഷത്തില്‍ അഭിപ്രായവ്യത്യാസമുള്ളപ്പോഴും, ഇവര്‍ക്കും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ പരസ്പരസഹായത്തിന്റെ ‘സജീവമായ ഒരു അന്തര്‍ധാര’ നിലനില്ക്കുന്നുവെന്നു കരുതേണ്ടിവരുന്നു! മാടപ്രാവിന്റെ വിശുദ്ധിയും സര്‍പ്പത്തിന്റെ വിവേകവും കൂടുതലളവില്‍ വേണ്ടിവന്നിരിക്കുന്നു എന്നാണ് കാലസൂചനകള്‍ പറഞ്ഞുതരുന്നത്.
ബിഷപ്പ് ഡോ. ജോസഫ് കരിയില്‍
(ചെയര്മാന്, കെസിബിസി ജാഗ്രതാ കമ്മീഷന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: